ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുനരവലോകനം നടത്തും

ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുനരവലോകനം നടത്തും

ഈ സര്‍ക്കാരിന്റെ കാലയളവില്‍ നിര്‍ദിഷ്ട ലയനം നടപ്പിലാകില്ല

ന്യൂഡെല്‍ഹി: പൊതു മേഖലയിലുള്ള മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തില്‍ പുതിയ അവലോകനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ധനകാര്യ സേവന വകുപ്പിനോട് നിര്‍ദിഷ്ട ലയനം സംബന്ധിച്ച് പരിശോധന നടത്താനും പുതിയ രൂപരേഖ തയാറാക്കാനും ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പപബ്ലിക് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിടുക്കത്തില്‍ ലയനവുമായി മുന്നോട്ടുപോകുന്നതിനു മുമ്പ് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ യെ ലയന പദ്ധതി സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് പരിഗണിക്കുന്നതായാണ് അറിയുന്നത്. ഇവൈ യോട് സമഗ്രമായ പരിശോധന നടത്താന്‍ ധനകാര്യ സേവന മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ
നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണ വേളയിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ ലയനം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ലയന സംരംഭം തുടര്‍ന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതിയും ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. പൊതുമേഖലയിലാകെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ പ്രഖ്യാപനവും ഉണ്ടായത്. എന്നാല്‍ മൂലധന അപര്യാപ്തത ലയന പ്രക്രിയകള്‍ക്ക് തടസം സൃഷ്ടിക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്നത്. 80,000 കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാനുള്ള ഈ വര്‍ഷത്തെ ബജറ്റ് ലക്ഷ്യം. നിലവില്‍ ഇതു നേടാനുള്ള സാധ്യത ദുര്‍ബലമാകുകയാണ്. അതേസമയം മൂന്ന് പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച പദ്ധതി സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനമാണ് ഈ ഘട്ടത്തില്‍ നടപ്പാക്കുന്നത്.

Comments

comments

Categories: Business & Economy

Related Articles