ഇന്ത്യന്‍ വാഹന വ്യവസായം കാത്തിരിക്കുന്നത് എട്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ഇന്ത്യന്‍ വാഹന വ്യവസായം കാത്തിരിക്കുന്നത് എട്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

2023 ഓടെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 8-10 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമെത്തുമെന്ന് ഘന വ്യവസായ മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകന റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ഓട്ടോ മേഖലയില്‍ 2023 ഓടെ 8-10 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനകത്തും പുറത്തുനിന്നുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്. 2000 ഏപ്രില്‍ മാസത്തിനും 2016 ഡിസംബറിനുമിടയില്‍ ഇന്ത്യന്‍ വാഹന വ്യവസായം 16.5 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ചിരുന്നു.

2018 കടന്നുപോകുമ്പോള്‍ വര്‍ഷാന്ത്യ അവലോകനം നടത്തിയ ഘന വ്യവസായ മന്ത്രാലയമാണ് ഇന്ത്യന്‍ ഓട്ടോ മേഖലയില്‍ വരാന്‍ പോകുന്ന നിക്ഷേപം സംബന്ധിച്ച് കണക്കുകൂട്ടിയത്. പുരോഗമനപരമായ നയങ്ങളുടെയും ദേശീയ സാമ്പത്തിക വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ എങ്ങനെ വ്യാവസായിക നേട്ടം കൊയ്യാമെന്നതിന്റെ ഉദാഹരണമാണ് 1990 കളുടെ തുടക്കം മുതല്‍ക്കുള്ള ഇന്ത്യയിലെ വ്യാവസായിക വളര്‍ച്ചയെന്ന് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ഓട്ടോമോട്ടീവ് കമ്പനികളുടെ പരിചയ സമ്പന്നത, വലുപ്പം, വൈദഗ്ധ്യം എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന ആഭ്യന്തര ആവശ്യകതയും ചേരുമ്പോള്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന് ആഗോളതലത്തില്‍, കുറഞ്ഞപക്ഷം വളര്‍ന്നുവരുന്ന വിപണികളില്‍, നേതൃസ്ഥാനം അലങ്കരിക്കാന്‍ കഴിയുമെന്ന് വര്‍ഷാന്ത്യ അവലോകന റിപ്പോര്‍ട്ട് പ്രത്യാശിക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.1 ശതമാനം സംഭാവന ചെയ്യുന്നത് ഓട്ടോ മേഖലയാണെന്ന് ഓര്‍ക്കുന്ന അവലോകന റിപ്പോര്‍ട്ട്, വാഹന വ്യവസായം പ്രത്യക്ഷമായും പരോക്ഷമായും 3.20 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതായി എടുത്തുപറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെയും ഓട്ടോ മേഖലയുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ ‘ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2016-26’ ല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2026 ഓടെ വാഹനങ്ങളുടെയും വാഹനഘടകങ്ങളുടെയും എന്‍ജിനീയറിംഗ്, ഉല്‍പ്പാദനം, കയറ്റുമതി എന്നീ മേഖലകളില്‍ ചൈന, യുഎസ് രാജ്യങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ മൂന്നാമതായി ഇടംപിടിക്കുമെന്ന് ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2016-26 വിഭാവനം ചെയ്യുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന, മൂന്നുചക്ര വാഹന, ട്രാക്റ്റര്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. ആകെ വാഹനങ്ങളുടെ കാര്യത്തില്‍, ലോകത്തെ അഞ്ചാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളാണ് ഇന്ത്യ.

Comments

comments

Categories: Auto
Tags: Indian auto