സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചത് 5000 കോടിക്ക് മുകളില്‍

സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചത് 5000 കോടിക്ക് മുകളില്‍

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും പ്രചാരണങ്ങള്‍ക്കായുള്ള ചെലവിടല്‍ വര്‍ധിച്ചുവരികയായിരുന്നു

ന്യൂഡെല്‍ഹി: 2014 മുതല്‍ 2018 ഡിസംബര്‍ 7 വരെയുള്ള കാലയളവില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചത് 5245.73 കോടി രൂപയിലധികം രൂപ. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ&ബി) മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോറാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചത്. വ്യത്യസ്ത മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി പ്രചാരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ഐ&ബി മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മുഖേനയാണ്.

പദ്ധതി നടപ്പാക്കുന്ന മന്ത്രാലയവുമായി കൂടിയാലോചിച്ച് ഗുണഭോക്താക്കളാകുന്ന ജനവിഭാഗത്തെയും ബജറ്റിനെയും കണക്കിലെടുത്താണ് പ്രചാരണങ്ങള്‍ നടപ്പാക്കിയിട്ടുള്ളതെന്ന് റാത്തോര്‍ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഏറ്റവുമധികം സര്‍ക്കാര്‍ ചെലവിടല്‍ പ്രചാരണങ്ങള്‍ക്കായി നടത്തിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ്. 1313.57 കോടി രൂപയാണ് 2017-18ല്‍ ചെലവഴിച്ചത്. ഇതില്‍ 468.93 കോടി രൂപയുടെ ചെലവിടല്‍ ഇലക്ട്രോണിക്- ദൃശ്യ,ശ്രവ്യ മാധ്യങ്ങളിലായിരുന്നു. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 636.09 കോടി ചെലവഴിച്ചു. ഫഌക്‌സുകളും പോസ്റ്ററുകളും പോലുള്ള ഔട്ട്‌ഡോര്‍ പ്രചാരണത്തിന് 208. 55 കോടി മുടക്കി.

2014- 15ല്‍ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മുഖേനയുള്ള പ്രചാരണത്തിന് 979. 78 കോടി രൂപയുടെ ചെലവിടലാണ് നടത്തിയത്. ഇലക്ട്രോണിക്- ദൃശ്യ,ശ്രവ്യ മാധ്യങ്ങളില്‍ 473.67 കോടി രൂപയും അച്ചടി മാധ്യമങ്ങളില്‍ 424.84 കോടിയും ഔട്ട്‌ഡോര്‍ പ്രചാരണത്തിന് 81.27 കോടിയും ചെലവഴിച്ചു. 2015- 16ല്‍ മൊത്തം 1160.16 കോടി രൂപയുടെ ചെലവിടല്‍ നടത്തിയപ്പോള്‍ 508.22 കോടി അച്ചടി മാധ്യമങ്ങളിലും 531.60 കോടി ഇലക്ട്രോണിക്- ദൃശ്യ,ശ്രവ്യ മാധ്യങ്ങളിലും 120.34 കോടി ഔട്ട്‌ഡോര്‍ പ്രചാരണത്തിനും ചെലവഴിച്ചു.

2016- 17ല്‍ 1264 കോടി രൂപയുടെ പ്രചാരണമാണ് നടത്തിയത്. 468.53 കോടി അച്ചടി മാധ്യമങ്ങളിലും 609.14 കോടി ഇലക്ട്രോണിക്- ദൃശ്യ,ശ്രവ്യ മാധ്യങ്ങളിലും 186.59 കോടി ഔട്ട്‌ഡോര്‍ പ്രചാരണത്തിനും ചെലവിട്ടു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും പ്രചാരണങ്ങള്‍ക്കായുള്ള ചെലവിടല്‍ വര്‍ധിച്ചുവരികയായിരുന്നു. നടപ്പു സാമ്പത്തി വര്‍ഷം ഇതുവരെ 527.96 കോടി രൂപയുടെ ചെലവിടലാണ് നടത്തിയിട്ടുള്ളത്. ഇതില്‍ 244.32 കോടി രൂപയാണ് അച്ചടി മാധ്യമങ്ങളുടെ വിഹിതം. 229.25 കോടി ഇലക്ട്രോണിക്- ദൃശ്യ,ശ്രവ്യ മാധ്യങ്ങളിലെ പ്രചാരണത്തിനും 54.39 കോടി ഔട്ട്‌ഡോര്‍ പ്രചാരണത്തിനും ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ അച്ചടി മാധ്യങ്ങളിലെ പ്രചാരണത്തിന് സര്‍ക്കാര്‍ കൂടുതലായി ചെലവിടല്‍ നടത്തുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: FK News