സി-ക്ലാസ് പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ചു

സി-ക്ലാസ് പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 43.46 ലക്ഷം രൂപ; പുതിയ പെട്രോള്‍ എന്‍ജിന്‍ (1.5 ലിറ്റര്‍, 4 സിലിണ്ടര്‍) ലഭിച്ചു

ന്യൂഡെല്‍ഹി : ഈയിടെ പരിഷ്‌കരിച്ച മെഴ്‌സേഡീസ് ബെന്‍സ് സി-ക്ലാസിന്റെ പെട്രോള്‍ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രോഗ്രസീവ് എന്ന വേരിയന്റില്‍ മാത്രമായിരിക്കും പുതിയ സി-ക്ലാസ് പെട്രോള്‍ (സി 200) ലഭിക്കുന്നത്. 43.46 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പുതിയ പെട്രോള്‍ എന്‍ജിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 20 നാണ് സി-ക്ലാസ് സെഡാന്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരേ ഡീസല്‍ എന്‍ജിന്‍ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അന്ന് ലഭ്യമാക്കിയത്. സി 220ഡി വേരിയന്റില്‍ 194 എച്ച്പി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സി 300ഡി വേരിയന്റില്‍ 245 എച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത സി-ക്ലാസ് പെട്രോള്‍ വേര്‍ഷനിലെ ഏറ്റവും വലിയ മാറ്റം. പുതിയ എന്‍ജിന്‍ 5,800-6,100 ആര്‍പിഎമ്മില്‍ 181 ബിഎച്ച്പി കരുത്തും 3,000-4,000 ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. ടോര്‍ക്ക് ഫില്‍ ഫംഗ്ഷനായി 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍ ഉള്‍പ്പെടുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമാണ് കൂടെ നല്‍കിയിരിക്കുന്നത്. ആക്‌സലറേഷന്‍ സമയത്ത് 16 ബിഎച്ച്പി വരെ അധികം കരുത്തും 160 എന്‍എം അധികം ടോര്‍ക്കും ലഭിക്കുന്നതിന് ‘ഇക്യു ബൂസ്റ്റ്’ ഫംഗ്ഷന്‍ സഹായിക്കും. ബെല്‍റ്റ് ഡ്രൈവ് സ്റ്റാര്‍ട്ടര്‍-ജനറേറ്ററിലൂടെ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ സി 200 പ്രോഗ്രസീവ് വേരിയന്റിന് 7.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 239 കിലോമീറ്ററാണ് ടോപ് സ്പീഡ്.

കാഴ്ച്ചയിലും ഫീച്ചറുകളുടെ കാര്യത്തിലും സി 220ഡി പ്രോഗ്രസീവ് ഡീസല്‍ പതിപ്പും സി 200 പ്രോഗ്രസീവ് പെട്രോള്‍ പതിപ്പും സമാനമാണ്. ഇരട്ട ക്രോം അഴികളുള്ള ഗ്രില്‍, എല്‍ഇഡി ഹൈ-പെര്‍ഫോമന്‍സ് ഹെഡ്‌ലാംപുകള്‍, പനോരമിക് സണ്‍റൂഫ്, ട്വിന്‍-5 സ്‌പോക് അലോയ് വീലുകള്‍, 10.25 ഇഞ്ച് കമാന്‍ഡ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് വഴി ഡിവൈസ് കണക്റ്റ് ചെയ്യുന്നതിന് എന്‍ജിടി 5.5 സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സിസ്റ്റം, ന്യൂ-ജെന്‍ ടെലിമാറ്റിക്‌സ്, ഓള്‍-ബ്ലാക്ക് കാബിന്‍ ട്രീറ്റ്‌മെന്റ്, 64 നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിംഗ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ സി 200 പ്രോഗ്രസീവ് വേരിയന്റില്‍ നല്‍കിയിരിക്കുന്നു.

സി 220ഡി പ്രൈം (40.00 ലക്ഷം രൂപ), സി 220ഡി പ്രോഗ്രസീവ് (44.25 ലക്ഷം രൂപ), സി 300ഡി (48.50 ലക്ഷം രൂപ), സി300 കാബ്രിയൊലേ (65.25 ലക്ഷം രൂപ), സി 200 പ്രോഗ്രസീവ് (43.46 ലക്ഷം രൂപ) എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയിലെ സി-ക്ലാസ് വേരിയന്റുകള്‍. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി എ4, വോള്‍വോ എസ്60, ജാഗ്വാര്‍ എക്‌സ്ഇ എന്നിവയാണ് മെഴ്‌സേഡീസ് ബെന്‍സ് സി-ക്ലാസിന്റെ എതിരാളികള്‍. സി-ക്ലാസ് പെട്രോള്‍ വേരിയന്റ് പുറത്തിറക്കിയതായി മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കാര്‍ വില്‍പ്പനയ്‌ക്കെത്തിയതായി ഡീലര്‍മാര്‍ അറിയിച്ചു. ജനുവരി തുടക്കത്തില്‍ ഡെലിവറി ആരംഭിക്കും.

Comments

comments

Categories: Auto
Tags: Benz C class