പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു പിടിച്ചത് ഇരട്ടി നിഷ്‌ക്രിയാസ്തി

പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു പിടിച്ചത് ഇരട്ടി നിഷ്‌ക്രിയാസ്തി

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ തിരികെ പിടിച്ച നിഷ്‌ക്രിയാസ്തി 60,713 കോടി രൂപ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസം വരെയുള്ള ആദ്യ പകുതിയില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 60,713 കോടി രൂപയുടെ നിഷ്‌ക്രിയാസ്തി വീണ്ടെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ പിടിച്ചെടുത്ത കിട്ടാക്കടത്തേക്കാള്‍ ഇരട്ടിയാണ് ഇത്തവണ വീണ്ടെടുത്ത തുക. ഉയര്‍ന്ന മൂല്യമുള്ള എക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ നിര്‍ണായകമായ വീണ്ടെടുക്കലുകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്‌സഭയിലുയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേ ധനമന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്. കഴിഞ്ഞ മൂന്നര സാമ്പത്തിക വര്‍ഷങ്ങള്‍ കൊണ്ട് വാണിജ്യ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തിയില്‍ 2,83,770 കോടി രൂപയുടെ കുറവ് വന്നെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റില്‍ നടത്തിയ ഭേദഗതിക്കു ശേഷം നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട 41 കേസുകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് (എന്‍സിഎല്‍ടി) കീഴില്‍ പാപ്പരത്ത നടപടികള്‍ക്ക് നിര്‍ദേശിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല വ്യക്തമാക്കി. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ 12 കമ്പനികള്‍ക്ക് മാത്രം 1.97 ലക്ഷം കോടി രൂപ കുടിശികയുണ്ടായിരുന്നു. ബാക്കിയുള്ള 29 എക്കൗണ്ടുകള്‍ ചേര്‍ന്ന് 2017 ജൂണ്‍ വരെ ആകെ തിരിച്ചടയ്ക്കാനുണ്ടായിരുന്നത് 1,35,846 കോടി രൂപയായിരുന്നെന്നും മന്ത്രി അറിയിച്ചു. ഇത് കൂടി ചേര്‍ത്തുള്ള കിട്ടാക്കടം 3.33 ലക്ഷം കോടി രൂപയായിരുന്നു.

ആര്‍ബിഐയുടെ രേഖകള്‍ പ്രകാരം ചില കേസുകളില്‍ സമ്മര്‍ദ്ദിത ആസ്തികളുടെ വര്‍ധനയ്ക്കുള്ള പ്രാഥമിക കാരണം വ്യാപകമായ തോതിലുള്ള വായ്പ നല്‍കലുകള്‍, മനപ്പൂര്‍വമുള്ള വീഴ്ച വരുത്തലുകള്‍, വായ്പാ തട്ടിപ്പുകള്‍, അഴിമതി എന്നിവയാണെന്നും സാമ്പത്തിക മാന്ദ്യവും ഇതിന് കാരണമായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ആസ്തികളുടെ മൂല്യ നിര്‍ണയം സമ്മര്‍ദിത ആസ്തികള്‍ സുതാര്യമായി തിരിച്ചറിയുന്നതിന് സഹായിച്ചു. 2014 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 2,51,054 കോടി രൂപയായിരുന്നു എന്‍പിഎ. 2015 മാര്‍ച്ചില്‍ 3,09,399 കോടിയായും 2016ല്‍ 5,66,247 കോടിയായും 2017ല്‍ 7,28,740 കോടിയായും ഇത് വര്‍ധിച്ചു. 2018 മാര്‍ച്ച് 31 വരെ 9,62,621 കോടിയായിരുന്നു നിഷ്‌ക്രിയാസ്തി. 2018 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇത് 9,46,062 ആയി കുറഞ്ഞിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തിനിടെ 2.61 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരികെ പിടിച്ചെന്നും മന്ത്രി അറിയിച്ചു.

നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കുന്നു. സമ്മര്‍ദ്ദിത ആസ്തികള്‍ കണ്ടെത്തി കര്‍ശന നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് നല്‍കിയതിന്റെയും വായ്പാ പുനസംഘടന അനുവദിക്കാതിരുന്നതുമാണ് എന്‍പിഎകള്‍ ഉയരാന്‍ കാരണം. ബാങ്കുകളുടെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാനും അപകട സാധ്യതയുള്ള വായ്പകള്‍ ഒഴിവാക്കാനും ഇത് സഹായിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Comments

comments

Categories: Banking, Slider