ഓസ്‌ട്രേലിയയില്‍ ഉഷ്ണതരംഗം

ഓസ്‌ട്രേലിയയില്‍ ഉഷ്ണതരംഗം

കാന്‍ബെറ: ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെ കടന്നു പോവുകയാണ് ഓസ്‌ട്രേലിയ. ക്രിസ്മസിനു മുന്‍പ് അനുഭവപ്പെട്ടു തുടങ്ങിയ ഉഷ്ണതരംഗം രാജ്യത്തുടനീളം ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താപനില പ്രചവിച്ചിരിക്കുന്നത് മുന്‍ റെക്കോഡുകള്‍ ഭേദിച്ച് 49 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ്. ചൂട് കൂടുന്നതിനാല്‍ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, തെക്കന്‍ ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ, ദി നോര്‍ത്തേണ്‍ ടെറിട്ടറി തുടങ്ങിയ പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിക്കും മുകളിലെത്തി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബറ മേഖലയില്‍ മാര്‍ബിള്‍ ബാര്‍ എന്ന പ്രദേശത്ത് ചൂട് 49.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസാണ്. അത് 1960-ല്‍ തെക്കന്‍ ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടിലായിരുന്നു രേഖപ്പെടുത്തിയത്. താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഫയര്‍ ബാന്‍ (fire ban) പ്രഖ്യാപിച്ചിരിക്കുകയാണ്. തീവ്ര കാലാവസ്ഥാ ദിവസങ്ങളിലോ, വ്യാപകമായി തീ പിടിക്കുന്ന സാഹചര്യത്തിലോ ആണ് ഫയര്‍ ബാന്‍ പ്രഖ്യാപിക്കുന്നത്. ഫയര്‍ ബാന്‍ പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍, ടെന്റ് അടിച്ച് താവളമടിക്കുന്നവരും, പാചകം ചെയ്യുന്നവരും പൊതുസ്ഥലങ്ങളില്‍ തീ കത്തിക്കരുതെന്നാണു നിയമം. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ മെല്‍ബേണില്‍ വ്യാഴാഴ്ച താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തി. വിക്ടോറിയയിലും, മില്‍ഡുരയിലും 44 ഡിഗ്രി സെല്‍ഷ്യസാണു താപനില രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതനുസരിച്ച് ഓസോണ്‍ അളവും ഉയരുമെന്നതിനാല്‍ വായുവിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നു വ്യാഴാഴ്ച ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Comments

comments

Categories: World