മലയാളി ബിസിനസുകാരന്റെ പുസ്തകം ദേശീയശ്രദ്ധയില്‍

മലയാളി ബിസിനസുകാരന്റെ പുസ്തകം ദേശീയശ്രദ്ധയില്‍

എഴുത്തുകാരനും കൊച്ചിയില്‍ ബിസിനസുകാരനുമായ ഡോ. വി മോഹന്‍ ദാസിന്റെ നരേന്ദ്രമോദി ദ സെലസ് ഇന്ത്യന്‍ വിഷനറി എന്ന പുസ്തകം മോദിയുടെ വളര്‍ച്ചയും നേട്ടങ്ങളും ദൂരക്കാഴ്ചയും പ്രതിപാദിക്കുന്നു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വളര്‍ച്ചയും നേട്ടങ്ങളും ദൂരക്കാഴ്ചയും വിശദമായി പ്രതിപാദിക്കുന്ന നരേന്ദ്രമോദി ദ സെലസ് ഇന്ത്യന്‍ വിഷനറി എന്ന ഇംഗ്ലീഷ് പുസ്തകം ദേശീയതലത്തില്‍ ശ്രദ്ധേയമാകുമ്പോള്‍ കൊച്ചിയില്‍ ബിസിനസുകാരനായ അതിന്റെ രചയിതാവിന് ചാരിതാര്‍ത്ഥ്യം. വര്‍ഷങ്ങളായി കൊച്ചിയില്‍ ജീവിക്കുന്ന വൈക്കം സ്വദേശി ഡോ. വി മോഹന്‍ ദാസാണ് പുസ്തകത്തിന്റെ രചയിതാവ്. ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ കോപ്പി ഡോ. മോഹന്‍ദാസ് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. മുന്‍ എംപി പി സി തോമസും സന്നിഹിതനായിരുന്നു. ഗുജറാത്തിലെ വാദനഗറില്‍ നിന്ന് 7 റേസ് കോഴ്‌സ് റോഡിലേയ്ക്കുള്ള മോദിയുടെ വളര്‍ച്ചയ്‌ക്കൊപ്പം സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പുമുള്ള ഇന്ത്യയുടെ കുതിപ്പും ഡോ. മോഹന്‍ദാസ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 17ാം വയസില്‍ വാദനഗര്‍ വിട്ട് മോദി അഹമ്മദാബാദിലേയ്ക്കു പോയി. 1971 മുതല്‍ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനുമായി. ഇടക്കാലത്ത് ഇന്ത്യയില്‍ രൂഢമൂലമായ അഴിമതി, മോദിയുടെ പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള വരവ്, മോദിയെ സ്വാധീനിച്ച വ്യക്തികള്‍, ദേശീയ വികസന പദ്ധതികള്‍, വിദേശബന്ധങ്ങളില്‍ ഇന്ത്യ നേടിയ മുന്നേറ്റം, ആരെയും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ ചരിത്രപരമായ പശ്ചാത്തലത്തില്‍ മോദിയുടെ ജീവിതത്തിലേയ്ക്കും കാലത്തിലേയ്ക്കും വെളിച്ചം വീശുന്ന വിധമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് ഡോ. മോഹന്‍ദാസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജാഗോപാല്‍ എംഎല്‍എയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും മാനേജ്‌മെന്റില്‍ പിഎച്ച്ഡിയുമുള്ള ഡോ. വി മോഹന്‍ദാസ് കോളേജ് അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചതെങ്കിലും വൈകാതെ സ്വന്തം വ്യവസായ സംരംഭം തുടങ്ങുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി അദ്ദേഹം വ്യവസായരംഗത്തുണ്ട്. കൊച്ചിയില്‍ മെഡിക്കല്‍ ഇലക്ട്രോണികസ് ഉപകരണ നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന മോഹന്‍സ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇല്യുമിനേറ്റേഴ്‌സിന്റെ സാരഥിയായ അദ്ദേഹം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ പൊട്ടെന്‍ഷ്യല്‍ ഡെവലപ്‌മെന്റിന്റെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. ബ്രിട്ടനിലെ നൈറ്റ്‌സ് ഓഫ് ചാരിറ്റിയുടെ നൈറ്റ്ഹുഡ് പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നരേന്ദ്രമോദി ദ് സെലസ് ഇന്ത്യന്‍ വിഷനറി എന്ന പുതിയ പുസ്തകത്തിനു പുറമെ സക്‌സസ്ഫുള്‍ എന്‍ട്രപ്രണര്‍ഷിപ്പ്, ടോട്ടല്‍ ഹെല്‍ത്ത് ത്രൂ ഓള്‍ടര്‍നേറ്റീവ് മെഡിസിന്‍, സ്‌ട്രെംഗ്‌തെന്‍ യുവര്‍ ഫാമിലി ബോണ്ട്‌സ്, ഐക്യുഇക്യു ആന്‍ഡ് എസ്‌ക്യു, ഹൗ ടു ഡീല്‍ വിത് ഡിഫികല്‍റ്റ് പീപ്പ്ള്‍, ബൂസ്റ്റ് യുവര്‍ സെയില്‍സ് എന്നീ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.

Comments

comments

Categories: FK News

Related Articles