81 ദശലക്ഷം ഡോളറിന്റെ വികസന പദ്ധതികളുമായി അബുദാബി ആശുപത്രി

81 ദശലക്ഷം ഡോളറിന്റെ വികസന പദ്ധതികളുമായി അബുദാബി ആശുപത്രി

ദാനത്ത് അല്‍ എമറാറ്റ് ഹോസ്പിറ്റലാണ് 81 ദശലക്ഷം ഡോളറിന്റെ വിപുലീകരണ പദ്ധതികള്‍ക്ക് തയാറെടുക്കുന്നത്

അബുദാബി: അബുദാബിയിലെ ദാനത്ത് അല്‍ എമറാറ്റ് ഹോസ്പിറ്റല്‍ ഫോര്‍ വിമെന്‍ ആന്‍ഡ് ചില്‍ഡ്രനിന്റെ വിപുലീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. 81 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് വിപുലീകരണ പദ്ധതികള്‍ നടത്തുന്നത്. 100 കിടക്കകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ടവറിന്റെ നിര്‍മാണമുള്‍പ്പടെയുള്ള വമ്പന്‍ പദ്ധതികളാണ് വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അബുദാബി ഗേറ്റ് സിറ്റിക്ക് സമീപമുള്ള ആശുപത്രി കെട്ടിടത്തിന് സമീപമാണ് പുതിയ ടവര്‍ സ്ഥാപിക്കുക. 2020 ആകുമ്പോഴേക്കും ഇത് പ്രവര്‍ത്തന സജ്ജമാകും. യുണൈറ്റഡ് ഈസ്റ്റേണ്‍ മെഡിക്കല്‍ സര്‍വീസസ് ബോര്‍ഡാണ് വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

നിലവിലെ വിപണി ആവശ്യകതയ്ക്കും ആരോഗ്യ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ കപ്പാസിറ്റി ഗ്യാപ്പ് സ്റ്റഡിക്കും അനുസൃതമായുള്ള സേവനങ്ങളുടെയും പ്രവര്‍ത്തന സംവിധാനങ്ങളുടെയും വിപുലീകരണത്തെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹമദ് അല്‍ ഹമേലി പറഞ്ഞു. അബുദാബിയില്‍ ഏറ്റവും ആവശ്യകതയുള്ള ആരോഗ്യ സേവനങ്ങളാണ് കപ്പാസിറ്റി ഗ്യാപ്പ് സ്റ്റഡി യിലൂടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. യുണൈറ്റഡ് മെഡിക്കല്‍ സര്‍വീസസ് ബോര്‍ഡ് (യുഇ മെഡിക്കല്‍) ആണ് പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും ഇതോടെ ആകെ ഹോസ്പിറ്റല്‍ ബെഡുകളുടെ എണ്ണം 225 ആയി വര്‍ധിക്കുമെന്നും യുഇമെഡിക്കലിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ മുഹമ്മദ് അലി അല്‍ ഷോറഫ അല്‍ ഹമദി പറഞ്ഞു. വിവിധ സ്‌പെഷാലിറ്റികളും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

100 ഡോക്റ്റര്‍മാരും 200 നഴ്‌സുമാരുമുള്‍പ്പടെ 500 പുതിയ ജീവനക്കാരെയും വിപുലീകരണത്തിന്റെ ഭാഗമായി നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia