2020ല്‍ ദുബായിലെ ആദ്യ ആന്‍ഡസ് ഹോട്ടല്‍ തുറക്കും

2020ല്‍ ദുബായിലെ ആദ്യ ആന്‍ഡസ് ഹോട്ടല്‍ തുറക്കും

ലാ മെറിലെ ജുമയ്‌റ ഏരിയയിലായിരിക്കും പുതിയ പ്രോപ്പര്‍ട്ടിയെന്ന് ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു

ദുബായ്: ദുബായില്‍ ആന്‍ഡസ് ബ്രാന്‍ഡ് ഹോട്ടലുകളുടെ വികസനത്തിനായി വാസല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായി മാനേജ്‌മെന്റ് കരാറില്‍ ഏര്‍പ്പെടുന്നതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികളും കമ്പനികള്‍ സംയുക്തമായി ആസൂത്രണം ചെയ്യുന്നുണ്ട്.

ജുമയ്‌റയിലെ തീരപ്രദേശമായ ലാ മെറില്‍ പുതിയ പ്രോപ്പര്‍ട്ടി 2020ല്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായിലെ ആദ്യത്തേതും യുഎഇയിലെ രണ്ടാമത്തെതുമായ ആന്‍ഡസ് ബ്രാന്‍ഡിലുള്ള ഹോട്ടലായിരിക്കും പുതുതായി തുറക്കുന്നത്. കൂട്ടത്തില്‍ ആന്‍ഡസ് കാപിറ്റല്‍ ഗേറ്റ് അബുദാബി ഈ വര്‍ഷാവസനത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായില്‍ ജനപ്രീതിയാര്‍ജിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ആകര്‍ഷകമായ രീതിയിലുള്ള പദ്ധതികള്‍ അവതരിപ്പിച്ച് ദൂബായ് ഹോസ്പിറ്റാലിറ്റി വിപണിക്ക് അധിക മൂല്യം കൂട്ടിച്ചേര്‍ക്കാനാണ് തങ്ങള്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് വാസല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സിഇഒ ഹെഷാം അബ്ദുള്ള അല്‍ ഖാസിം പറയുന്നു.

അതിഥികള്‍ക്ക് എന്നും പുതിയ അനുഭവം സൃഷ്ടിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ്, ലൈഫ്‌സ്റ്റൈല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ കാഴ്ചപ്പാടുമായി ഒത്തുചേരുന്ന ഒരു പദ്ധതിയാണ് ഹയാത്തുമായുള്ള ഈ പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്‍ഡസ് ദുബായ് ലാ മെര്‍ ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്തും. ജുമയ്‌റയുടെ ഏറ്റവും സജീവമായ മേഖലകളില്‍ 150ലേറെ മുറികളും സ്യൂട്ടുകളും ഉള്‍പ്പടെ നിരവധി സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലാ മെറിലെ ആന്‍ഡസ് ദുബായ് ഹോട്ടലില്‍ 156 മുറികളും സ്യൂട്ടുകളുമാണ് ഉള്ളത്. രണ്ട് റസ്‌റ്റോറന്റുകളും റൂഫ്‌ടോപ്പ് ഏരിയയില്‍ ബാറും പൂളും ഹോട്ടലില്‍ അതിഥികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. മീറ്റിംഗ്, കോണ്‍ഫറന്‍സ് എന്നിവ നടത്താനുള്ള സൗകര്യങ്ങള്‍, റെസിഡന്‍ഷ്യല്‍ സ്‌റ്റൈല്‍ സ്റ്റുഡിയോ മുറികള്‍ എന്നിവയും ഹോട്ടലുകളില്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് ദുബായിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പുത്തന്‍ ഉണര്‍വ് പ്രകടമാണ്. വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളെല്ലാം തന്നെ നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് എക്‌സ്‌പോ 2020യുടെ സാധ്യതകള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

Comments

comments

Categories: Arabia