ഡിഎംആര്‍സിയുമായി കൈകോര്‍ത്ത് യുബറും ഒലയും

ഡിഎംആര്‍സിയുമായി കൈകോര്‍ത്ത് യുബറും ഒലയും

പുതിയതായി യുബര്‍ ദ്വാരക സെക്റ്റര്‍ 21 ലും ഒല രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലും മൊബീല്‍ ആപ്പിന്റെ സഹായമില്ലാതെ കാബുകള്‍ ബുക്ക് ചെയ്യാനും സേവനം ഉപയോഗപ്പെടുക്കാനും കഴിയുന്ന കിയോസ്‌ക്ക് സേവനം ആരംഭിച്ചു

ന്യൂഡെല്‍ഹി: മെട്രോ യാത്രക്കാര്‍ക്ക് മികച്ച ഗതാഗത സേവനമൊരുക്കാന്‍ യുഎസ് കാബ് സേവനദാതാക്കളായ യുബറും ആഭ്യന്തര കാബ് സേവനദാതാക്കളായ ഒലയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ഡിഎംആര്‍സി) കൈകോര്‍ക്കുന്നു. യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ മൊബീല്‍ ആപ്പിന്റെ സഹായമില്ലാതെ തന്നെ യുബര്‍ കാബ് ബുക്ക് ചെയ്യാനും സേവനം ഉപയോഗപ്പെടുക്കാനും സഹായിക്കുന്ന കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കായാണ് പങ്കാളിത്തം. യുബര്‍ ദ്വാരക സെക്റ്റര്‍ 21 ലും ഒല രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലുമാണ് പുതിയതായി സേവനം ആരംഭിച്ചത്. ഡിഎംആര്‍സി എംഡി മാംഗു സിംഗാണ് കിയോസ്‌ക്കുകള്‍ ഉദ്ഘാടനം ചെയ്തത്.

അടുത്ത വര്‍ഷം ആദ്യ പകുതിയോടെ 50 മെട്രോ സ്‌റ്റേഷനുകളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനാണ് യുബര്‍ പദ്ധതി. നിലവില്‍ സിക്കന്ദര്‍പൂര്‍, ദ്വാരക സെക്റ്റര്‍-21, രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനുകളിലാണ് യുബര്‍ കിയോസ്‌ക്ക് സേവനമുള്ളത്. ഒലയ്ക്ക് നോയിഡ സെക്റ്റര്‍ 18 സ്‌റ്റേഷനിലും എംജി റോഡിലും രാജീവ് ചൗക്ക് സ്‌റ്റേഷനില്‍ കിയോസ്‌ക് സേവനമുണ്ട്.

ഡിഎംആര്‍സി എപ്പോഴും യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തല്‍പ്പരരാണെന്നും ഫീഡര്‍ ഗതാഗത സൗകര്യം ഒരുക്കികൊണ്ട് ഗതാഗതം സുഗമമാക്കാനും യാത്രക്കാരെ അവരുടെ ലക്ഷ്്യസ്ഥാനത്ത് എത്തിക്കാനും സഹായിക്കുകയുമാണ് ഉദ്ദേശ്യമെന്നും ഡിഎംആര്‍സി എംഡി മാംഗു സിംഗ് പറഞ്ഞു. യുബര്‍, ഒല പോലുള്ള കാബ്് സേവനദാതാക്കളുമായുള്ള സഹകരണം മെട്രോ സേവനം ഉപയോഗപ്പെടുക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നും യാത്രക്കാര്‍ക്ക് സമ്പൂര്‍ണമായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം യുബറിന്റെ ഇത്തരത്തിലുള്ള മൂന്നാമത്തെ പദ്ധതിയാണിത്. നേരത്തെ ഹൈദരാബാദ് റെയില്‍ മെട്രോ ലിമിറ്റഡ്, കൊച്ചി റെയില്‍ മെട്രോ കോര്‍പ്പറേഷന്‍ എന്നിവരുമായും യുബര്‍ സഹകരിച്ചിരുന്നു. യുബറിന്റെ സൗകര്യപ്രദവും വിശ്വസനീയവുമായ ഗതാഗത സേവനം നഗരങ്ങളെ കൂടുതല്‍ പ്രാപ്യവും സുസ്ഥിരവുമാക്കുമെന്നും മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഗതാഗതം സുഗമമാക്കാനും പാര്‍ക്കിംഗ് ആവശ്യകത ഒഴിവാക്കാനും മികച്ച ഗതാഗത മാര്‍ഗം ലഭ്യമാകാനും ഇത് സഹായിക്കുമെന്നും യുബര്‍ ഏഷ്യ- പസഫിക് ചീഫ് ബിസിനസ് ഓഫീസര്‍ മധു കണ്ണന്‍ പറഞ്ഞു.

പദ്ധതിക്കായി കാബ് സേവനദാതാക്കള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കുന്നതിനായി 210 മെട്രോ സ്‌റ്റേഷനുകളിലായി 400 സോണുകള്‍ ഡിഎംആര്‍സി കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാകും ഈ സ്ഥലങ്ങള്‍ കമ്പനികള്‍ക്ക് നല്‍കുന്നത്. 231 സ്‌റ്റോഷനുകളിലായി 317 കിലോമീറ്ററാണ് ഡെല്‍ഹി മെട്രോ ശൃംഖലയുടെ വലിപ്പം. കഴിഞ്ഞ വര്‍ഷങ്ങളില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ഇ-റിക്ഷ, സൈക്കിള്‍ ഷെയറിംഗ് സേവനങ്ങളും ഡിഎംആര്‍സി ലഭ്യമാക്കിയിരുന്നു. നിലവില്‍ വൈശാലി, ഹുഡ സിറ്റി സെന്റര്‍, എംഡി റോഡ്, സിക്കന്ദര്‍പൂര്‍, ബാറ്റ് ചൗക്ക്, നീലം ചൗക്ക് അജ്‌റോണ്ട, ദ്വാരക സെക്റ്റര്‍ 9,10,11, 12 തുടങ്ങി 11 മെട്രോ സ്‌റ്റേഷനുകളില്‍ ഇ-റിക്ഷ സേവനം ലഭ്യമാണ്. അതുപോലെ പൊതു സൈക്കിള്‍ ഷെയറിംഗ് സേവനം ശാസ്ത്രി പാര്‍ക്ക്, എംഡി റോഡ്, ദ്വാരക സെക്റ്റര്‍ 14, അക്ഷര്‍ധാം, പട്ടേല്‍ ചൗക്ക് കശ്മീര്‍ ഗേറ്റ്, ഇന്ദര്‍ലോക്ക്, റോഷ്‌നി ഈസ്റ്റ്, ജെഎല്‍എന്‍ സ്‌റ്റേഡിയം, ജിബിടി നഗര്‍ തുടങ്ങി 19 മെട്രോ സ്‌റ്റേഷനുകളിലും നിലവിലുണ്ട്.

Comments

comments

Categories: FK News
Tags: Uber-Ola