സൗരോര്‍ജ്ജ ശോഭയില്‍ ഒരുക്കാം നാടിനെ

സൗരോര്‍ജ്ജ ശോഭയില്‍ ഒരുക്കാം നാടിനെ

പ്രകൃതി വിഭവങ്ങളുടെ ചൂഷണവും ജനസംഖ്യാ ബാഹുല്യവും നിമിത്തം വരും നാളുകളില്‍ ലോകം വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പ്രധാനമാണ് വൈദ്യുതോര്‍ജ്ജത്തിന്റെ സ്ഥാനം.ഹൈഡല്‍ വൈദ്യുതിയുടെ ലഭ്യതക്കുറവും ഷോക്കേല്‍പ്പിക്കുന്ന വൈദ്യുതബില്ലും നമ്മെ വലച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള ഒരേയൊരു മോചനമാര്‍ഗം സൗരോര്‍ജ്ജത്തിലേക്ക് ചുവടുമാറുക എന്നതാണ്. ജപ്പാന്‍, ജര്‍മ്മനി, ചൈന, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം സൗരോജ്ജത്തിലേക് മാറിക്കഴിഞ്ഞു. ഈ മാതൃക പിന്തുടര്‍ന്നാല്‍ നമ്മുടെ കൊച്ചു കേരളത്തിനും സാമ്പത്തിക നേട്ടത്തിന്റെ നിരവധിക്കണക്കുകള്‍ പങ്കുവയ്ക്കാനാകും.

പാടി പാടി പഴങ്കഥയായിട്ടും സൗരോജ്ജത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും വിനിയോഗിക്കുന്ന കാര്യത്തില്‍ കേരളീയര്‍ ഇന്നും പിന്നിലാണ്. വീടുകളിലും ഓഫീസുകളിലും സൗരോജ്ജ പാനലുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിക്കുന്നതിലൂടെ വാന്‍ സാമ്പത്തികനേട്ടമാണ് ഉണ്ടാകുന്നത്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജരൂപങ്ങളില്‍ മുന്‍പന്തിയിലാണ് സൗരോര്‍ജ്ജത്തിന്റെ സ്ഥാനം. സൗരോര്‍ജ്ജ പാനലുകള്‍ക്ക് വൈദ്യുതി നിര്‍മാണത്തിനാവശ്യമായ രീതിയില്‍ വര്‍ഷത്തില്‍ 365 ദിവസവും സൂര്യപ്രകാശം ലഭ്യമാകുന്ന കാലാവസ്ഥയാണ് നമ്മുടെ നാട്ടിലേത്.പുതുതായിപ്പണിയുന്ന വീടുകളില്‍ സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതും സോളാറിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്.സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കെഎസ്ഇബി, അനെര്‍ട്ട് തുടങ്ങിയ സംഘടനകളെ ചട്ടം കെട്ടുകയും ചെയ്തു. വീടുകളില്‍ സ്ഥാപിക്കുന്ന പാനലുകള്‍ക്ക് കെഎസ്ഇബി വാടക നല്‍കും എന്ന ഉറപ്പ് കൂടി ആയതോടെ വൈദ്യുതി ഉല്‍പ്പാദനത്തിനായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ആളുകള്‍ മുന്നോട്ട് വന്നു തുടങ്ങി.

വിദേശരാജ്യങ്ങളിലെ മാതൃകകകളുമായി താരമത്യം ചെയ്യുമ്പോഴാണ് സോളാറിന്റെ കാര്യത്തില്‍ നാം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. സൗരോര്‍ജത്തില്‍ വാഹനങ്ങള്‍ വരെ നിരത്തിലൂടെ ചീറിപ്പറയുന്ന തലത്തിലേക്ക് പല ലോകരാഷ്ട്രങ്ങളും എത്തിക്കഴിഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ നമുക്കും ഇത്തരത്തില്‍ ദ്രുതഗതിയിലുള്ള സമീപനമാണ് ആവശ്യം. ഊര്‍ജ്ജോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ളശ്രമം ഇനിയെങ്കിലും നാം കാര്യക്ഷമമാക്കണം. 2014ല്‍ സോളാര്‍ പാനലുകള്‍ക്ക് 6,250 പൗണ്ട് ചെലവാക്കിയ ബ്രിട്ടീഷ് നിക്ഷേപകന്‍ നാലു വര്‍ഷം കൊണ്ട് ഊര്‍ജോല്‍പ്പാദനത്തിലൂടെ നേടിയത് 2,300 പൗണ്ടാണ്. ഇത് വൈദ്യുതി നിരക്കുകളില്‍ കുറവു വരുത്തുകയും ബില്‍ വളരെയധികം നിയന്ത്രിച്ച് ഒതുക്കുകയും ചെയ്തിരിക്കുന്നു. ഒരു ബുദ്ധിമാനായ നിക്ഷേപകന് ഈ അവസരം മികച്ച രീതിയില്‍ വിനിയോഗിക്കാം.

മഴയുടെ ലഭ്യതക്കുറവ് മൂലം ഹൈഡല്‍ വൈദ്യുതി നിര്‍മാണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നത് വൈദ്യുതിക്ഷാമം രൂക്ഷമാക്കുന്നു. ഈ അവസ്ഥയില്‍ സ്വന്തം വീട്ടാവശ്യത്തിന് വേണ്ട വൈദ്യുതിയെങ്കിലും സോളാര്‍ പാനലുകള്‍ വഴി വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഫലപ്രദമാണ്.മാത്രമല്ല, ശരിയായ വിധത്തിലുള്ള സോളര്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വീട്ടിലെ വൈദ്യുതി ബില്‍ അറുപത് മുതല്‍ അറുപത്തഞ്ച് ശതമാനമെങ്കിലും കുറയ്ക്കാനാകും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അറിവില്ലായ്മയില്‍ തട്ടി വീഴുന്നവര്‍

എന്തുകൊണ്ട് സോളാര്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ നാം ഇപ്പോഴും പിന്നാക്കം ചിന്തിക്കുന്നു എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ളൂ, അറിവില്ലായ്മ. വൈദ്യുതി ഉല്‍പ്പാദനം സ്വന്തം വീട്ടില്വച് നടക്കുന്നു എന്ന് പറയുമ്പോള്‍ അതിലൂടെ ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ വരുമോ എന്ന പേടിയാണ് ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നത്. വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ വൈദ്യുതി ഉല്‍പ്പാദന മാര്‍ഗമാണിത്.കാറ്റു വന്നാലോ മഴ വന്നാലോ കറണ്ടു പോകുമെന്ന പേടിവേണ്ട, ലോലോഡ് ഷെഡിംഗോ പവര് ഹോളിഡേയോ സംബന്ധിച്ച മുന്‍കരുതല്‍ വേണ്ട. പാനലുകള്‍ ഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് മാത്രമാണ് ഉള്ളത്. സോളാര്‍ വൈദ്യുതിയുടെ ലഭ്യതമൂലം കാലക്രമേണ നമുക്കുണ്ടാകുന്ന ലാഭവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറച്ചു പണം മാത്രമേ പ്രവര്‍ത്തനമൂലധനമായി വേണ്ടി വരൂ. മാത്രമുള്ള, സര്‍ക്കാര്‍ നിരവധി സബ്‌സിഡികളും ഈ രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനെര്‍ട്ട് മുഖാന്തിരമാണ് അത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുമ്പോള്‍

സൗരോര്‍ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് സോളാര്‍ പാനലുകളില്‍ നടക്കുന്നത്. ഇത് ഓട്ടോമാറ്റിക് ആയി നടക്കുന്ന പ്രവര്‍ത്തനമാണ്. സിലിക്കണ്‍ കൊണ്ടുണ്ടാക്കിയ പാളികളാണ് സോളാര്‍ പാനലുകള്‍. വീടിന്റെ മേല്‍ക്കൂരയില്‍ ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂര്യന് അഭിമുഖമായാണ് ഇത്തരം സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നത്. പകല്‍ സമയങ്ങളില്‍ സിലിക്കണ്‍ പാനലുകളില്‍ പതിക്കുന്ന സൂര്യപ്രകാശം ഇലക്ട്രോണുകളുടെ പ്രവാഹമുണ്ടാക്കുകയും അതു വൈദ്യുതോര്ജമായി മാറുകയും ചെയ്യുന്നു. സോളാര്‍ പാനല്‍, ഇന്‍വെര്‍ട്ടര്‍, ബാറ്ററി, ചാര്‍ജ് കണ്‍ഡ്രോളര്‍ എന്നീ ഘാടകങ്ങളാണ് വീട്ടില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്ന് ആവശ്യമായി വരുന്നത്. സോളാര്‍ പാനലുകളില്‍ പതിക്കുന്ന സൂര്യപ്രകാശം വൈദ്യുതി രൂപത്തിലേക്ക് മാറുകയും ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ആദ്യം കണ്‍ഡ്രോളറിലേക്കും പിന്നീട് അവിടെ നിന്നും ബാറ്ററിയിലേക്കും പോകും. പിന്നീടാണ് ഈ വൈദ്യുതി വീട്ടുപകരണങ്ങളിലേക്ക് കടത്തിവിടപ്പെടുന്നത്. വൈദ്യുതി ഇന്വെര്ട്ടറിലൂടെ കടന്ന് ഇലക്ട്രിക് ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ഒരു വീട്ടില്‍ അത്യാവശ്യം പ്രവര്‍ത്തിപ്പിക്കേണ്ട എല്ലാ ഉപകരണങ്ങളും സോളാര്‍ വൈദ്യുതിയുടെ ബന്ധിപ്പിക്കാം. നാം ഘടിപ്പിക്കുന്ന പാനലിന്റെ വലുപ്പമനുസരിച്ചായിരിക്കും എത്ര ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ലഭിക്കും എന്നറിയുക.

ചുരുങ്ങിയത് ഒരു കിലോവാട്ട് ശേഷിയുള്ള പവര്‍ സിസ്റ്റം ഘടിപ്പിക്കണം.ഒരു കിലോവാട്ട് ശേഷിയുള്ള സോളര്‍ പവര്‍ സിസ്റ്റം വച്ചാല്‍ മാസം നൂറ് യൂണിറ്റോളം വൈദ്യുതി ലഭിക്കും. നാലംഗങ്ങളുള്ള കുടുംബത്തിന് അത്യാവശ്യം വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ വൈദ്യുതി ധാരാളമാണ്. ഒരു വീട്ടില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കണം എങ്കില്‍ പത്ത് ചതുരശ്ര അടി സ്ഥലം ആവശ്യമാണ്.

തുടക്കത്തില്‍ വീട്ടിലെ ഏതാനും ചില ഉപകരണങ്ങള്‍ മാത്രം സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോള്‍ സോളാര്‍ വൈദ്യുതിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതായി കാണാം. കെഎസ്ഇബി കണക്ഷന്‍ പോലും ഉപേക്ഷിക്കാം എന്ന രീതിയില്‍ സോളാറിനെ ആശ്രയിക്കുന്നവരുമുണ്ട്. ഇപ്പോള്‍ സ്‌കൂളുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു. ഉപയോഗശേഷം വൈദ്യുതി ബാക്കി വരികയാണ് എങ്കില്‍ അത് സര്‍ക്കാരിന് നല്‍കി പണം ലാഭം നേടാനും വഴിയുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന ഇന്‍വെര്‍ട്ടറിന്റെ സ്വഭാവമനുസരിച്ചാണ് ഈ അവസരം ലഭ്യമാകുക. ഓണ്‍–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളര്‍ ഇന്‍വര്‍ട്ടറുകളാണ് ഉള്ളത്. ഓണ്‍–ഗ്രിഡ് ഇന്‍വര്‍ട്ടര്‍ സംവിധാനം വഴിയാണ് ബാക്കി വരുന്ന വൈദ്യുതി സര്‍ക്കാരിന് നല്‍കാന്‍ സാധിക്കുക. എന്നാല്‍ ഇത്തരത്തില്‍ ചെയ്യണമെങ്കില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വന്ന് അനുമതിപത്രം തരണം.

സോളാര്‍ പാനലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

സോളാര്‍ പാനലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കില്‍ ധനനഷ്ടമായിരിക്കും ഫലം. വീടിന്റെ വലുപ്പത്തിനും വൈദ്യുതിയുടെ ഉപയോഗത്തിനും അനുസൃതമായ സോളാര്‍ പാനലുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നഷ്ടമായിരിക്കും ഫലം. ദിവസവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വേണം സൗരോര്‍ജത്തില്‍ ബന്ധിപ്പിക്കാന്‍. ഇക്കാര്യം പലരും ശ്രദ്ധിച്ച് ചെയ്യാറുണ്ട്. ഫാനുകളാണ് ഒരു വീട്ടില്‍ ഏറ്റവും കൂടുതലായി പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ഫാനുകള്‍ സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുക. എല്ലാ ഉപകരണങ്ങള്‍ക്കും പ്രവര്‍ത്തനം തുടങ്ങാനുള്ള വൈദ്യുതിയും (Starting Current) പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ വൈദ്യുതിയും (Running Current) രണ്ട് അളവാണ്. അതിനാലാണ് ആവശ്യം വേണ്ട ഉപകരണങ്ങളെ മാത്രം ബന്ധിപ്പിക്കുന്നത് .ഇതിന് കണക്ടഡ് ലോഡ് കണ്ടുപിടിക്കണം. ഇത്തരം കാര്യങ്ങള്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാനായി എത്തുന്നവര്‍ ചെയ്തു തരും.

സോളാര്‍ പാനലുകള്‍ ചെലവ്

തുടക്കത്തില്‍ വരുന്ന നിക്ഷേപമാണ് പലരെയും സോളാറില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. എന്നാല്‍ വര്ഷങ്ങളോളം നാം അടക്കേണ്ടി വരുന്ന വൈദ്യുതി ബില്ലുമായി തട്ടിച്ചു നോക്കുമ്പോള്‍ സോളാര്‍ ലാഭകരമാണ് എന്ന് മനസിലാകും. ഒന്നര രണ്ട് ലക്ഷം രൂപക്ക് മുതല്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഈ തുക മുഴുവനും വീട്ടുടമ വഹിക്കേണ്ട കാര്യമില്ല. ആകെത്തുകയുടെ 30 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡിയായി ലഭിക്കും.

പാനലിനു പുറമെ ആവശ്യമായി വരുന്നത് ഒരു ബാറ്ററിയാണ്. ബാറ്ററിക്ക് 20,000 രൂപയോളം ചെലവ് വരും. വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ബാക്ക് അപ് വേണ്ട സമയവും കണക്കാക്കി വേണം ബാറ്ററി തിരഞ്ഞെടുക്കാന്‍. അതായത് ആദ്യം നാം നമ്മുടെ ആവശ്യം മുന്‍കൂട്ടി മനസിലാക്കിയ ശേഷം മാത്രമാണ് പാനലുകള്‍ വാങ്ങാന്‍ ഒരുങ്ങേണ്ടത്. വീടുകളില്‍ ഒരു ദിവസത്തെ ബാക്കപ്പ് മാത്രമാണ് ആവശ്യമെങ്കില്‍ 1200 വാട്ട് അവര്‍ (Watt Hour) ശേഷിയുള്ള ബാറ്ററി മതിയാകും. എത്ര കിലോവാട്ട് വൈദ്യുതി പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന സിസ്റ്റമാണ് നിങ്ങളുടെ വീടിനു അനുയോജ്യമെന്നതും മുന്‍കൂട്ടി അറിയുക.. നാലംഗ കുടുംബമാണ് എങ്കില്‍ രണ്ട് കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സിസ്റ്റം മതിയാകും. വീടുകളില്‍ ഏസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അളവില്‍ വ്യത്യാസം വരും . ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥ.ഓഫീസുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്ന കാര്യത്ത്തില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മികച്ച മാതൃകയാണ്.

അധിക വൈദ്യുതി വരുമാനമാര്‍ഗമാകുന്നത് എങ്ങനെ ?

അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിറ്റ് പണം നേടുന്നതിനായുള്ള മാര്‍ഗവും ലഭ്യമാണ്. ഇത് പ്രകാരം കെഎസ്ഇബിക്ക് ഒരു അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷയ്‌ക്കൊപ്പം 1,000 രൂപ അടച്ചാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തും. മറ്റു പ്രശ്‌നമാണ് ഒന്നും ഇല്ലെങ്കില്‍ വീട്ടില്‍ ഉല്‍പാദിപ്പിച്ച വൈദ്യുതി സര്‍ക്കാരിന് നല്‍കുന്നതിനായി അനുമതി നല്‍കും. സര്‍ക്കാരിനു നല്‍കുന്ന വൈദ്യുതിയുടെ തത്തുല്ല്യമായ തുക വൈദ്യുതി ബില്ലില്‍നിന്ന് ഇളവ് ചെയ്യും. എങ്ങനെ നോക്കിയാലും ലാഭം തന്നെ. കെഎസ്ഇബി ലൈനില്‍ കറന്റ് ഇല്ലെങ്കില്‍ വീട്ടിലും കറന്റ് ലഭിക്കുകയില്ല എന്നതാണ് ഈ മേഖലയിലെ പ്രധാന പോരായ്മ. മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും കഴുകി വൃത്തിയാക്കണം. പാനലിനു മുകളിലായി ഇലകള്‍ , പൊടികള്‍ എന്നിവ അടിഞ്ഞു കൂടാതെ നോക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സോളാര്‍ പാനലുകള്‍ കൊണ്ട് ഊര്‍ജ്ജ ലാഭവും ധനലാഭവും ഉണ്ടാകും.

Comments

comments

Categories: FK Special, Slider
Tags: solar energy