മൈന്‍ഡ് ട്രീയിലെ സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ ബാറിംഗ് വാങ്ങുമോ?

മൈന്‍ഡ് ട്രീയിലെ സിദ്ധാര്‍ത്ഥയുടെ ഓഹരികള്‍ ബാറിംഗ് വാങ്ങുമോ?

ഐടി സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണം ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഏഷ്യ കൈക്കലാക്കുന്നതിനോട് മൈന്‍ഡ് ട്രീ പ്രൊമോട്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ല

മുംബൈ: കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനിയായ മൈന്‍ഡ്ട്രീയില്‍ തനിക്കുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതോടെ കമ്പനിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉടലെടുക്കുന്നത്. വിജി സിദ്ധാര്‍ത്ഥ, അദ്ദാഹത്തിന്റെ രണ്ട് കമ്പനികള്‍, കഫേ കോഫിഡേ എന്റര്‍പ്രൈസസ് എന്നിവയ്ക്ക് മൈന്‍ഡ് ട്രീയിലുള്ള ഓഹരികള്‍ വാങ്ങുന്നതിന് തീവ്രശ്രമം നടത്തുന്നത് ബാറിംഗ് പ്രൈവറ്റ് ഇക്വിറ്റി ഏഷ്യ ലിമിറ്റഡാണ്. ഏകദേശം 3,300 കോടി രൂപയ്ക്ക് ഈ ഓഹരികള്‍ വാങ്ങാനാണ് ബാറിംഗ് ശ്രമിക്കുന്നത്.

എന്നാല്‍ ബാറിംഗിന് ഈ ഓഹരികള്‍ വില്‍ക്കുന്നതിനോട് മൈന്‍ഡ് ട്രീയുടെ പ്രൊമോട്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. കമ്പനിയുടെ നിയന്ത്രണാധികാരം ബാറിംഗിന് ലഭിക്കുന്നതിലാണ് പ്രൊമോട്ടര്‍മാര്‍ക്ക് വിരുദ്ധാഭിപ്രായമുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട് ബാറിംഗ് ഏഷ്യ സിദ്ധാര്‍ത്ഥയുമായി രണ്ട് തവണയെങ്കിലും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബാറിംഗുമായുള്ള ഇടപാടിന് പ്രൊമോട്ടര്‍മാരെ സമ്മതിപ്പിക്കാന്‍ സിദ്ധാര്‍ത്ഥ ശ്രമിക്കുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. മൈന്‍ഡ് ട്രീയുടെ ബോര്‍ഡുമായി ഏറെ കാലത്തെ ബന്ധമുള്ള വ്യക്തിയാണ് സിദ്ധാര്‍ത്ഥ എന്നതും ബാറിംഗിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

മൈന്‍ഡ്ട്രീ ലിമിറ്റഡിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് വി ജി സിദ്ധാര്‍ത്ഥ. കമ്പനിയിലെ മറ്റ് വലിയ ഓഹരി പങ്കാളികളും അദ്ദേഹത്തോടൊപ്പം ഓഹരി വില്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു.

മൈന്‍ഡ്ട്രീയുടെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് സ്വകാര്യ ഇക്വിറ്റി സംരംഭമായ കെകെആര്‍ ആന്‍ഡ് കമ്പനി താല്‍പ്പര്യം പ്രകടിപ്പിച്ച് നേരത്തെ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഫേ കോഫി ഡേക്കൊപ്പം മൈന്‍ഡ്ട്രീ ലിമിറ്റഡിന്റെയും നിയന്ത്രണാധികാരം നിലവില്‍ വി ജി സിദ്ധാര്‍ത്ഥയ്ക്കാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കമ്പനിയുടെ ഒരു സ്വതന്ത്ര ഡയറക്റ്ററായി സിദ്ധാര്‍ത്ഥ മൈന്‍ഡ്ട്രീയില്‍ നിന്നും പുറത്തുപോകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

1999ല്‍ കമ്പനി ആരംഭിച്ച വര്‍ഷം തന്നെയാണ് സിദ്ധാര്‍ത്ഥ ആദ്യമായി മൈന്‍ഡ്ട്രീയില്‍ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഉന്നതതലസമിതിയിലും അദ്ദേഹം അംഗമാകുകയായിരുന്നു. സിദ്ധാര്‍ത്ഥയ്ക്കും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിനും കോഫി ഡേ ട്രേഡിംഗ് ലിമിറ്റഡിനുമായി ഏകദേശം 21 ശതമാനം ഓഹരി പങ്കാളിത്തമാണ് മൈന്‍ഡ്ട്രീയിലുള്ളത്. മറ്റ് നിരവധി സംരംഭങ്ങളിലൂടെ സിദ്ധാര്‍ത്ഥയ്ക്കും അദ്ദേഹത്തിന്റെ കോഫി സംരംഭത്തിനും മൊത്തം 26 ശതമാനം ഓഹരി പങ്കാളിത്തം മൈന്‍ഡ്ട്രീയിലുണ്ട്.

മൈന്‍ഡ്ട്രീയിലെ ഓഹരികള്‍ വില്‍ക്കുന്നതിനൊപ്പം നിക്ഷേപവും സിദ്ധാര്‍ത്ഥ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. ഈ നിക്ഷേപം കഫേ കോഫി ഡേയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പുനര്‍വിന്യസിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. കെകെആര്‍ അടക്കമുള്ള നിരവധി വന്‍കിട നിക്ഷേപ സംരംഭങ്ങളുമായി മൈന്‍ഡ്ട്രീ ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം, കെകെആറോ മൈന്‍ഡ്ട്രീ നേതൃത്വമോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

മൈന്‍ഡ്ട്രീയുടെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ടായ എന്‍ഇസി കോര്‍പ്പ് പ്രാരംഭഘട്ട ചര്‍ച്ച ആരംഭിച്ചതായി ജൂണില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കമ്പനിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വില്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. സഹസ്ഥാപകരായ എന്‍ കൃഷ്ണകുമാര്‍, സുബ്രതോ ബാഗ്ചി, എന്‍ എസ് പാര്‍ത്ഥസാരഥി, റോസ്റ്റോ രാവണന്‍ എന്നിവരടങ്ങുന്നതാണ് പ്രൊമോട്ടര്‍ ഗ്രൂപ്പ്. ഇവര്‍ക്ക് യഥാക്രമം 3.72 ശതമാനം, 3.11 ശതമാനം, 1.43 ശതമാനം, 0.71 ശതമാനം എന്നിങ്ങനെയാണ് മൈന്‍ഡ്ട്രീയില്‍ ഓഹരി പങ്കാളിത്തമുള്ളത്.

Comments

comments

Categories: FK News
Tags: Mind tree

Related Articles