മഹീന്ദ്ര എക്‌സ്‌യുവി 300 ഫെബ്രുവരി 15 ന് പുറത്തിറക്കും

മഹീന്ദ്ര എക്‌സ്‌യുവി 300 ഫെബ്രുവരി 15 ന് പുറത്തിറക്കും

മിക്ക മഹീന്ദ്ര ഡീലര്‍മാരും അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : മഹീന്ദ്ര എക്‌സ്‌യുവി 300 ഫെബ്രുവരി 15 ന് വിപണിയില്‍ അവതരിപ്പിക്കും. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില അന്ന് പ്രഖ്യാപിക്കും. വാഹനത്തിന്റെ ബുക്കിംഗ് മിക്ക മഹീന്ദ്ര ഡീലര്‍മാരും അനൗദ്യോഗികമായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മഹീന്ദ്ര എക്‌സ്‌യുവി 300 ദിവസങ്ങള്‍ക്കുമുമ്പ് അനാവരണം ചെയ്തിരുന്നു. ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കുകയാണ് മഹീന്ദ്ര ചെയ്തത്.

സാംഗ്‌യോംഗ് ടിവോലി ഉപയോഗിക്കുന്ന എക്‌സ്100 പ്ലാറ്റ്‌ഫോമാണ് മഹീന്ദ്ര എക്‌സ്‌യുവി 300 അടിസ്ഥാനമാക്കുന്നത്. നാല് മീറ്ററില്‍ താഴെ നീളം വരുത്തുന്നതിനായി പ്ലാറ്റ്‌ഫോം പരിഷ്‌കരിച്ചു. ടിവോലിയില്‍നിന്ന് വ്യത്യസ്തമാണ് പുതിയ എക്‌സ്‌യുവിയുടെ സ്റ്റൈലിംഗ്. അതേസമയം മഹീന്ദ്ര എക്‌സ്‌യുവി 500 എസ്‌യുവിയുടെ ചില സ്റ്റൈലിംഗ് സൂചകങ്ങള്‍ ലഭിച്ചു. ഫ്രണ്ട് ത്രീ ക്വാര്‍ട്ടറുകളില്‍നിന്ന് നോക്കുമ്പോള്‍ പ്രത്യേകിച്ചും.

മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ അരങ്ങേറിയ അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മഹീന്ദ്ര എക്‌സ്‌യുവി 300 ഉപയോഗിക്കും. ഈ മോട്ടോര്‍ 123 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 1.2 ലിറ്റര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനുകളുമായും ചേര്‍ത്തുവെയ്ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്നീട് നല്‍കിയേക്കും.

8.0 ഇഞ്ച് വലുപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീന്‍, സണ്‍റൂഫ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍ എന്നിവ മഹീന്ദ്ര എക്‌സ്‌യുവി 300 സംബ്‌കോംപാക്റ്റ് എസ്‌യുവിയിലെ ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളായിരിക്കും. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയാണ് എതിരാളികള്‍.

Comments

comments

Categories: Auto
Tags: Mahindra Xuv