ഉന്നത വിദ്യാഭ്യാസ രംഗം;ചെലവിടല്‍ കൂടണം നിലവാരം ഉയരണം

ഉന്നത വിദ്യാഭ്യാസ രംഗം;ചെലവിടല്‍ കൂടണം നിലവാരം ഉയരണം

ജനസംഖ്യാപരമായ ആനുകൂല്യങ്ങളെ പൂര്‍ണമായും മൂലധനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങളിലേക്ക് പൊതു ധനവ്യയത്തിന്റെ ദിശ മാറ്റേണ്ടത് ഭാരതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്...

 

ഒരു രാജ്യത്തിന്റെ സുസ്ഥിരമായ വികസനത്തിന് വിദ്യാഭ്യാസം പോലുള്ള നിര്‍ണായക സാമൂഹിക അടിസ്ഥാന സൗകര്യ രംഗങ്ങളിലെ നിക്ഷേപം അത്യാവശ്യമാണ്. എന്നാല്‍, ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലുള്ള സര്‍ക്കാര്‍ ധനവിനിയോഗം 2012-13 കാലയളവിലെ ജിഡിപിയുടെ 3.1 ശതമാനത്തില്‍ നിന്നും 2015 – 16 കാലയളവില്‍ 2.4 ശതമാനമായി കുറഞ്ഞു. 2017 -18 സാമ്പത്തിക വര്‍ഷത്തേക്ക് മേഖലയ്ക്ക് വേണ്ടിയുള്ള ബജറ്റ് എസ്റ്റിമേറ്റില്‍ 2.7 ശതമാനം എന്ന നേരിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്-സാമ്പത്തിക സര്‍വേ (2017 -18).

വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയുള്ള ആകെ ധനവിനിയോഗത്തില്‍ ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ ഒരു ശതമാനത്തോളമാണ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവിടുന്നത്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവ പോലുള്ള വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. യുഎസ് തങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.37 ശതമാനവും യുകെ 1.34 ശതമാനവും ഉന്നതവിദ്യാഭ്യാസത്തിനായി ചെലവിടുന്നു.

വിദ്യാഭ്യാസ രംഗത്തുള്ള വര്‍ധിച്ച സര്‍ക്കാര്‍ ചെലവിടല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പു നല്‍കുന്നില്ല. ഈ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. എന്നിരുന്നാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനം ശക്തവും ആഴത്തിലുള്ളതുമാക്കുന്നതിലും അവയെ ആഗോളതലത്തില്‍ മല്‍സരക്ഷമമാക്കുന്നതിലും ഇത് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ധനവിനിയോഗം 2010-2011 വര്‍ഷത്തെ 15,472 കോടി രൂപയില്‍ നിന്നും 2017-18ല്‍ 34,862 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മേഖലയിലേക്കുള്ള ബജറ്റ് നീക്കിയിരിപ്പിലും 0.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും വിദ്യാര്‍ത്ഥി പ്രവേശനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചാ ആസൂത്രണങ്ങളും നിവലാര വര്‍ധനവും പരിഗണിക്കുമ്പോള്‍ ഈ ഫണ്ട് അപര്യാപ്തമായി തോന്നുന്നു.

ഫണ്ടുകള്‍ക്കുള്ള ആവശ്യകതയും യഥാര്‍ത്ഥ വിനിയോഗവും തമ്മിലുള്ള ചിരസ്ഥായിയായ അന്തരമാണ് ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനം നേരിടുന്ന മറ്റൊരു പ്രശ്‌നം. 2018- 19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആവശ്യപ്പെട്ടിട്ടുള്ള ഫണ്ടിന്റെ 55 ശതമാനം മാത്രമേ നീക്കി വെച്ചിട്ടുള്ളു. മേഖലയില്‍ അഭിലഷണീയമായ വൈശിഷ്ട്യം നേടിയെടുക്കുന്നത് ഇത് ബുദ്ധിമുട്ടേറിയ കാര്യമാക്കി മാറ്റുന്നു. ഇതില്‍ പകുതിയിലും കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ഗ്രാന്‍ഡുകളായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി), നിയന്ത്രണ അതോറിറ്റികള്‍ (യുജിസി, എഐസിടിഇ) എന്നിവയ്ക്കും നല്‍കുന്നതായി ഫണ്ടുകളുടെ സ്ഥാപനം തിരിച്ചുള്ള വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍വകലാശാലകള്‍ക്കും അവയുടെ അനുബന്ധമായ കോളെജുകള്‍ക്കും ലഭിക്കുന്നതാകട്ടെ വളരെ ചെറിയ തുകയും.

മാനവ വിഭവശേഷി വികസനവുമായി ബന്ധപ്പെട്ട ‘ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും’ എന്ന 2016 പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്ര സര്‍വകലാശാലകളും അവയ്ക്ക് കീഴിലുള്ള കോളെജുകളുമാണ് യുജിസിയുടെ ബജറ്റ് നീക്കിയിരിപ്പിന്റെ 65 ശതമാനവും ഉപയോഗപ്പെടുത്തുന്നത്. അതേസമയം, സംസ്ഥാന സര്‍വകലാശാലകള്‍ക്കും അവയുടെ അനുബന്ധ കോളെജുകള്‍ക്കും ലഭിക്കുന്നത് മിച്ചമുള്ള വെറും 35 ശതമാനം മാത്രമാണ്. ആകെ സര്‍വകലാശാല, കോളെജ് പ്രവേശനങ്ങളില്‍ ഭൂരിഭാഗം പങ്കും ഉള്‍ക്കൊള്ളുന്ന സംസ്ഥാന സര്‍വകലാശാലകളും അനുബന്ധ കോളെജുകളും അവയുടെ വികസനത്തിന് ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിംഗുകളുടെ അഭാവം ഇപ്പോഴും അനുഭവിക്കുന്നുവെന്ന് 2017 – 18 വര്‍ഷത്തെ ദി ഓള്‍ ഇന്ത്യ സര്‍വെ ഓണ്‍ ഹയര്‍ എജുക്കേഷന്‍ വ്യക്തമാക്കുന്നു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വം, പ്രാപ്യത, മേന്മ തുടങ്ങിയ വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ 2013ലാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (ആര്‍യുഎസ്എ) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിക്ക് കീഴില്‍ യോഗ്യരായ സംസ്ഥാന സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും 60:40 എന്ന അനുപാതത്തില്‍ (കേന്ദ്രം:സംസ്ഥാന ഓഹരി) ഫണ്ട് ലഭ്യമാക്കും. പൊതു വിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 60:40 അനുപാതത്തിലും പ്രത്യേക വിഭാഗത്തില്‍ വരുന്ന സംസ്ഥാനങ്ങള്‍ക്ക് 90:10 എന്ന അനുപാതത്തിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 100 ശതമാനവുമാണ് ഫണ്ടുകള്‍ ലഭിക്കുക.

2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ആര്‍യുഎസ്എയ്ക്ക് വേണ്ടിയുള്ള നീക്കിയിരുപ്പ് എട്ട് ശതമാനം വര്‍ധിപ്പിച്ചു. സംസ്ഥാനതലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വലിയ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുടെ സൂചനയാണ് ഇത് നല്‍കുന്നതെങ്കിലും കുറഞ്ഞ ശതമാനം ഗ്രാന്റുകള്‍ മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളു എന്നതാണ് കൈകാര്യം ചെയ്യേണ്ടുന്ന വിഷയം. 2017 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ആര്‍യുഎസ്എ സ്‌കീമിനു കീഴില്‍ 24.7 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

സംസ്ഥാനങ്ങളുടെ പൊതു ചെലവിടലിലൂടെ കണ്ണോടിക്കുമ്പോള്‍ ആകെ മൊത്തത്തിലുള്ള വികസന ചെലവുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് കാണാം. വിദ്യാഭ്യാസം, കായികം, കല, സംസ്‌കാരം തുടങ്ങിയ മേഖകളിലെ ബജറ്റ് നീക്കിയിരിപ്പ് 2017-18 കാലയളവിനേക്കാളും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്നതായിരുന്നു.

എന്നിരുന്നാലും ആകെ ധനവ്യയത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചെലവിടല്‍ 2013-14ലെ 16.5 ശതമാനത്തില്‍ നിന്നും 2015-16ല്‍ 15.3 ശതമാനമായും 2017 -18ല്‍ 14.8 ശതമാനമായും ഇടിഞ്ഞു. ജലവിതരണം, ശുചിത്വം, ഹൗസിംഗ്, നഗര വികസനം, തുടങ്ങിയ മേഖലകളിലേക്കുള്ള വര്‍ധിച്ച ചെലവിടലിനൊപ്പം സാമൂഹ്യ സേവനങ്ങള്‍ക്കുമേലുള്ള ധനവ്യയത്തിന്റെ ഘടനാ മാറ്റത്തിലേക്കാണ് ഈ ഇടിവ് വിരല്‍ ചൂണ്ടുന്നത്.

തങ്ങളുടെ ജനസംഖ്യാപരമായ ആനുകൂല്യങ്ങളെ പൂര്‍ണമായും മൂലധനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങളിലേക്ക് പൊതു ധനവ്യയത്തെ ലാക്കാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന ഫണ്ടും അവയ്ക്ക് ലഭ്യമാക്കുന്ന ഫണ്ടും തമ്മില്‍ വ്യക്തമായ അന്തരം നിലനില്‍ക്കുന്നുണ്ട്. നൈപുണ്യവികസനത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ വിടവ് നികത്തേണ്ടത് അനിവാര്യമാണ്.

കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രതീക്ഷിത ചെലവ് കൃത്യമായി പട്ടികപ്പെടുത്തുക എന്നതും പ്രധാനമാണ്. എന്നാല്‍ മാത്രമേ സര്‍ക്കാര്‍ നീക്കി വെക്കുന്ന ഫണ്ട് ഉപയോഗശൂന്യമാകുന്നത് ഒഴിവാക്കാന്‍ സാധിക്കു. വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള വളര്‍ച്ചാ പ്രതീക്ഷകള്‍ നേടുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ രംഗത്തെ വര്‍ധിച്ച പൊതു ധനവ്യയം പ്രധാനമാണ്. എന്നാല്‍ ഈ ഫണ്ടുകള്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് പ്രധാനമാണ്. എങ്കില്‍ മാത്രമേ പൊതു നിക്ഷേപങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുകയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകള്‍ പൂര്‍ണമായും റീലീസ് ചെയ്യപ്പെടുകയും സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങള്‍ അത് ഉചിതമായി വിനിയോഗിക്കുകയും ചെയ്യുന്നിടത്തോളം, കോളെജ്, സര്‍വകലാശാലാ പ്രവേശനങ്ങളുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുകയും സംസ്ഥാന ബജറ്റുകളിലെ ഫണ്ടിംഗുമായി ബന്ധപ്പെട്ട തടസങ്ങള്‍ അലട്ടുകയും ചെയ്യുന്ന സംസ്ഥാന സര്‍വകലാശാലകളെ സംബന്ധിച്ച് ആര്‍യുഎസ്എ സ്‌കീം വിജയകരമായിരിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍

 

  • വിദ്യാഭ്യാസരംഗത്തിന്റെ ദിശ മാറ്റണം
  • രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ചെലവിടല്‍ കൂട്ടണം
  • യുഎസ് തങ്ങളുടെ ജിഡിപിയുടെ 1.37 ശതമാനം വിദ്യാഭ്യാസമേഖലയ്ക്കായി ചെലവിടുന്നു
  • യുകെ 1.34 ശതമാനവും ഉന്നതവിദ്യാഭ്യാസത്തിനായി ചെലവിടുന്നു
  • കേന്ദ്രം ഫണ്ടുകള്‍ പൂര്‍ണമായും നല്‍കണം; ആ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ കോളെജുകള്‍ക്കും സാധിക്കണം
  • സംസ്ഥാന സര്‍വകലാശാലകള്‍ക്കും അനുബന്ധ കോളെജുകള്‍ക്കും കൂടുതല്‍ ഫണ്ട് ലഭ്യമാക്കണം

Comments

comments

Categories: FK Special, Slider
Tags: education