ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുന്ന ഇ- വിപണി

ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുന്ന ഇ- വിപണി

ഇ-റ്റെയ്ല്‍ രംഗം ഇന്ത്യന്‍ ഗ്രാമങ്ങളെയും പിടിച്ചടക്കുന്നു

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഇ-റ്റെയ്‌ലറുകള്‍ക്ക് ഇതിനു മുമ്പ് ഒരിക്കലും ഇത്രയും അനുകൂലാന്തരീക്ഷം ഉണ്ടായിട്ടില്ല. എന്നാല്‍, ഇലക്ട്രോണിക് വിപണി, ആപ് അധിഷ്ഠിത വില്‍പ്പന തുടങ്ങിയ നൂതന ആശയങ്ങളോട് ഗ്രാമീണഭാരതം ഒരു ദശകം മുമ്പ് വിമുഖത കാട്ടിയിരുന്നു. ഉള്‍നാടുകളിലെ ജനങ്ങള്‍ക്ക് ഇവയെക്കുറിച്ചുള്ള അജ്ഞത മാത്രമായിരുന്നില്ല ഇതിനു കാരണം. ഉപഭോക്താവും കച്ചവടക്കാരനും തമ്മിലുള്ള വിശ്വാസം, സ്‌നേഹം എന്നിവയില്‍ അധിഷ്ഠിതമായ ജൈവബന്ധമാണ് പ്രധാന കാരണം.

കാലങ്ങളായി അനുവര്‍ത്തിച്ചു വന്ന ശീലവും ഓണ്‍ലൈനില്‍ വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായി കൈയില്‍ കിട്ടുമോ എന്നുള്ള സന്ദേഹവുമാണ് ഇവരെ ആകര്‍ഷിക്കുന്നതിനു പ്രധാനതടസമായത്. എന്നാല്‍ പിന്നീട് ഷോപ്പിംഗ് ശീലത്തിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റമാണ് ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിച്ചത്. ഓണംകേറാമൂലകളെന്നു പറയപ്പെട്ടിരുന്ന തമിഴ്‌നാട്ടിലെ ഉറുപ്പാക്കം, മിസോറാമിലെ ലംഗ്ലെയ്, ഒഡീഷയിലെ ഝാര്‍സുഗുഡ തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ന് ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകളുടെ വിളനിലങ്ങളായി മാറിയിരിക്കുന്നു.

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഏകീകൃത വിപണി സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഈ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനമാണ് ഇന്ത്യ ഇ- വിപണിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റമാണ് ഇ- വിപണിയെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സുസ്ഥിരസാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനായതോടെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചിരിക്കുന്നു. 130 കോടി വരുന്ന ജനസംഖ്യ, ശക്തമായ ജിഡിപി വളര്‍ച്ച, മധ്യവര്‍ഗത്തിന്റെ വികസനം, സ്മാര്‍ട്ട്‌ഫോണ്‍ സാക്ഷരരുടെ എണ്ണത്തിലുള്ള കുതിപ്പ്, ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് എന്നിവയുടെ കടന്നു കയറ്റം എന്നിവയാണ് ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ന് ആഗോളഭീമന്മാരായ ഗൂഗിളിലോ റിലയന്‍സിലോ ആമസോണിലോ ഒതുങ്ങുന്നതല്ല ഇ-കൊമേഴ്‌സ് പദ്ധതികള്‍. ഉഡാന്‍, നിചെ, ന്യൂബീ തുടങ്ങി ഗ്രാമീണര്‍ക്കായുള്ള ഇ-റ്റെയ്ല്‍ പദ്ധതികള്‍ ഇന്ന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഗ്രാമീണ വികസനത്തിന് വന്‍ വളര്‍ച്ചാ സാധ്യതയുണ്ട്. നാലു വര്‍ഷത്തിനിടയില്‍ ഗ്രാമീണ ഇ-കൊമേഴ്‌സ് വിപണിമൂല്യം 10-12 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നു കണക്കാക്കപ്പെടുന്നു. വിവിരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും യുവാക്കളുടെ അഭിലാഷങ്ങളും ഇതിന് ആക്കം കൂട്ടും.

2020 ആകുമ്പോഴേക്കും നഗരവാസികളല്ലാത്ത വ്യാപാരികളില്‍ 75% ഇ-കൊമേഴ്‌സ് വ്യാപാരത്തിലേക്ക് കളം മാറ്റി ചവിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു. 2016ല്‍ത്തന്നെ ഇത് 60%ത്തില്‍ എത്തിയിരുന്നു. അതേസമയം, ഗ്രാമീണ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വ്യാപനം ഇപ്പോഴത്തെ 18%ത്തില്‍ നിന്ന് 2021 ആകുമ്പോള്‍ 45 ശതമാനമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. മൊബീല്‍, ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചുവരുന്നത് ആശയവിനിമയത്തില്‍ ഒരു വലിയ അളവു വരെ മാറ്റം വരുത്തിയിരിക്കുന്നു.

ഇത് വ്യാപാരി- ഉപഭോക്തൃ ബന്ധത്തില്‍ അധിഷ്ഠിതമായ വിപണിയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുകയും ചെയ്തു. ഇന്നത്തെ ഗ്രാമീണ ഉപഭോക്താക്കള്‍ ഒരുപാട് ആശയാഭിലാഷങ്ങള്‍ ഉള്ളവരും നഗരവാസികളെപ്പോലെ തന്നെ ഫാഷനിലും ആധുനിക ഉല്‍പ്പന്നങ്ങളിലും ഭ്രമമുള്ളവരുമാണ്. ഗ്രാമീണ വിപണികളിലെ ഇ-കൊമേഴ്‌സ് വളര്‍ച്ച കുത്തനെ വര്‍ധിച്ചു. ഇതില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

രാജ്യത്തെ ഉപഭോക്തൃ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിലെ ഉപഭോഗത്തിന്റെ തോത് നഗരങ്ങളുടേതിനേക്കാള്‍ വേഗത്തിലാണ് വളരുന്നത്. മാത്രമല്ല, ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഉപഭോഗവര്‍ധനവിലുള്ള അന്തരം അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഗ്രാമീണ ഉപഭോഗം 9.7 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, നഗരങ്ങളില്‍ ഉപഭോഗം 8.6 ശതമാനമാണ് വളര്‍ന്നത്. തൊട്ടുമുന്‍പുള്ള രണ്ടു വര്‍ഷങ്ങളിലും ഗ്രാമീണ ഉപഭോഗവളര്‍ച്ച നഗരങ്ങളിലേതിനേക്കാള്‍ കൂടുതലായിരുന്നു.

വിപണികളുടെ ഐക്യം പ്രോല്‍സാഹിപ്പിക്കുക, ഏകീകൃത വിപണി നടപടികള്‍ കാര്യക്ഷമമാക്കുക, കച്ചവടക്കാരും വിതരണക്കാരും തമ്മിലുള്ള ധാരണപിശകുകള്‍ തിരുത്തുക, ആവശ്യവും വിതരണവും അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങളുടെ സമയാസമയങ്ങളിലെ കൃത്യമായ വിലകള്‍ കണ്ടെത്തുക, ലേലങ്ങളില്‍ സുതാര്യത ഉറപ്പാക്കുക, മികച്ച ഉല്‍പ്പന്നങ്ങളുമായി ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ദേശീയ വിപണിയിലേയ്ക്ക് കടന്നു ചെല്ലാന്‍ കൃഷിക്കാരനെ പ്രാപ്തനാക്കുക, ഗുണമേന്മയ്ക്ക് അനുസൃതമായ വില ഓണ്‍ലൈനായി കൃഷിക്കാരനും, ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിനും ലഭ്യമാക്കുക ഇതൊക്കെയാണ് ഇലക്ട്രോണിക്- കാര്‍ഷിക വിപണി സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

വരുന്ന ദശാബ്ദത്തിനിടയില്‍ ഡിജിറ്റല്‍ വാണിജ്യവളര്‍ച്ചയ്ക്ക് വലിയ അവസരമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. വില്‍പ്പനയുടെ 12 ശതമാനവും നടക്കുന്നത് ഗ്രാമീണമേഖലയിലാണെന്ന് ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡായ വോയിലയുടെ സി ടി ഒ ജാഗൃതി ശൃംഗി പറയുന്നു വിദൂര പട്ടണങ്ങള്‍ ബിസിനസ് അനുകൂലവും ആകര്‍ഷകവുമാണെങ്കിലും തങ്ങളുടെ സാന്നിധ്യം വിജയകരമായി സ്ഥാപിക്കുന്നതിനായി ബ്രാന്‍ഡുകള്‍ക്ക് ആദ്യം കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും.

ഗ്രാമീണമേഖലയിലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് സജ്ജരായിരിക്കുമ്പോഴും ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ അഭാവം ഉല്‍പ്പന്നങ്ങളും വേദികളും ആവശ്യാനുസരണം വികസിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വിഫലമായിത്തീരും, സമൂഹമാധ്യമ വേദികള്‍ വിനിയോഗിക്കാന്‍ പറ്റുന്നത്ര ലളിതമായിരിക്കണം.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 ഇന്ത്യക്കാരില്‍ ഒരാള്‍ക്കു മാത്രമേ അതിന്റെ സാങ്കേതികത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

നിര്‍മ്മിതബുദ്ധി ഉപയോഗിച്ചാണ് ഗ്രാമീണ മേഖലയ്ക്ക് അനുയോജ്യമായ ഉല്‍പന്നം നിര്‍മ്മിക്കുന്നതെന്ന് നികി കമ്പനി സ്ഥാപകന്‍ സച്ചിന്‍ ജെയ്‌സ്വാള്‍ പറഞ്ഞു. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഒറ്റ ആപ്ലിക്കേഷനിലേക്ക് ഒതുക്കുകയും ലളിതമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണ് നികി. എഐ. 2017-18 സാമ്പത്തിക വര്‍ഷം രാജ്യത്തെ എഫ്എംസിജി വില്പന 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. വില്പനയുടെ അളവിലുണ്ടായ 9.1 ശതമാനം വര്‍ധനവാണ് ഇതിനു പ്രധാന കാരണം. എഫ്എംസിജി വ്യാപാരത്തിന്റെ 40-45 ശതമാനം വരുമാനം ഗ്രാമീണ മേഖലയില്‍ നിന്നാണ്. ഈ വരുമാനത്തില്‍ 15-16 ശതമാനം വളര്‍ച്ചയാണ് അവര്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.

പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം തയാറാക്കുന്നതാണ്് ബ്രാന്‍ഡുകളുടെ മറ്റൊരു വെല്ലുവിളി. 2021 ആകുമ്പോഴേക്കും പ്രാദേശിക ഭാഷകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 536 ദശലക്ഷം ആയിരിക്കുമെന്നു ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ബഹുഭാഷാ ചാറ്റ് സഹായി, ശബ്ദ സംവിധാനം എന്നിവ സംയോജിപ്പിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇത് ഗ്രാമീണ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ അസാധാരണമായി ലളിതവല്‍ക്കരിച്ചു നല്‍കുമെന്ന് ജയ്‌സ്വാള്‍ പറയുന്നു.

പ്രാദേശിക ഭാഷകളില്‍ പരസ്യങ്ങള്‍ ചെയ്യാന്‍ ശിശുപരിപാലന ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ മമ എര്‍ത്ത് ശ്രമിക്കുന്നുണ്ട്, ഇത് തങ്ങളുടെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രാദേശിക ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അവരുടെ വിശ്വാസം നേടാനും സഹായിക്കുന്നതായി സ്ഥാപകന്‍ വരുണ്‍ അലഗ് അവകാശപ്പെടുന്നു. മറ്റൊരു പ്രധാന പ്രശ്‌നം ഗ്രാമീണജനതയ്ക്ക് അനുയോജ്യമായ ഉല്‍പ്പന്നശ്രേണി പുറത്തിറക്കുകയാണ്.

ഇതില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, മുടക്കുന്ന വിലയ്ക്ക് മൂല്യമുള്ളവ, കുറഞ്ഞ വിലയ്ക്ക് പരമാവധി സൗകര്യം നല്‍കുന്നവ, സ്വകാര്യ, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വിപുലശേഖരം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത് ഉപഭോക്താക്കളുടെ വിവിധങ്ങളായ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വരവോടെ ചില്ലറവ്യാപാരമേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടായിരിക്കുന്നുവെന്നത് നിസ്തര്‍ക്കമാണ്. ആളുകളുടെ പ്രതികരണം ഇത് വ്യക്തമാക്കുന്നു.

ഗ്രാമീണജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ആവശ്യമായ ഉല്‍പ്പന്നങ്ങളുണ്ടെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇവിടെ അവസാന നിമിഷം സാധനങ്ങള്‍ ഉപയോക്താവിന്റെ കൈവശമെത്തിച്ചേരുന്നതിലുള്ള പ്രശ്‌നങ്ങള്‍ പ്രധാന വെല്ലുവിളിയാണ്. വില്‍പനാനന്തരസേവനം, ദ്രുതഗതിയിലുളള കൈമാറ്റം, തിരികെവാങ്ങല്‍ എന്നിവ നഗരങ്ങളിലേതു പോലെ തന്നെ നടപ്പിലാക്കണം. അല്ലാത്തപക്ഷം ഉപഭോക്താക്കളെ അവര്‍ക്കും നഷ്ടപ്പെടാം.

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിയമപരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണു തങ്ങള്‍ ബിസിനസ്സ് നടത്തുന്നതെന്ന് അവര്‍ പറയുന്നു. അതിനാല്‍ അവരെ കുറ്റപ്പെടുത്താന്‍ പ്രയാസമാണ്. കൂടാതെ, രാജ്യത്തെ സാധാരണ ചില്ലറ വില്‍പനശാലകള്‍ക്ക് ആഗോള ഓണ്‍ലൈന്‍ ബ്രാന്‍ഡുകളായ ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം തുടങ്ങിയവ നിയമാനുസൃതമായാണ് രാജ്യത്തു പ്രപവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും ലഭ്യമാക്കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതക്കുറവു കാണിക്കുന്നുവെന്ന് സന്ദേഹം ഇപ്പോഴും പലര്‍ക്കുമുണ്ട്. ഉപഭോക്താക്കളുടെ വിലാസത്തില്‍ അയയ്ക്കുന്ന ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും കൂട്ടാളികളുടെ വീടുകളിലാകും എത്തിച്ചേരുക. അതിനാല്‍ പാദേശിക ഡെലിവറിക്കാരോടും ചാനല്‍ പങ്കാളികളോടും ഞങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും വിവിധ പോയിന്റുകളില്‍ ഉപഭോക്താക്കളെ സമീപിക്കാനുമാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ബ്രേക്ക്ബൗണ്‍സ് സ്ട്രീറ്റ്‌വെയര്‍ സ്ഥാപകന്‍ സഞ്ജീവ് മുഖിജ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ചില്ലറവില്‍പ്പനക്കാരനു തന്നെയാണ്. ജീവനക്കാരുടെ മോശം പെരുമാറ്റം, പാഴ്‌സലുകള്‍ക്കു വന്ന കേടുപാടുകള്‍, അല്ലെങ്കില്‍ ഉല്‍പ്പന്നം കൈമാറാന്‍ ഇടയാക്കിയ കാലതാമസം എന്നിവയെക്കുറിച്ചാണ് പരാതി. ഗ്രാമീണ ഉപഭോക്താക്കള്‍ നല്‍കുന്ന അയഥാര്‍ത്ഥ വിലാസങ്ങള്‍ ഒരു പ്രധാന വെല്ലുവിളിയാണെന്ന് ശൃംഗിയും പറയുന്നു. ഫലപ്രദമായ ഡെലിവറിക്ക് ഞങ്ങള്‍ ഇന്ത്യന്‍ തപാലിനെയാണ് ആശ്രയിക്കുന്നത്. ഇത് തങ്ങളുടെ ഗ്രാമീണ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ കീഴില്‍ ഏകദേശം ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫീസുകള്‍ ആണ് ഉള്ളത്. ഇതില്‍ 89 ശതമാനത്തോളം ഗ്രാമപ്രദേശങ്ങളിലാണ്. അതുകൊണ്ട് ഇന്ത്യാ പോസ്റ്റുമായി കൈക്കോര്‍ക്കാനായാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവരിലേക്ക് ഫലപ്രദമായി വിനിയോഗിക്കാനാകും. ഈ ദിശയിലുള്ള ആലോകനയിലാണ് ഇന്ന് ഇ- റ്റെയ്ല്‍ കമ്പനികള്‍.

മൊബീല്‍ഫോണും, ഇമെയിലും സര്‍വസാധാരണമായതോടെ പ്രതാപം നഷ്ടപ്പെട്ട തപാല്‍ വകുപ്പിന് ഒരു വന്‍ കുതിച്ചുചാട്ടത്തിനുള്ള അവസരം ആണ് ഇ-കൊമേഴ്‌സ് വിപണി ഒരുക്കുന്നത്. 100 കോടി രൂപ മുതല്‍ മുടക്കില്‍ ഇ-കൊമേഴ്സ് പാക്കേജുകള്‍ സൂക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെയര്‍ഹൗസുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യാ പോസ്റ്റ്.

Comments

comments

Categories: Top Stories
Tags: Etail

Related Articles