ക്ലാസിക് 350 റെഡ്ഡിച്ച് എബിഎസ് വിപണിയില്‍

ക്ലാസിക് 350 റെഡ്ഡിച്ച് എബിഎസ് വിപണിയില്‍

സുരക്ഷാ ഫീച്ചര്‍ ലഭിച്ചതോടെ വില ഏകദേശം 6,000 രൂപ വര്‍ധിച്ചു. 1,52,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 റെഡ്ഡിച്ച് മോട്ടോര്‍സൈക്കിളില്‍ എബിഎസ് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ്സാണ് ബൈക്കില്‍ നല്‍കിയത്. സുരക്ഷാ ഫീച്ചര്‍ ലഭിച്ചതോടെ ബൈക്കിന്റ വിലയില്‍ ഏകദേശം 6,000 രൂപ വര്‍ധിച്ചു. 1,52,900 രൂപയാണ് ക്ലാസിക് 350 റെഡ്ഡിച്ച് എബിഎസ് മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഓഗസ്റ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) നല്‍കിത്തുടങ്ങിയത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളുകളില്‍ നല്‍കിയതുപോലെ 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ക്ലാസിക് 350 റെഡ്ഡിച്ചിന് കരുത്തേകുന്നത്. എന്‍ജിന്‍ പുറപ്പെടുവിക്കുന്ന പവര്‍, ടോര്‍ക്ക് കണക്കുകളിലും വ്യത്യാസമില്ല. 5,250 ആര്‍പിഎമ്മില്‍ 19.8 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. യുകെയിലെ റെഡ്ഡിച്ച് ഫാക്റ്ററിയില്‍ 1950 കളില്‍ നിര്‍മ്മിച്ച മോഡലുകളെ അനുസ്മരിച്ച് മൂന്ന് നിറങ്ങളിലാണ് ക്ലാസിക് 350 റെഡ്ഡിച്ച് വിപണിയില്‍ ലഭിക്കുന്നത്. റെഡ്ഡിച്ച് ഗ്രീന്‍, റെഡ്ഡിച്ച് റെഡ്, റെഡ്ഡിച്ച് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ക്ലാസിക് 350 സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിളിന്റെ കളര്‍ വേരിയന്റുകള്‍ക്കും ബുള്ളറ്റ് സീരീസിനും മാത്രമാണ് ഇനി എബിഎസ് ലഭിക്കാന്‍ ബാക്കിയുള്ളത്. എതിരാളികളായ ജാവ മോഡലുകളില്‍ ഈയിടെ റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഡുവല്‍ ചാനല്‍ എബിഎസ് എന്നിവ നല്‍കിയിരുന്നു. ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ സിഗ്നല്‍സ്, റെഡ്ഡിച്ച്, ഗണ്‍മെറ്റല്‍ ഗ്രേ വേരിയന്റുകളില്‍ എബിഎസ് നല്‍കിയതോടെ റോയല്‍ എന്‍ഫീല്‍ഡിന് ജാവയെ സധൈര്യം വെല്ലുവിളിക്കാം.

Comments

comments

Categories: Auto