ചൈനയല്ല മാതൃക; നിയന്ത്രണങ്ങള്‍ അമിതമാകരുത്

ചൈനയല്ല മാതൃക; നിയന്ത്രണങ്ങള്‍ അമിതമാകരുത്

ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാനുള്ള തീരുമാനങ്ങളൊന്നും തന്നെ ഇന്ത്യയിലെ ഒരു സര്‍ക്കാരില്‍ നിന്നുമുണ്ടാകരുത്. തുറന്ന സമ്പദ് വ്യവസ്ഥയാകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന് ഒട്ടും ഭൂഷണമല്ല

ഒരു ‘സര്‍വെയലന്‍സ് സ്റ്റേറ്റി’ന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചൈന. വ്യക്തിഗത സ്വാതന്ത്ര്യത്തിനെന്നല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന് തന്നെ യാതൊരുവിധ മൂല്യവും കല്‍പ്പിക്കപ്പെടാത്ത രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഏകാധിപത്യശൈലിയിലുള്ള ഭരണം നടക്കുന്ന രാജ്യം. സ്റ്റേറ്റ് തന്നെ പരമാധികാരി, സ്റ്റേറ്റിനെതിരെയുള്ള വിമര്‍ശന ശബ്ദങ്ങളെല്ലാം രാജ്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളായി മുദ്ര കുത്തപ്പെടുന്ന, പൗരന്മാര്‍ സ്റ്റേറ്റിന്റെ അതിശക്തമായ നിരീക്ഷണവലകള്‍ക്കുള്ളില്‍ ജീവിക്കുന്ന രാജ്യം. സംരംഭകര്‍ക്കും ബിസിനസുകള്‍ക്കും ഒന്നും ഇതില്‍ നിന്നും രക്ഷയില്ല. എന്തിന്, സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ആക്റ്റിവിസ്റ്റിന് പോലും രക്ഷയുണ്ടായിട്ടില്ല. വന്‍കിടടെക് കമ്പനികളില്‍ പോലും സ്‌റ്റേറ്റിന്റെ യൂണിറ്റുകളുണ്ടാകും. രാജ്യത്തിന്റെ നയങ്ങള്‍ക്കനുസൃതമായാണോ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്താന്‍. അത്തരമൊരു രാജ്യത്തെ ഓണ്‍ലൈന്‍ സംവിധാനങ്ങളെകുറിച്ച് പറയേണ്ടതില്ലല്ലോ.

തുറന്ന വ്യവസ്ഥിതിയാണ് ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ അടിസ്ഥാനസ്വഭാവത്തെ തന്നെ നിര്‍വചിക്കുന്നത്. എന്നാല്‍ ചൈനയില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമെല്ലാം സെന്‍സര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. അവിടെ ഒരിക്കലും അത് തുറന്ന സംവിധാനങ്ങളുടെ മാതൃകകളല്ല. മറിച്ച് അധികാരികള്‍ക്ക് അഹിതമാകുന്നതേതുമില്ലാത്ത പ്ലാറ്റ്‌ഫോമുകളാണ്. അതുകൊണ്ടാണ് ചൈനയില്‍ ഗൂഗിളും ഫേസ്ബുക്കുമൊന്നുമില്ലാത്തത്. ചൈനയുടെ ജനസംഖ്യയിലെ ബിസിനസ് സാധ്യതകള്‍ കണ്ട് ചൈനയ്ക്ക് വേണ്ടി മാത്രം സെന്‍സര്‍ ചെയ്യപ്പെട്ട സര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടു ഗൂഗിള്‍. എന്നാല്‍ അമേരിക്കന്‍ ലിബറലുകളും ഗൂഗിളിലെ തുറന്ന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജീവനക്കാരും ആ ശ്രമം പരാജയപ്പെടുത്തുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയെയും ഇന്റര്‍നെറ്റിനെയും എല്ലാം അമിതമായി നിയന്ത്രിക്കുകയെന്നത് ഇരുളടഞ്ഞ ഭരണകൂടങ്ങളുടെ ശൈലിയാണ്. ജനാധിപത്യസംവിധാനങ്ങള്‍ക്ക് അത് ചേരില്ല. ഇന്ത്യ പോലെ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെയുണ്ടാക്കും. ഓണ്‍ലൈന്‍ ലോകത്തെ നിയന്ത്രിക്കുന്നതില്‍ ചൈനയുടേതിന് സമാനമെന്ന് തോന്നിപ്പിക്കുന്ന ചെറിയ നീക്കങ്ങള്‍ പോലും കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ മുതിരാതിരിക്കുന്നതാണ് നല്ലത്.

കംപ്യൂട്ടറുകളും സ്മാര്‍ട്ട്‌ഫോണുകളും ചോര്‍ത്താന്‍ പത്തോളം ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. ഇതിന് പിന്നാലെ ഓണ്‍ലൈനിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനും പരിശോധിക്കാനുമുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കുമെന്ന് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. സ്വകാര്യതയെന്ന മൗലികമായ അവകാശം ലംഘിക്കുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. ജനാധിപത്യം ധ്വംസിക്കപ്പെട്ട, അഭിപ്രായ സ്വാതന്ത്ര്യം ചവറ്റുകുട്ടയില്‍ എറിയപ്പെട്ട അടിയന്തരാവസ്ഥയുടെ കെട്ട കാലത്ത് മനുഷ്യന്റെ മൗലികാവകാശങ്ങള്‍ക്കായി പോരാടി വിജയം വരിച്ച ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പാര്‍ട്ടി ഭരണം നടത്തുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നതുതന്നെ വലിയ വൈരുദ്ധ്യമാണ്. ഓണ്‍ലൈന്‍ ലോകത്തെ കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണമാക്കി തീര്‍ക്കാനാണെങ്കില്‍ ക്രിയാത്മകമായ മറ്റ് മാര്‍ഗങ്ങളെ കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കേണ്ടത്. ലോകത്തെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അമിതമായ നിയന്ത്രണങ്ങളുള്ള ഒരു സമ്പദ് വ്യവസ്ഥയ്ക്കും കൂടുതല്‍ തുറന്ന സമീപനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുറന്ന മനോഭാവമില്ലാതെ വികസനം എത്തിപ്പിടിക്കാന്‍ ശ്രമിച്ച രാജ്യങ്ങളെയെല്ലാം കാത്തിരിക്കുന്നത് വലിയ തകര്‍ച്ച തന്നെയായിരിക്കും.

Comments

comments

Categories: Editorial, Slider
Tags: China