ബാങ്കുകളുടെ ലയനം ആയിരത്തോളം തൊഴില്‍ നഷ്ടമുണ്ടാക്കിയേക്കും

ബാങ്കുകളുടെ ലയനം ആയിരത്തോളം തൊഴില്‍ നഷ്ടമുണ്ടാക്കിയേക്കും

പൊതുവേ പ്രതിസന്ധിയിലായ ബാങ്കിംഗ് രംഗത്തിന് അബുദാബി ബാങ്കുകളുടെ ലയനം സമ്മാനിക്കുക വലിയ തിരിച്ചടി ആയേക്കുമെന്ന് വിലയിരുത്തല്‍. തൊഴില്‍ നഷ്ടത്തിന്റെ വിമര്‍ശനങ്ങളും വന്നുകഴിഞ്ഞു

അബുദാബി: അബുദാബി പദ്ധതിയിട്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ബാങ്ക് ലയനത്തിലൂടെ ആയിരത്തോളം തൊഴിലുകള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് ഏറ്റവും വലിയ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അബുദാബി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്(എഡിസിബി), യൂണിയന്‍ നാഷണല്‍ ബാങ്ക്(യുഎന്‍ബി) എന്നീ ലിസ്റ്റഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭമായ അല്‍ ഹിലാല്‍ ബാങ്കുമായാണ് ലയിക്കുന്നത്. ലയന നടപടികള്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. മൂല്യം കണക്കാക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ് വായ്പാദാതാക്കള്‍. ബാങ്കിംഗ് മേഖലയ്ക്ക് തീര്‍ത്തും അനുയോജ്യമായ തീരുമാനങ്ങള്‍ തന്നെ കൈക്കൊള്ളുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ലയനം സംബന്ധിച്ച് അന്തിമ കരാര്‍ ഇതുവരെ ആയിട്ടില്ല. ചര്‍ച്ചകള്‍ ഇടപാടിലെത്തിക്കുമെന്നതിന് ഉറപ്പില്ലെന്നും ചില സൂചനകളുണ്ട്. ലയനത്തിലൂടെ 115 ബില്യണ്‍ ആസ്തിയുള്ള വമ്പന്‍ ബാങ്കിംഗ് കമ്പനി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിസിസി(ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി പുതിയ സംരംഭം മാറും.

ആഗേള എണ്ണ ശേഖരത്തില്‍ ആറ് ശതമാനം വിഹിതമുള്ള അബുദാബി, സന്തുലിതവും കൂടുതല്‍ മത്സരാധിഷ്ഠിതവുമായ ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 30 മില്യണിലധികം ജനസംഖ്യ വരുന്ന സൗദി അറേബ്യയില്‍ 28 ബാങ്കുകള്‍ സേവനം നടത്തുന്നതുമായി താരതമ്യം ചെയ്താല്‍ ഏകദേശം 9 മില്യണ്‍ ജനസംഖ്യയുള്ള യുഎഇയില്‍ 50 ഓളം ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്.

ലയനവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടം കണക്കിലെടുക്കുമ്പോള്‍, ഭൂരിഭാഗവും വിദേശതൊഴിലാളികള്‍ ജോലി ചെയ്യുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതുമായ ഉപഭോക്തൃ ചോദന നഷ്ടപ്പെട്ട എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടേകാമെന്നാണ് വിലയിരുത്തല്‍.

തൊഴില്‍ നഷ്ടമുണ്ടായാല്‍ വിദേശീയരായ തൊഴിലാളികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നതിനു കാരണമായി തീരും. ഔദ്യേഗിക രേഖകളിലെ കണക്കുകള്‍ പ്രകാരം, അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കും യുണൈറ്റഡ് നാഷണല്‍ ബാങ്കും 7,000 തൊവില്‍ നിയമനങ്ങളാണ് നടത്തുന്നത്. അല്‍ ഹിലാലില്‍ ഏകദേശം 1,500 ജോലിക്കാരാണുള്ളത്.

അതേസമയം,നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, ഫസ്റ്റ് ഗള്‍ഫ് ബാങ്ക് എന്നിവയുടെ ലയനത്തോടെ ഉണ്ടായ തൊഴില്‍ നഷ്ടമെത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അബുദാബിയിലെ ധനകാര്യമേഖലയില്‍ ഏകീകരണ പ്രവണത ശക്തമാണ്. മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വമ്പന്‍ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമവും അതിന്റെ ഭാഗം തന്നെയാണ്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വൈവിധ്യവല്‍ക്കരണം ശക്തിപ്പെടുത്തുകയാണ് ലയനത്തിലൂടെ അബുദാബി ലക്ഷ്യമിടുന്നത്. കുറഞ്ഞ സര്‍ക്കാര്‍ ചെലവിടല്‍, സാമ്പത്തിക വളര്‍ച്ചയിലെ മന്ദത തുടങ്ങിയ കാരണങ്ങളാല്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ഏകദേശം 10 ബില്ല്യണ്‍ ഡോളറിന്റെ വിപണിമൂല്യമുണ്ട്. യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ വിപണി മൂല്യം 2.9 ബില്ല്യണ്‍ ഡോളറോളം വരും.

എമിറേറ്റിലെ രണ്ട് വലിയ ബാങ്കുകളായ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും കഴിഞ്ഞ വര്‍ഷം ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലും ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ സഖ്യത്തിലേര്‍പ്പെട്ടത്. ഇരുഗ്രൂപ്പുകളും ചേര്‍ന്ന് പുതിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുണ്ടാക്കി ഇപ്പോള്‍ നിയന്ത്രിക്കുന്നത് 220 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ്. നേരത്തെ പറഞ്ഞ പുതിയ ലയനവാര്‍ത്തിയിലെ മൂന്ന് ബാങ്കുകളുടെയും പ്രധാന ഉടമസ്ഥാവകാശം കൈയാളുന്നത് മുബാദലയാണെന്നതും കണക്കിലെടുക്കണം.

Comments

comments

Categories: Arabia
Tags: Bank merging