ജൈവ പാതയിലൊരു ധവളമുന്നേറ്റം

ജൈവ പാതയിലൊരു ധവളമുന്നേറ്റം

ജൈവ ക്ഷീര സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുന്ദര്‍ബന്‍ മേഖലയിലെ ഒട്ടനവധി സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായകരമായിരിക്കുന്നു

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍സിലുള്ള ഒരു സംഘം സ്ത്രീകള്‍ ധവളവിപ്ലവത്തിന്റെ മറ്റൊരധ്യായം കുറിക്കുകയാണ്. പാലുല്‍പ്പാദനം പൂര്‍ണമായും ജൈവികമാക്കുക എന്ന ആശയത്തെ പിന്‍പറ്റി സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഈ പെണ്‍കൂട്ടായ്മയുടെ ചുവടുകള്‍ അല്‍പദൂരം പിന്നിട്ട് കഴിഞ്ഞു. കാലിവളര്‍ത്തര്‍ തൊഴിലാക്കിയ ചൗരങ്കി ഗ്രാമത്തില്‍ പാലുല്‍പ്പാദനത്തിലൂടെ വരുമാനം കണ്ടെത്തുകയും സ്വയംപര്യാപ്തരായി സമൂഹത്തില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന 30 ഓളം വരുന്ന വനിത ക്ഷീര കര്‍ഷകരാണിവര്‍. സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ ഇവര്‍ ജൈവ കൃഷി രീതിയില്‍ ഊന്നിയ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ പ്രധാന പങ്കാളികളായി സ്വയം കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു.

ചൗരങ്കി വുമണ്‍ ഡയറി കോപ്പറേറ്റീവ് സൊസൈറ്റി

ചൗരങ്കി വുമണ്‍ ഡയറി കോപ്പറേറ്റീവ് സൊസൈറ്റി ( സിഡബ്ല്യുഡിസിഎസ്) എന്ന സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീകള്‍ നയിക്കുന്ന ക്ഷീര സഹകരണ സംഘമാണ് ചൗരങ്കിയിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. 20നും 80 നും ഇടയില്‍ പ്രായമുള്ള മുപ്പതോളം സ്ത്രീകള്‍ ഇവിടെ എല്ലാ ദിവസവും രാവിലെ തങ്ങളുടെ പശുക്കളെ കറന്ന് പാല്‍ പാത്രങ്ങളിലാക്കി സിഡബ്ല്യുഡിസിഎസിന്റെ പാല്‍സംഭരണ കേന്ദ്രത്തിലെത്തി പാല്‍ വില്‍ക്കുന്നു. നാടന്‍ ഇനത്തില്‍ പെട്ട പശുക്കളില്‍ നിന്നുള്ള പാല്‍ എന്നതിനുപരിയായി ജൈവ പാല്‍ എന്ന ആശയമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെ സവിശേഷമാക്കുന്നത്. കാലിത്തീറ്റ കൃഷിയും പശുക്കള്‍ക്കുള്ള മരുന്നുകളുമടക്കം പൂര്‍ണമായും ജൈവികതയിലൂന്നിയാണ് ഇവരുടെ പ്രവര്‍ത്തനം

സുന്ദര്‍ബന്‍സ് എന്ന സുന്ദരി ഭൂമി

പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന സുന്ദര്‍ബന്‍സ് ഡെല്‍റ്റയിലാണ് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷിരീതിയായ ക്ഷീരകൃഷി എന്ന ആശയത്തിന് ചിറക് മുളയ്ക്കുന്നത്. തുവാലു, മാര്‍ഷല്‍, മാലദ്വീപ് എന്നീ ദ്വീപ് രാഷ്ട്രങ്ങളെ പോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കൊടിയ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുന്ന മേഖലയാണ് ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സുന്ദര്‍ബന്‍ ദ്വീപ് സമൂഹവും. ഇവിടുത്തെ 102 ഓളം വരുന്ന ദ്വീപുകളില്‍ 54 എണ്ണത്തിലാണ് ആള്‍പ്പാര്‍പ്പുള്ളത്. ഇതില്‍ തന്നെ ഭേദപ്പെട്ട പാരിസ്ഥിതിക ചുറ്റുപാടുള്ള ബസന്തി എന്ന ബ്ലോക്കിലാണ് ചൗരങ്കി സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടല്‍കാടുകള്‍ ഉള്ളതും റോയല്‍ ബംഗാള്‍ കടുവകളുടെ വിഹാരകേന്ദ്രവുമായ സുന്ദര്‍ബന്‍സിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുന്ന പ്രവേശന കവാടമാണ് ബസന്തി. കൊല്‍ക്കത്തയില്‍ നിന്നും ഹൈവേ വഴി ബസന്തയിലെത്താം. ബസന്തിക്ക് എതിര്‍വശത്തിലുള്ള സൊനാഖലിയില്‍ നിന്നുമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായ സുന്ദര്‍ബനിലെ ആവിക്കപ്പല്‍ യാത്രകള്‍ ആരംഭിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനമെന്ന വില്ലന്‍

”ഒരു പതിറ്റാണ്ടിന് മുന്‍പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഞങ്ങളുടെ കൃഷിയിടങ്ങളെല്ലാം ഉപ്പുവെള്ളത്തില്‍ മൂടി. പിന്നീട് 2009ല്‍ നടമാടിയ അയ്‌ല ചുഴലിക്കാറ്റും കൃഷി ഭൂമിയില്‍ നാശം വിതച്ചു. നെല്‍പ്പാടങ്ങള്‍ മുങ്ങി.കാലികള്‍ ചത്തൊടുങ്ങി. ഉപ്പ് പുതഞ്ഞ മണ്ണില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ വര്‍ഷങ്ങളോളം കൃഷി മുടങ്ങി. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉയര്‍ന്ന ഉപയോഗം കൃഷിഭൂമിയെ കൂടുതല്‍ താറുമാറാക്കി. ഇപ്പോള്‍ മഴയിലും കാര്യമായ മാറ്റങ്ങള്‍ വന്നു,”

സിഡബ്ല്യുഡിസിഎസ് ചെയര്‍പേഴ്‌സണും കന്നുകാലി ഉടമയുമായ സുപര്‍ണ ദേവ് പറയുന്നു. മറ്റ് കൃഷികള്‍ക്കായി പ്രകൃതിയെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ഷീരമേഖലയെ തങ്ങളുടെ ഉപജീവനമാര്‍ഗമായി തങ്ങള്‍ കണ്ടുതുടങ്ങിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

നീലയും പച്ചയുമാണ് പ്രകൃതി ഈ ഗ്രാമത്തിന് നല്‍കിയ വര്‍ണ്ണങ്ങളെങ്കിലും ഇവിടുത്തെ പെണ്ണുങ്ങളുടെ നിറപ്പകിട്ടാര്‍ന്ന സാരികളും ചെങ്കല്‍പ്പാതകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഗ്രാമത്തിന്റെ ഹരിതാഭയില്‍ ഇടക്കിടയ്ക്ക് വര്‍ണ്ണപ്പൊട്ടുകള്‍ ചാര്‍ത്തുന്നു. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്നും മൂന്നുമണിക്കൂര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സുന്ദര്‍ബന്‍സില്‍ വളരെ പെട്ടെന്നാണ് നഗരവത്കരണം നടക്കുന്നതെന്ന് സുപര്‍ണ ദേവ് പറയുന്നു. ഇപ്പോള്‍ ആഗോളവത്കരണവും ഇവിടെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈറ്റില്ലമായ സുന്ദര്‍ബന്‍സിലെ അപ്രതീക്ഷിതമായി ഉയരുന്ന മുദ്രനിരപ്പ്, ഉപ്പുവെള്ളക്കയറ്റം തുടങ്ങിയ പ്രതികൂലഘടകങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇവിടുത്തെ സ്ത്രീകള്‍ പഠിച്ച് കഴിഞ്ഞു. 49 ശതമാനമാണ് ഇവിടെ സ്ത്രീ ജനസംഖ്യ. കാലാവസ്ഥയെ ആശ്രയിച്ച് കൃഷി സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജൈവകൃഷിയിലൂന്നി കന്നുകാലി വളര്‍ത്തല്‍ ആരംഭിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിനായി സാങ്കേതികവിദ്യയുടെ സഹായവും ഇവര്‍ ഉപയോഗപ്പെടുത്തുന്നു.

”ഫോണ്‍ ഞങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വൈകാതെ തന്നെ ഞങ്ങള്‍ സ്മാര്‍ട്ട് ഫോണിലേക്ക് മാറും. ജൈവ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ കുറിച്ച് ഞങ്ങള്‍ക്കറിയാം, ഇനിയുമേറെ അറിയാനുണ്ട്” സുപര്‍ണ പറയുന്നു.

പൂര്‍വികര്‍ ചെയ്തിരുന്നത് പോലെ പരമ്പരാഗതരീതിയിലുള്ള ജൈവകൃഷിയിലേക്ക് ഇന്നത്തെ കാര്‍ഷികസംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നടപ്പാക്കി എന്ന അഭിമാനം സുപര്‍ണയുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.

കന്നുകാലി വളര്‍ത്തല്‍ ജൈവപാതയില്‍

2017-18ലെ കണക്കനുസരിച്ച് നാഷ്ണല്‍ പ്രാഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന് കീഴില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന 3.56 മില്യണ്‍ ഹെക്ടര്‍ ജൈവ കൃഷിഭൂമിയാണ് സുന്ദര്‍ബനിലുള്ളതെന്ന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ( എപിഇഡിഎ) വ്യക്തമാക്കുന്നു. ചൗരംഗിയിലെ വനിത ക്ഷീര സംഘവും ഇപ്പോള്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ്.

സുന്ദര്‍ബന്‍ ക്ഷീരസഹകരണ, കന്നുകാലി ഉല്‍പാദക യൂണിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചൗരംഗി വനിത ക്ഷീര സഹകരണ സൊസൈറ്റി, പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ സംരഭമായ സുന്ദരിണി നാച്ചുറല്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഗുണന്മേയുള്ള ക്ഷീര ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ പ്രശംസ പിടിച്ചുപറ്റിയ ബ്രാന്‍ഡാണ് സുന്ദരിണി. പശുവിന്‍ പാലും നെയ്യും കൂടാതെ മുട്ട, സുന്ദര്‍ബന്‍സില്‍ നിന്നുള്ള തേന്‍, അരി എന്നീ ഉല്‍പ്പന്നങ്ങളും ഈ ബ്രാന്‍ഡിന് കീഴില്‍ വില്‍പ്പന നടത്തുന്നു.

3500ഓളം ക്ഷീര കര്‍ഷകരുള്ള ഡിസിഎസ് സുന്ദര്‍ബന്‍സിലെ ഏഴ് ബ്ലോക്കുകളില്‍ നിന്നായി പ്രതിദിനം 4000 കിലോഗ്രാമിന്റെ പാല് ശേഖരിച്ച് റെക്കോര്‍ഡ്‌നേട്ടം കൊയ്യുന്നു. എന്‍ഡിഡിബിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും സാങ്കേതിക പിന്തുണയും ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. പ്രദേശത്തെ 70 ഓളം വരുന്ന വനിത സഹകരണ സംഘത്തില്‍ ഒന്നാണ് സിഡബ്ല്യൂഡിസിഎസ്.

”ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ ഉപയോഗിക്കാതെ നാടന്‍ പശുക്കളില്‍ നിന്നുള്ള ഗുണമേന്മയുള്ളതാണ് പാലാണ് ഇവിടെയുള്ളത്. സംഭരണ കേന്ദ്രങ്ങളില്‍ കൊഴുപ്പും മറ്റ് ഗുണനിലവാര പരിശോധനകളും നടത്തിയ ശേഷമാണ് പാലിന് വില നിശ്ചയിക്കുന്നത് ” സുപര്‍ണ പറഞ്ഞു.

”സംഭരണകേന്ദ്രത്തിലെത്തുന്ന എല്ലാ പാല്‍പ്പാത്രങ്ങളിലെയും പാല്‍ പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ട്. കൊഴുപ്പ് കുറവാണെങ്കില്‍ ആ പാല്‍ ഇവിടെ എടുക്കില്ല. അത്തരത്തില്‍ ഏറ്റവും മികച്ച ഗുണന്മയുള്ള പാല്‍ മാത്രമാണ് ഞങ്ങള്‍ പുറത്ത് കൊടുക്കുന്നത്” തലപ്പാവും ഏപ്രണും ധരിച്ച് പാല്‍ പരിശോധന പ്രക്രിയയെ പറ്റി ക്ഷീരകര്‍ഷകയായ മാധവി മ്രിദ്ദ മണ്ഡല്‍ വിശദീകരിച്ചു.

ഓരോ ദിവസത്തെയും പാലിന്റെ അളവും ഗുണനിലവാരവും ഡിജിറ്റലായി രേഖപ്പെടുത്തി സൂക്ഷിച്ചാണ് പത്ത് ദിവസം കൂടുമ്പോള്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്്. പ്രതിദിനം 50 ലിറ്റര്‍ പാല്‍ കൊണ്ടുവരുന്നവര്‍ വരെ് ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ 95 മെമ്പര്‍മാരാണ് സംഘത്തിലുള്ളതെങ്കിലും പശുക്കളുടെ കറവ അനുസരിച്ച് 30 മുതല്‍ 40 വരെ അംഗങ്ങള്‍ എപ്പോഴും സൊസൈറ്റിയില്‍ സജീവമായി ഉണ്ടാകും.

ജൈവിക രീതിയില്‍ കൃഷി ചെയ്‌തെടുത്ത ചോളം, മറ്റ് ധാന്യങ്ങള്‍,പ്രദേശത്ത് ലഭ്യമായ പുല്ലുകള്‍ എന്നിവയാണ് പശുക്കളുടെ ആഹാരം. 100 ശതമാനവും ജൈവികമാകുക എന്ന വെല്ലുവിളി ഉള്ളതിനാല്‍ പ്രകൃതിക്കിണങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഇവരുടെ ആശ്രയം.

”പൂര്‍ണമായും ജൈവികമായ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് പാലുല്‍പ്പാദനത്തിന്റെ എല്ലാ പ്രക്രിയകളും രാസവളകീടനാശിനി മുക്തമാകണം. പച്ചിലക്കൂട്ടുകളും ആയുര്‍വേദ മരുന്നുകളും മാത്രമാണ് കീടങ്ങളെ ചെറുക്കാനായി ഞങ്ങള്‍ ഉപയോഗിക്കുന്നത്. കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിനും രോഗങ്ങള്‍ക്കും ഇവ തന്നെ ഉപയോഗിുക്കുന്നു. വീടുകളില്‍ തന്നെ ആവശ്യത്തിന് പച്ചിലമരുന്നുകളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്തുന്നു. പശുവിന്റെ ചാണകവും ഗോമൂത്രവും മണ്ണിര കമ്പോസ്റ്റുമെല്ലാമാണ് കൃഷിക്കായി ആകെ ഉപയോഗിക്കുന്ന വളങ്ങള്‍. സുപര്‍ണ വിജയമന്ത്രം വ്യക്തമാക്കി .

സുന്ദര്‍ബന്‍ മേഖലയിലെ വനിത ക്ഷീരസംഘ സൊസൈറ്റിയുടെ പാലുല്‍പ്പാന സംവിധാനത്തെയും സാമൂഹിക സാമ്പത്തിക സവിശേഷതകളെയും സംബന്ധിച്ച് 2017ല്‍ നടത്തിയ പഠനത്തില്‍ ക്ഷീരകൃഷിക്ക് ആവശ്യമായ പച്ചപ്പുല്ല് ലഭിക്കാത്തതാണ് ഇവരുടെ പ്രധാന വെല്ലുവിളിയെന്ന് മൃഗശാസ്ത്ര വിദഗ്ധനായ സര്‍വ്വസ്വരൂപ് ഗോഷ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ടെന്നും പാലുല്‍പ്പാദക യൂണിയന്‍ തന്നെ പച്ചപ്പുല്ല് വളര്‍ത്തുന്നതിന് ആവശ്യമായ വിത്തുകള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും ഘോഷ് വ്യക്തമാക്കി.

സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. പാല് സംഭരണം മുതല്‍ക്ക് പാക്കേജിംഗ് വരെയുള്ള വിതരണ ശൃംഖല മുഴുവന്‍ കംപ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. ശുദ്ധമായ പാലുല്‍പ്പാദനത്തിന് സഹായകമായ ഏത് സാങ്കേതികവിദ്യയോടും ഇവര്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നും പൂര്‍ണമായും ജൈവരീതിയില്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതുവരെ എത്തിയിരിക്കുന്നു ഇവരുടെ പ്രവര്‍ത്തന പുരോഗതിയെന്നും ഘോഷ് പറഞ്ഞു.

വെറുതെ കളയാതിരിക്കാന്‍ കരുതലേറെ

മറ്റ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാടന്‍ പശുക്കളില്‍ നിന്ന് ഒരു പരിധിയിലേറെ പാല് ലഭിക്കുകയില്ല. അതിനാല്‍ തന്നെ പാല്‍ വെറുതെ പോകുകയുമില്ല. പണ്ട് വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന പാല്‍ പുഴയില്‍ ഒഴുക്കുകയോ പാടത്ത് കളയുകയോ ചെയ്തിരുന്നുവെന്ന് ക്ഷീര കര്‍ഷകയായ സാവിത്രി മണ്ഡല്‍ പറയുന്നു. എന്നാല്‍ ഇന്ന് ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പാല്‍ ക്ഷീര സഹകരണ സംഘത്തില്‍ വിറ്റ് മാന്യമായ പ്രതിഫലം കൈപ്പറ്റുന്നുവെന്ന് ഇവര്‍ അഭിമാനത്തോടെ പറയുന്നു. ഏകദേശം 5,000 രൂപയുടെ ലാഭമാണ് ഇവര്‍ പാലുല്‍പ്പാദനത്തിലൂടെ നേടുന്നത്.

പാലിലൂടെ കൈവന്ന സ്വയം പര്യാപ്തത

സ്വന്തമായി നിശ്ചിത തുക മാസവരുമാനമായി സമ്പാദിക്കുക എന്നത് ഒരു ഗൃഹസ്ഥയായ സ്ത്രീയെ സംബന്ധിച്ചെടുത്തോളം വലിയ കാര്യമാണ്. വീട്ടുചിലവുകള്‍ക്കും കുട്ടികളുടെ പഠിപ്പിനും ആവശ്യമായ പണത്തിന് ശേഷം മിച്ചം വരുന്ന തുക സ്വന്തം ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിക്ഷേ്പിക്കുന്നവര്‍ ഏറെയാണ്.

വരുമാനത്തോടൊപ്പം ക്ഷീരസംഘത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന മാനസികോന്മേഷവും ചെറുതല്ല.

‘പാല്‍ സംഭരണ കേന്ദ്രത്തിലേക്കുള്ള യാത്ര തങ്ങള്‍ക്ക് പതിവ് പ്രഭാത സവാരിയായി തീര്‍ന്നിരിക്കുന്നു. ഒരു കിലോമീറ്ററോളം പാല്‍പ്പാത്രവുമായി നടന്ന് സംഭരണ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുന്നത് പാല്‍ വില്‍ക്കാന്‍ മാത്രമല്ല, തങ്ങളുടെ പ്രശ്‌നങ്ങളും വിശേഷങ്ങളും സുഹൃത്തുക്കളോട് പങ്കുവയ്ക്കാന്‍ കൂടിയാണ്’.

കൂട്ടായ്മയുടെ ഒത്തൊരുമ ആസ്വദിക്കുന്ന റീത്ത എന്ന ക്ഷീരകര്‍ഷക പറയുന്നു. പാലിനോടൊപ്പം താനുണ്ടാക്കുന്ന ജൈവ വളവും റീത്ത മാര്‍ക്കറ്റില്‍ വില്‍ക്കുന്നുണ്ട്.

ഓണ്‍ലൈനായാണ് ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ട്. പത്ത് ദിവസം കൂടുമ്പോള്‍ പാല് വിറ്റ തുക ഇവരുടെ എക്കൗണ്ടിലെത്തുന്നു. എടിഎം വഴി ഇവര്‍ തന്നെ ആവശ്യത്തിന് പണം പിന്‍വലിക്കുന്നു. ഞങ്ങളുടെ വരുമാനം ഞങ്ങള്‍ തന്നെ നിയന്ത്രിക്കുന്നുവെന്ന് റീത്ത സന്തോഷത്തോടെ പറയുന്നു.

Comments

comments

Categories: FK Special, Slider