നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും നികുതി കുറയും

നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും നികുതി കുറയും

മുമ്പ് നിര്‍മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികളുടെ കൈമാറ്റത്തിന് 4.5 ശതമാനം സേവന നികുതിയാണ് ഈടാക്കിയിരുന്നത്

ന്യൂഡെല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റുകളുടെയും വീടുകളുടെയും വില്‍പ്പനയ്ക്കുള്ള നികുതി 5 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തയാറെടുക്കുന്നു. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതോ ആയ പ്രോപ്പര്‍ട്ടികള്‍ക്കായി നല്‍കുന്ന പേമെന്റിന് 12 ശതമാനം ചരക്കു സേവന നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ ബില്‍ഡര്‍മാര്‍ക്ക് ലഭിക്കുന്ന തുക കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ നികുതി 5-6 ശതമാനം മാത്രമേ വരുന്നുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ നേട്ടം ബില്‍ഡര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല. വില്‍പ്പന സമയത്ത് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമായ പ്രോപ്പര്‍ട്ടികള്‍ക്ക് വാങ്ങലുകാരില്‍ നിന്ന് നിലവില്‍ ജിഎസ്ടി ഈടാക്കുന്നില്ല.
കെട്ടിട നിര്‍മാണത്തിലെ ഒട്ടുമിക്ക അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇന്‍പുട്ട് സേവനങ്ങളും 18 ശതമാനം നികുതി നിരക്കിലാണ് വരുന്നത്. എന്നാല്‍ പ്രധാന അസംസ്‌കൃത വസ്തുവായ സിമന്റ് 28 ശതമാനം നിരക്കിലാണ്. സിമന്റിന്റെ നിരക്ക് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കുറയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പ് നിര്‍മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടികളുടെ കൈമാറ്റത്തിന് 4.5 ശതമാനം സേവന നികുതിയാണ് ഈടാക്കിയിരുന്നത്. 1-5 ശതമാനം വരെ മൂല്യ വര്‍ധന നികുതി (വാറ്റ്) സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍മാണത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം എക്‌സൈസ് ഡ്യൂട്ടി ഉണ്ടായിരുന്നതിനു പുറമോ 12.5-14.5 ശതമാനം വാറ്റും ഉണ്ടായിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് പ്രവേശന നികുതിയും ഉണ്ടായിരുന്നു.

നേരത്തേ ജിഎസ്ടി യിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി റിയല്‍ എസ്‌റ്റേറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ഒട്ടുമിക്ക ബില്‍ഡര്‍മാരും തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്കിളവിനെ കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ സജീവമായി പരിഗണിക്കുന്നത്.

Comments

comments

Categories: FK News
Tags: tax