സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ചൈനയെ കടത്തിവെട്ടി

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ചൈനയെ കടത്തിവെട്ടി

ആധുനിക വാണിജ്യമേഖലയുടെ സ്വഭാവമായ ഏറ്റെടുക്കലുകളുടെയും ലയനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കിയിരിക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വികസനമാണ് ഇതിന് സഹായിച്ചത്

 

മേയ് ആരംഭത്തോടെ അമേരിക്കന്‍ റീറ്റെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടില്‍ 77 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി ഈ ഇടപാട് മാറി. രാജ്യത്തെ ഉയര്‍ന്നുവരുന്ന ഇ-കൊമേഴ്‌സ് വിപണിയുടെ പകുതിയോളം ഇതോടെ വാള്‍മാര്‍ട്ട് ശൃംഖലയുടെ കൈപ്പിടിയിലായി. മറുപകുതിയാകട്ടെ വാള്‍മാര്‍ട്ടിന്റെ കടുത്ത എതിരാളിയും മറ്റൊരു യുഎസ് കമ്പനിയുമായ ആമസോണിന്റെ കൈയിലേക്കും വന്നു കഴിഞ്ഞിരിക്കുന്നു. അതായത്, ലോകജനസംഖ്യയുടെ പകുതിയും രണ്ട് യുഎസ് ഭീമന്മാര്‍ പകുത്തെടുത്തിരിക്കുന്നുവെന്നു ചുരുക്കം.

ഇന്ത്യയില്‍ അഞ്ചു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ത്തന്നെ ആമസോണ്‍ രാജ്യത്ത് ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. പണരഹിത ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്ന രാജ്യത്ത് ഇത്തരം പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്ഡിഐ) പദ്ധതികളെ ആകര്‍ഷിക്കാന്‍ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. രാജ്യത്തെ ചെറുകിട,വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും, ഇ കൊമേഴ്‌സ് കമ്പനികള്‍ ഒരു പരിധി വരെ ഇന്ത്യയിലെ കമ്പനി നിയമങ്ങള്‍ക്ക് വെളിയിലാണ്. റീറ്റെയ്ല്‍ രംഗത്തെ 49% എഫ്ഡിഐ പരിധി ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ബാധകമല്ല.

ആപ് അധിഷ്ഠിത ഭക്ഷ്യ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, ദക്ഷിണാഫ്രിക്കന്‍ ഇ- കൊമേഴ്‌സ് സ്ഥാപനമായ നസ്‌പെഴ്‌സില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ആപ് അധിഷ്ഠിത വിദ്യാഭ്യാസ സേവനദാതാവ് ബൈജൂസ് നസ്‌പെഴ്‌സില്‍ നിന്ന് 540 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സേവനദാതാവ് ഒയോ റൂം ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, അമേരിക്കയുടെ സെക്വയ ക്യാപ്പിറ്റല്‍ എന്നിവരില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചു. പുതിയ നിക്ഷേപസമാഹരണത്തിലൂടെ ഓയോ റൂമും ബൈജൂസും ഇന്ത്യക്കു പുറത്തേക്ക് വികസനത്തിനു വഴിതേടുമ്പോള്‍ എതിരാളികളായ സൊമാറ്റൊ, യൂബര്‍ ഈറ്റ്‌സ് എന്നിവരോട് മല്‍സരിക്കാനും തങ്ങളുടെ സ്ഥാനം സുശക്തമാക്കാനുമാണ് സ്വിഗ്ഗിയുടെ ശ്രമം.

130 കോടി ജനങ്ങള്‍, ശക്തമായ ജിഡിപി വളര്‍ച്ച, മധ്യവര്‍ഗത്തിന്റെ വികസനം, സ്മാര്‍ട്ട്‌ഫോണ്‍ സാക്ഷരരുടെ എണ്ണത്തിലുള്ള കുതിപ്പ്, ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് എന്നിവയുടെ കടന്നു കയറ്റം എന്നിവയാണ് ഇത്തരം ആഗോളസ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ഇതെല്ലാമാണ് തങ്ങളെ ഇവിടേക്ക് നയിച്ചതെന്ന് വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിലെ നിക്ഷേപസമയത്ത് വ്യക്തമാക്കിയിരുന്നു. അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് ഖനന, ഹൈഡ്രോകാര്‍ബണ്‍ മേഖലകളില്‍ ഒമ്പത് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി 5000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരിക്കുന്നു.

ഈ വര്‍ഷം ഇന്ത്യ, ഏറ്റെടുക്കല്‍- ലയന മേഖലകളില്‍ ചൈനയെ പിന്തള്ളിയിരിക്കുകയാണ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 38 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശ ആസ്തികളാണ് ഇന്ത്യന്‍ കമ്പനികള്‍ ഏറ്റെടുത്തത്. അതേസമയം ചൈനയ്ക്കാകട്ടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശഓഹരികളേ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബിസിനസ് അനുകൂല പദ്ധതികള്‍, സുസ്ഥിരസാമ്പത്തികനയം, ജിഎസ്ടി പോലുള്ള പരിഷ്‌കരണങ്ങള്‍ ഇ-കൊമേഴ്‌സിനെ പ്രോല്‍സാഹിപ്പിക്കുകയും വിദേശ നിക്ഷേപകരെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്കു തുടരുമോയെന്നത് അവ്യക്തമാണ്.

പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ കാര്യമെടുത്താല്‍ നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 70 ബില്ല്യണ്‍ ഡോളറുമായി ചൈന ഇന്ത്യയേക്കാള്‍ ബഹുദൂരം മുമ്പിലാണ്. ഇക്കാലയളവിലെ ഇന്ത്യയിലെ വിദേശനിക്ഷേപം 22 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ചൈനയില്‍ ഇപ്പോഴും വന്‍തോതില്‍ വിദേശനിക്ഷേപം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുമ്പിലാണ് ബ്രസീലിന്റെ സ്ഥാനം. 25.5 ബില്യണ്‍ ഡോളറാണ് ബ്രസീലിന്റെ എഫ്ഡിഐ നിക്ഷേപം. അതേസമയം, ആഗോളതലത്തില്‍ ആദ്യ അര്‍ധവാര്‍ഷിക വിദേശനിക്ഷേപം 41 ശതമാനം ഇടിഞ്ഞിരിക്കുന്നു. പ്രതീക്ഷിത തുകയായ 470 ബില്യണ്‍ ഡോളറിന്റെ 41 ശതമാനം കുറഞ്ഞതായാണ് ഐക്യരാഷ്ട്രസഭയുടെ വാണിജ്യ- വികസന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് ഈയിടെ പലിശനിരക്കുകളില്‍ വരുത്തിയ വര്‍ധന, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുഫലങ്ങളില്‍ അനിശ്ചിതത്വം പടരുമെന്നതിന്റെ സൂചനയാണെന്ന് ഇ വൈ ഇന്ത്യയുടെ മുഖ്യ ഉപദേശകനായ ഡി കെ ശ്രീവാസ്തവ പ്രവചിക്കുന്നു. ഈ സാഹചര്യം ചൈന- യുഎസ് ബന്ധത്തില്‍ അടുത്തിടെ ഉണ്ടായ വിള്ളല്‍ മൂലമുണ്ടായ നിലവിലെ പ്രതികൂല സാഹചര്യം മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു. യുഎസുമായി കറന്റ് എക്കൗണ്ട് മിച്ചം കൈകാര്യം ചെയ്യുന്ന രാജ്യങ്ങളുടെ ഒരു നിരീക്ഷണപട്ടിക ഇന്ത്യ പുതുതായി അവതരിപ്പിച്ചിട്ടുണ്ടെന്ന് ഐഐഎം കൊല്‍ക്കത്ത പ്രൊഫസറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിഭാഗം ഗവേഷണ വിഭാഗം മുന്‍ ഡയറക്ടറുമായ പാര്‍ഥ റേ ചൂണ്ടിക്കാട്ടി. കറന്‍സി തട്ടിപ്പ് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും.

കയറ്റുമതി അധിഷ്ഠിത, നിര്‍മ്മാണമേഖലയിലെ പരമ്പരാഗത മുന്‍തൂക്കം തിരിച്ചു പിടിക്കാനായി ചൈന തങ്ങളുടെ കറന്‍സി യുവാന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. ഇതിനു ശേഷം പ്രധാന ആഭ്യന്തര പലിശ നിരക്കുകളും കുറച്ചു. ഡോളറിനെതിരേ യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ന്ന മൂല്യമാണ് ഏതാനും വര്‍ഷങ്ങളായി യുവാന് നല്‍കിയിരുന്നതെന്ന് യുഎസ് ആരോപിക്കുന്നു. ഇത് കറന്‍സി തട്ടിപ്പാണെന്ന് അവര്‍ പറയുന്നു. കറന്‍സി തട്ടിപ്പ് തെളിയിക്കാന്‍ പ്രയാസമാണ്. ഒരു രാജ്യം സ്വന്തം കറന്‍സിയുടെ മൂല്യം ബോധപൂര്‍വ്വം താഴ്ത്തുന്ന പ്രക്രിയയാണിത്. ഇതിനു വേണ്ടി സ്വന്തം കറന്‍സി കടപ്പത്ര രൂപേണ വില്‍ക്കുകയാണു ചെയ്യുക. ഇതിലൂടെ കയറ്റുമതിച്ചെലവ് കുറയ്ക്കാനും കമ്പോളത്തെ തങ്ങള്‍ക്ക് അനുകൂമായി മല്‍സരാധിഷ്ഠിതമാക്കാനും കഴിയും.

യുവാന്റെ മൂല്യമിടിക്കാനായി അമേരിക്കയുടെ കൂടുതല്‍ കടപ്പത്രങ്ങള്‍ഏറ്റെടുക്കുന്ന തന്ത്രമാണ് ചൈന പുറത്തിറക്കുന്നതതെന്നാണ് ആരോപണം. കയറ്റുമതിയിലൂടെ കൂടുതലായി ലഭിച്ച യുഎസ് ഡോളറുകളാണ് ഇതിനായി ചൈന ഉപയോഗപ്പെടുത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതോടെ ഇതില്‍ നല്ലൊരു ശതമാനം ചൈന വില്‍ക്കുകയും അങ്ങനെ ഡോളര്‍വില ഇടിയുകയും ചെയ്യും. ഏകദേശം ഒരു ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് കടപ്പത്രങ്ങള്‍ ചൈനയുടെ പക്കലുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ കോര്‍പറേറ്റ് ആസ്തികളിലേക്ക് ചൈനയേക്കാള്‍ കൂടുതല്‍ നിക്ഷേപം ഒഴുകുകയാണെങ്കില്‍, അതിന്റെ പ്രത്യാഘാതം ചൈനയെയും യുഎസ് പോലുള്ള വികസിതരാഷ്ട്രങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

ആഗോള വ്യാപാരഭ്രമണപഥത്തിലൂടെയുള്ള നട്ടംതിരിയലിനിടയില്‍, ആഗോള ആഗോള വ്യാപാര രാഷ്ട്രങ്ങള്‍ ചൈനയെ താഴ്ത്തി ക്കാണുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നതില്‍ സംശയമില്ല. മാത്രമല്ല, ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ വളര്‍ച്ചാനിരക്കുകളില്‍ ഏറ്റവും ഉയരത്തിലെത്തിയിരിക്കുകയാണ്. ആഗോള വളര്‍ച്ചാനിരക്കിലെ സ്വന്തം സ്ഥാനം, 2014ലെ 142- ല്‍ നിന്ന് ഈ വര്‍ഷം 77ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് രാജ്യം. ഇതു ചെറിയ നേട്ടമല്ലെന്നും പാര്‍ഥ റേ ചൂണ്ടിക്കാട്ടുന്നു. ഒരു സംരംഭത്തിനു തുടക്കമിടുന്ന ഇന്ത്യയുടെ റാങ്ക് 137 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. ബിസിനസ്സ് റാങ്കിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ദീര്‍ഘകാല ശുഭപ്രതീക്ഷയ്ക്കുള്ള വകുപ്പായി കരുതാനാകുമോയെന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ പ്രവചിക്കാനാകില്ലെന്ന് പാര്‍ഥ റേ പറയുന്നു.

ബിസിനസ്സ് റാങ്കിംഗില്‍ ഇന്ത്യ നല്ല പ്രകടനം കാഴ്ച വെച്ചെങ്കിലും, കറന്റ് എക്കൗണ്ട് കമ്മി കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ചൈനയുമായി താരതമ്യേന വ്യത്യസ്തമാണെങ്കില്‍ത്തന്നെയും ഇന്ത്യയുടെ വ്യാപാരക്കമ്മിക്ക് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ മിച്ചമൂല്യം കൂടുതലാണെന്നു കാണാം. ഇത്തരം സമ്പദ്‌വ്യവസ്ഥയുമായി മുമ്പോട്ടു പോകുന്ന രാജ്യങ്ങളെ യുഎസ് സംശയദൃക്കോടെയാണു കാണുന്നത്. ഇവരെയെല്ലാം കറന്‍സിതട്ടിപ്പുകാര്‍ എന്നു വിളിച്ച് ആക്ഷേപിക്കാനാണ് അവര്‍ ശ്രമിക്കുന്നത. കറന്റ് എക്കൗണ്ട് മിച്ചമൂല്യത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യുഎസ് ട്രഷറി റിപ്പോര്‍ട്ട് പുറത്തിറക്കി. ഇത് യുഎസിനു മുമ്പില്‍ നമ്മെ അനഭിമതരാക്കുമെന്ന് കല്‍കട്ട പാര്‍ഥ റേ ചൂണ്ടിക്കാട്ടുന്നു.

ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളുമ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2017ന്റെ നാലാം പാദത്തില്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം ആദ്യ മൂന്നു പാദങ്ങളേക്കാള്‍ ഇടിഞ്ഞു. എന്നാല്‍ ഈ ഇടിവ് പരിഗണിക്കാതെ തന്നെ രാജ്യം സ്വീകരിച്ച മൊത്തം വാര്‍ഷിക വിദേശനിക്ഷേപം 56 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ജിഡിപിയുടെ 2.2 ശതമാനത്തിന് തുല്യമായ തുകയാണിത്. പ്രത്യക്ഷ വിദേശ നിക്ഷേപം കൂടുതല്‍ ഇവിടേക്കു വന്നതും പോര്‍ട്ട്‌ഫോളിയോ നിക്ഷേപം താരതമ്യേന ശക്തമായതുമാണ് ഇതിനു കാരണം. ആഗോള പ്രത്യക്ഷനിക്ഷേപത്തിലെ കുറവിനു കാരണം പലിശനിരക്ക് ഉയര്‍ന്നതിനാല്‍ യുഎസ്എയിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതാണ്. ഫെഡറല്‍ റിസര്‍വ് 2018 ല്‍ നാലു തവണ കാല്‍ ശതമാനം വീതം പലിശ ഉയര്‍ത്തിയിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പിനെ അവഗണിച്ച് വായ്പാനിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കന്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള സമ്പദ്‌വ്യവസ്ഥകളില്‍ നിക്ഷേപിക്കുന്നതിനു പകരം ആഭ്യന്തരനിക്ഷേപത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഫെഡറല്‍ റിസര്‍വിന്റെ സമീപകാല നയം ആഗോള നിക്ഷേപക സമൂഹത്തെ ബാധിക്കുമെന്നും സ്വാഭാവികമായും ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. ഉടന്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ ചുവടു പിടിച്ചാണ് ഫലങ്ങള്‍ വരുന്നതെങ്കില്‍ വിദേശനിക്ഷേപങ്ങളുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകും.

എന്നാല്‍ ഇതിന്റെ മികവാര്‍ന്ന ഒരു വശം ഇന്ത്യ വിദേശനിക്ഷേപങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുന്നുവെന്നതാണ്. ഇത് ഇവിടേക്ക് കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നു. വ്യവസായ മേഖലകളിലെ സേവനവിഭാഗമടക്കമുള്ള ചില മേഖലകളില്‍, മൂലധന നിക്ഷേപത്തിനുള്ള പ്രതിഫലം വളരെ കൂടുതലുമായിരിക്കും. കൂടാതെ വിദഗ്ധതൊഴിലാളികള്‍ കുറഞ്ഞ വേതനത്തിനും ലഭ്യമാകുന്നതും ഇവിടേക്ക് വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ചില ഘടകങ്ങളാണ്. അതിനിടെ ഇ-കൊമേഴ്‌സ് നയം പുനരുജ്ജീവിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സര്‍ക്കാര്‍ തലത്തില്‍ ചൂടുപിടിക്കുകയാണ്. ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ- കൊമേഴ്‌സ് സൈറ്റുകള്‍ വഴിയുളള വില്‍പ്പനവാഗ്ദാനങ്ങള്‍ നിയന്ത്രിക്കാനുളള വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Comments

comments

Categories: Business & Economy, Slider