ഒവിഎല്‍ ലിസ്റ്റിംഗിന് സമയമായില്ലെന്ന് ഒഎന്‍ജിസി ബോര്‍ഡ്

ഒവിഎല്‍ ലിസ്റ്റിംഗിന് സമയമായില്ലെന്ന് ഒഎന്‍ജിസി ബോര്‍ഡ്

ഒവിഎല്‍ വലിയ രീതിയില്‍ വായ്പകളെടുത്തിട്ടുള്ളതിനാല്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പായി വായ്പാ ദാതാക്കളുടെ അഭിപ്രായവും തേടേണ്ടതുണ്ട്

ന്യൂഡെല്‍ഹി: പൊതുമേഖല ഇന്ധന കമ്പനിയായ ഒഎന്‍ജിസിയുടെ വിദേശ നിക്ഷപങ്ങള്‍ക്കായുള്ള ഉപ കമ്പനി ഒവിഎലിനെ ലിസ്റ്റ് ചെയ്യുന്നതിന് ഇത് ഉചിതമായ സമയമല്ലെന്ന് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് നിരീക്ഷിച്ചു. നിക്ഷേപങ്ങളും പൊതു ആസ്തികളുടെ ക്രമീകരണവും സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വകുപ്പാണ് ഒവിഎല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. ഡിസംബര്‍ 21ന് ചേര്‍ന്ന ഒഎന്‍ജിസി ഡയറക്റ്റര്‍ ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും, നിലവില്‍ ഒരു എണ്ണ-വാതക പര്യവേഷണ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിന് അനുകൂലമായ വിപണി സാഹചര്യമല്ലാ ഉള്ളതെന്നാണ് വിലയിരുത്തിയത്.
ഒവിഎലിന്റെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് നിരവധി സങ്കീര്‍ണതകള്‍ മറികടക്കേണ്ടതായുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ് ഉപരോധങ്ങള്‍ നേരിടുന്ന വെനസ്വല, ഇറാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ ഒവിഎലിന് ആസ്തികളുണ്ട്. ലിസ്റ്റിംഗിന് മുമ്പായി അവ കമ്പനിയില്‍ നിന്ന് വേര്‍പെടുത്തേണ്ടതുണ്ട്. അത് പ്രയാസകരമായൊരു പ്രവൃത്തിയല്ലെങ്കിലും മൂലധന നേട്ടവുമായും നികുതിയുമായും ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളിലേക്ക് അത് നയിച്ചേക്കുമെന്നാണ് ഒഎന്‍ജിസി ബോര്‍ഡ് ആശങ്കപ്പെടുന്നത്.

ഒവിഎല്‍ വലിയ രീതിയില്‍ വായ്പകളെടുത്തിട്ടുള്ളതിനാല്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പായി വായ്പാ ദാതാക്കളുടെ അഭിപ്രായവും തേടേണ്ടതുണ്ട്. 20 രാജ്യങ്ങളിലെ 41 പദ്ധതികളിലായി ഒവിഎല്‍ നടത്തിയ 28.45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തില്‍ മൂന്നിലൊരു ഭാഗം കണ്ടെത്തിയത് വായ്പകളില്‍ നിന്നാണ്.

ഒവിഎല്‍ ഇപ്പോഴും ഒരു സ്വതന്ത്ര സംരംഭം എന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടില്ലായെന്നതും ലിസ്റ്റിംഗിന് തടസമാണ്. വായ്പകള്‍ക്കായുള്ള ഗാരണ്ടിക്ക് പോലും ഇപ്പോഴും മാതൃകമ്പനിയെയാണ് ആശ്രയിക്കുന്നത്. വന്‍ ആസ്തികള്‍ സ്വന്തമായുള്ള ഒവിഎല്‍ മൊസാംബികിലെ വാതക പാടം പോലുള്ള രണ്ട് വന്‍ ആസ്തികളില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ സ്വതന്ത്രമായ സാമ്പത്തിക സ്ഥിതിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒവിഎലിന്റെ നിരവധി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുയാണ്. ഇവയില്‍ നിന്നെല്ലാം വരുമാനം കണ്ടെത്താനാകുന്ന സാഹചര്യത്തില്‍ ഐപിഒയിലേക്ക് നീങ്ങുന്നത് മികച്ച നേട്ടം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: ONGC