‘ടേക്ക് ഓഫ്’ ചെയ്യാതെ ഇലക്ട്രിക് വാഹനങ്ങള്‍

‘ടേക്ക് ഓഫ്’ ചെയ്യാതെ ഇലക്ട്രിക് വാഹനങ്ങള്‍

ദുബായില്‍ ഏകദേശം 4,000ത്തോളം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ റോഡിലുണ്ട്

ദുബായ്: ഇലക്ട്രിക് കാറുകളെ സംബന്ധിച്ചിടത്തോളം വലിയ ആഗ്രഹമാണ് ദുബായ് നഗരത്തിനുള്ളത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ്, ടോളുകളില്‍ നിന്ന് ഇളവ്, റെജിസ്‌ട്രേഷന്‍ ഫീസില്‍ ഡിസ്‌ക്കൗണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ദുബായ് നല്‍കുന്നത്. എന്നാല്‍ ഇലക്ട്രിക് കാറുകളോട് ജനങ്ങള്‍ക്ക് ഇപ്പോഴും അത്ര പ്രിയം വന്നിട്ടില്ലെന്നു വേണം കരുതാന്‍.

സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. നൂറുകണക്കിന് കാറുകളാണ് ബള്‍ക്കായി പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ വാങ്ങുന്നത്. പ്രശസ്ത ഇലക്ട്രിക് കാറായ ടെസ്ലയ്ക്ക് 91,400 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ച് സാമ്പത്തിക ലാഭമൊന്നുമില്ല എന്നതിനാലാണ് പലര്‍ക്കും ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമില്ലാത്തത്. ചെലവ് കൂട്ടുന്ന കാര്‍ വാങ്ങുന്നതെന്തിനെന്ന് ചിന്തിക്കുന്നവരുമുണ്ട്.

പക്ഷേ സര്‍ക്കാര്‍ ചിന്തിക്കുന്നത് 2020 ആകുമ്പോഴേക്കും 32,000 ഇലക്ട്രിക് വാഹനങ്ങളെങ്കിലും നിരത്തിലുണ്ടാകുമെന്നാണ്. മൂന്ന് ദശലക്ഷം ജനസംഖ്യയുള്ള എമിറേറ്റില്‍ കാര്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് യോജിക്കുന്ന തരത്തിലുള്ള മോഡലുകള്‍ അവതരിപ്പിക്കണമെന്നാണ് വിപണിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വിഭാഗങ്ങളിലായി ഏകദേശം 4,000ത്തോളം കാറുകളാണ് ദുബായ് നിരത്തുകളിലുള്ളത്. ഇതില്‍ പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളെന്ന് പറയാവുന്നവ 1,000 മാത്രമായിരിക്കും. 2030 ആകുമ്പോഴേക്കും ദുബായിലെ മൊത്തം വാഹനങ്ങളില്‍ 10 ശതമാനവും ഇലക്ട്രിക് ആക്കി മാറ്റുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് റെനോ തങ്ങളുടെ ഇലക്ട്രിക് കാറായ സോ ദുബായില്‍ വില്‍ക്കാന്‍ തുടങ്ങിയത്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയായിരുന്നു ആദ്യ ഉപഭോക്താവ്. പിന്നീട് ദുബായ് പൊലീസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ കാര്‍ വാങ്ങി. എന്നാല്‍ കാറിന്റെ റീട്ടെയ്ല്‍ വില്‍പ്പന അത്ര വിജയമായിരുന്നില്ലെന്ന് അറേബ്യന്‍ ഓട്ടോമൊബീല്‍സ് കോയുടെ സേല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ സല യമൗത്ത് പറഞ്ഞു. ദുബായില്‍ റെനോയുടെ വില്‍പ്പന നടത്തുന്നത് അറേബ്യന്‍ ഓട്ടോമൊബീല്‍സാണ്.

ദുബായിലെ തങ്ങളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടാന്‍ ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല ഇതുവരെ തയാറായിട്ടില്ല. താരതമ്യേന വില കുറഞ്ഞ കാറായ മോഡല്‍ 3 സെഡാന്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ ഡെലിവറി ചെയ്യാന്‍ സാധിക്കുമെന്നാണ് ടെസ്ലയുടെ പ്രതീക്ഷ. 200 ടെസ്ല കാറുകള്‍ തങ്ങള്‍ വാങ്ങുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് സസ്റ്റയ്‌നബിള്‍ സിറ്റിയില്‍ 2015ലാണ് ആദ്യ ഇലക്ട്രിക് കാര്‍ ചാര്‍ജറുകള്‍ സര്‍ക്കാര്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. എന്നാല്‍ അവിടുത്തെയും ജനങ്ങള്‍ക്ക് അത്ര വലിയ താല്‍പ്പര്യം ഇലക്ട്രിക് വാഹനങ്ങള്‍ക്കുണ്ടായില്ലെന്ന വാദങ്ങളും ഉയര്‍ന്നുവന്നിരുന്നു.

 

  • സാധാരണ ജനങ്ങള്‍ക്ക് ഇലക്ട്രിക് കാറുകളോട് ഇപ്പോഴും അത്ര താല്‍പ്പര്യമില്ല
  • ഇലക്ട്രിക് കാറുകള്‍ കൂടുതലും വാങ്ങുന്നത് സര്‍ക്കാര്‍ വകുപ്പുകള്‍
  • കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കി ജനങ്ങളെ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍
  • 2030 ആകുമ്പോഴേക്കും മൊത്തം വാഹനങ്ങളുടെ 10 ശതമാനം ഇലക്ട്രിക് മോഡിലുള്ളതാക്കാനാണ് ദുബായിയുടെ ശ്രമം

Comments

comments

Categories: Arabia