ക്രെഡിറ്റ് സ്യൂസ് സിഇഒ രാജിവെച്ചു; 2019ല്‍ കമ്പനി വിടും

ക്രെഡിറ്റ് സ്യൂസ് സിഇഒ രാജിവെച്ചു; 2019ല്‍ കമ്പനി വിടും

സൗദി അറേബ്യയിലെ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് അബ്ദുളസീസ് ബിന്‍ ഹസ്സന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് അബ്ദുളസീസ് ബിന്‍ ഹസ്സന്‍ രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം അദ്ദേഹം കമ്പനിയില്‍ നിന്നും പുറത്തുപോരും. അതേസമയം വാര്‍ത്തയോട് ക്രെഡിറ്റ് സ്യൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിന്‍ ഹസ്സനും വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.

ആഗോള ധനകാര്യ സേവനരംഗത്തെ ഭീമന്‍ കമ്പനിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമാക്കിയ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി. സൗദി അറേബ്യയിലെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി കമ്പനി ശ്രമിച്ചുവരുന്നുണ്ട്. അതിനിടെയാണ് സിിഒയുടെ രാജി.

ഒക്‌റ്റോബറിന് ശേഷം ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്ന് മൂന്ന് ബാങ്കര്‍മാരെ ക്രെഡിറ്റ് സ്യൂസ് റാഞ്ചുകയും ചെയ്തിരുന്നു. സൗദിയിലെ ഇക്വിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലായിരുന്നു അത്. ബാങ്ക് ഓഫ് അമേരിക്കയിലെ പ്രമുഖ എക്‌സിക്യൂട്ടിവായിരുന്ന ഹംദി ഹമൗദിയെയാണ് ഇക്വിറ്റി വില്‍പ്പനയുടെ തലപ്പത്തേക്ക് ക്രെഡിറ്റ് സ്യൂസ് നിയമിച്ചത്. ഇമ്രാന്‍ ദാദാബോയിയെ സേല്‍സ് ട്രേഡിംഗ് നിയന്ത്രിക്കുന്നതിനായും നിയോഗിച്ചു. ജനുവരിയില്‍ ഇരുവരും തങ്ങളുടെ ജോലി തുടങ്ങുമെന്നാണ് വിവരം.

സൗദി അറേബ്യയിലെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് അവിടെ ബാങ്കിംഗ് ലൈസന്‍സിനും ക്രെഡിറ്റ് സ്യൂസ് അപേക്ഷിച്ചിട്ടുണ്ട്. അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയുള്ള രാജ്യത്ത് ധനകാര്യ സേവനമേഖലയില്‍ വലിയ സാധ്യതകളുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസിന്റെ വിലയിരുത്തല്‍. ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയുടെ മാനേജിംഗ് ഡയറക്റ്ററായ അഹമ്മദ് ബദറിനായിരിക്കും ഇരുവരും റിപ്പോര്‍ട്ട് ചെയ്യുക.

സൗദിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുബിഎസ് ഗ്രൂപ്പില്‍ നിന്നുള്ള ഡൊമിനിക്ക് ലെയ്മറെ തങ്ങളുടെ സ്വകാര്യ വെല്‍ത്ത് യൂണിറ്റിന്റെ മേധാവിയായി ക്രെഡിറ്റ് സ്യൂസ് നിയമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വാര്‍ത്തയ്ക്ക് കമ്പനി സ്ഥിരീകരണം നല്‍കിയെങ്കിലും എന്തെല്ലാമാണ് പദ്ധതികളെന്ന് വ്യക്തമാക്കിയില്ല.

Comments

comments

Categories: Arabia

Related Articles