ചൈനീസ് ജിഡിപിയുടെ മൂന്നിലൊന്ന് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ

ചൈനീസ് ജിഡിപിയുടെ മൂന്നിലൊന്ന് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ

റഷ്യ, കാനഡ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവയ്‌ക്കൊപ്പം മൂന്നാം നിരയിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന് പഠനം

ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്നില്‍ ഒരു ഭാഗത്തോളം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് അക്കാഡമി ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പു വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ചൈനയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം മൂല്യം 2.3 ട്രില്യണ്‍ ഡോളറിലെത്തി. ആകെ ജിഡിപിയുടെ 38.2 ശതമാനമാണിത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി രാജ്യത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉല്‍പ്പാദന രംഗത്ത് നിന്നും സാങ്കേതിക മേഖലകളിലേക്ക് ചൈനയുടെ ശ്രദ്ധ തിരിയുന്നുവെന്ന സൂചനയാണ് ഇത് പ്രകടമാക്കുന്നത്.

അതേസമയം റഷ്യ, കാനഡ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവയ്‌ക്കൊപ്പം മൂന്നാം നിരയിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം. ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ 42 ശതമാനം പങ്കാളിത്തത്തോടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ ആഗോള നേതൃസ്ഥാനത്തേക്ക് എത്തിപ്പെടാനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രമുഖ കണ്‍സള്‍ട്ടെന്‍സി സ്ഥാപനമായ മക്കെന്‍സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. യുഎസിനേക്കാള്‍ 11 ഇരട്ടി മൊബീല്‍ സാമ്പത്തിക ഇടപാടുകളാണ് പ്രതിവര്‍ഷം ചൈന നടത്തുന്നത്.

ഇതൊക്കെയാണെങ്കിലും, രാജ്യത്തെ വികസിത-അവികസിത പ്രവിശ്യകള്‍ തമ്മില്‍ വലിയ ഡിജിറ്റല്‍ വിടവ് ഈ മുന്നേറ്റത്തിനിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന ഭയം സര്‍ക്കാരിനുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. അസന്തുലിതവും അപര്യാപ്തവുമായ വികസനം മൂലം ചൈനയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ അവതാളത്തിലായേക്കുമെന്ന് അക്കാഡമി ഡയറക്റ്റര്‍ ലി ചുന്‍ കോഗ് പറയുന്നു. ചൈനയില്‍ സേവന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ വിപ്ലവം സാധ്യമായത്. അതേസമയം, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഈ പ്രവണത അത്ര ഫലംകണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy