ബാങ്കുകള്‍ക്കുള്ള അധിക മൂലധനം ഗുണം ചെയ്യില്ല

ബാങ്കുകള്‍ക്കുള്ള അധിക മൂലധനം ഗുണം ചെയ്യില്ല

ദുര്‍ബലമായ ബാങ്കുകള്‍ക്ക് വീണ്ടും പണം നല്‍കി വായ്പാ വളര്‍ച്ച പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യില്ല

പൊതുമേഖല ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 83,000 കോടി രൂപ കൂടി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന പൊതുമേഖല ബാങ്കുകള്‍ക്ക് 41,000 കോടി രൂപ കൂടി ഉടന്‍ നല്‍കുന്നതിനായി ഈ ആഴ്ച്ച സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടുകയും ചെയ്തിരുന്നു. നേരത്തെ 65,000 കോടി രൂപയാണ് അധിക മൂലധനമായി കേന്ദ്രം പൊതു മേഖല ബാങ്കുകള്‍ക്ക് നല്‍കിയത്.

ഏകദേശം 1.06 ലക്ഷം കോടി രൂപ ഇതോടെ ഈ വര്‍ഷം ബാങ്കുകള്‍ക്ക് മൂലധനം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്തിനാണിത്. ലളിതമായി പറഞ്ഞാല്‍ സമ്മര്‍ദ്ദത്തിലായ ബാങ്കുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി വായ്പാ വളര്‍ച്ച കൂട്ടുകയാണ് ലക്ഷ്യം. ഇലക്ഷന്‍ കാലം ഇങ്ങെത്തിയതിനാല്‍ വിപണിയില്‍ പണമൊഴുക്ക് പ്രകടമായില്ലെങ്കില്‍ അത് ബിജെപിയെ സാരമായി ബാധിക്കുമെന്ന് കേന്ദ്രം കരുതുന്നു. അതാണ് വീണ്ടും മൂലധനം നല്‍കാന്‍ കാരണം. എന്നാല്‍ ആത്യന്തികമായി ഇത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ദുര്‍ബലമായ ബാങ്കുകള്‍ക്ക് വീണ്ടും പണം നല്‍കി വായ്പാ വളര്‍ച്ചയില്‍ കുതിപ്പുണ്ടാക്കുകയെന്നത് തീരെ പുരോഗമനപരമല്ലാത്ത തന്ത്രമാണ്. രാഷ്ട്രീയപരമായി താല്‍ക്കാലിക നേട്ടം ലഭിക്കുമെന്നല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോശം തീരുമാനമാണിത്.

മുന്‍സന്ദര്‍ഭങ്ങളില്‍ ബാങ്കുകള്‍ക്ക് അധിക മൂലധനം നല്‍കിയത് വ്യക്തമായ സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ആസ്തിയിന്മേലുള്ള നേട്ടം, ലാഭക്ഷമത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇലക്ഷന്‍ വര്‍ഷം അടുത്തതോടെ ഈ മാനദണ്ഡങ്ങള്‍ക്ക് ഇപ്പോള്‍ പ്രാധാന്യം ലഭിച്ചില്ല.

ആര്‍ബിഐയുടെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമായ, സാമ്പത്തിക ആരോഗ്യം മോശമായ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്ത് നേട്ടമാണുണ്ടാകുന്നത്. ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തനശൈലിയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തുന്നുമില്ല. പ്രശ്‌നങ്ങള്‍ വീണ്ടും പൊങ്ങിവരും. അറ്റ നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തിലും വലിയ മെച്ചപ്പെടലൊന്നുമുണ്ടാകുന്നില്ല. അടിസ്ഥാനപരമായ പരിഹാരങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ കാര്യത്തിലുണ്ടാകേണ്ടത്. തിരുത്തല്‍ നടപടികളുടെ ചട്ടക്കൂട് ലഘൂകരിക്കാന്‍ സര്‍ക്കാരിന് വലിയ താല്‍പ്പര്യമുള്ളതായി വേണം കരുതാന്‍. മൂലധനം, അറ്റ നിഷ്‌ക്രിയ ആസ്തി, ലാഭം-ഈ മൂന്ന് മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നിടത്ത്, മൂലധനം മാത്രമാക്കാനാണ് ചിലരുടെ ശ്രമങ്ങള്‍. തീര്‍ത്തും വിപരീതഫലങ്ങളുണ്ടാക്കാനേ ഇതുപകരിക്കൂ. സാധാരണക്കാരന്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് ഓരോ തവണയും ബാങ്കുകളെ രക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതില്‍ ധാര്‍മികമായ ശരികേടുണ്ട്. മികച്ച ലാഭക്ഷമത കൈവരിക്കുമെന്ന് ഉറപ്പുള്ള ബാങ്കുകളിലേക്കാണ് അധിക മൂലധനം ചെല്ലേണ്ടത്. അത്തരം ബാങ്കുകളെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ദുരിതക്കയത്തില്‍ കിടക്കുന്ന, ഇനി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് കാണുന്ന ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുകയോ ലയിപ്പിക്കുകയോ ചെയ്യുകയാണ് നല്ലത്. ആര്‍ബിഐയുടെ തിരുത്തല്‍ നടപടികള്‍ അതേ തീവ്രതയോടു കൂടി തന്നെ തുടരേണ്ടുണ്ട്, അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടാകരുത്.

Comments

comments

Categories: Editorial, Slider