28% നിരക്കും പോകും; ജിഎസ്ടി ഇനിയും കുറയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

28% നിരക്കും പോകും; ജിഎസ്ടി ഇനിയും കുറയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

അടിസ്ഥാന ജിഎസ്ടി നിരക്ക് 12 ശതമാനത്തിനും 18 നും ഇടയിലായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി, പൂജ്യം, അഞ്ച് ശതമാനം, അടിസ്ഥാന നിരക്കും എന്നീ നികുതി സ്ലാബുകള്‍ മതിയാകും

ന്യൂഡെല്‍ഹി: ഭാവിയില്‍ ഏകീകൃത ജിഎസ്ടി നിരക്ക് രാജ്യത്ത് സാധ്യമാകുമെന്നതിന്റെ സൂചനകള്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലെ 12 ശതമാനം, 18 ശതമാനം നികുതി നിരക്കുകള്‍ക്ക് പകരം ഇവയ്ക്കിടയില്‍ നില്‍ക്കുന്ന ഒരു അടിസ്ഥാന നികുതി നിരക്ക് പ്രാബല്യത്തിലെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നികുതി നിരക്കായ 28 ശതമാനം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ വ്യക്തമാക്കി. ശൂന്യ നികുതി, അഞ്ച് ശതമാനം നികുതി, അടിസ്ഥാന നികുതി, മദ്യത്തിനും സിഗരറ്റിനും മറ്റുമുള്ള പാപ നികുതി എന്നീ നിരക്കുകള്‍ മാത്രമാണ് വേണ്ടിവരികയെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ജിഎസ്ടി പിരിവില്‍ നിന്നുള്ള വരുമാനം സാരമായി വര്‍ധിക്കുന്ന അവസരത്തിലായിരിക്കും ഈ നിരക്കുകള്‍ യാഥാര്‍ത്ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. 23 ഉല്‍പ്പന്ന-സേവനങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിനും അതിന് താഴേക്കും ജിഎസ്ടി കൗണ്‍സില്‍ താഴ്ത്തിയതിന്റെ പിന്നാലെയാണ് കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന സൂചനയുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ ഇനി അവശേഷിക്കുന്നത് 28 ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്. ”പുകയില ഉല്‍പ്പന്നങ്ങള്‍, ആഡംബര വാഹനങ്ങള്‍, ശര്‍ക്കരപ്പാവ്, എയര്‍ കണ്ടീഷണറുകള്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത പാനീയങ്ങള്‍, വലിയ ടെലിവിഷനുകള്‍, ഡിഷ് വാഷറുകള്‍ എന്നിവയൊഴികെയുള്ള 23 ഉല്‍പ്പന്നങ്ങളാണ് 18 ശതമാനം മുതല്‍ 12 ശതമാനം വരെയുള്ള സ്ലാബുകളിലേക്ക് മാറ്റിയത്. സിമെന്റും വാഹന ഘടകഭാഗങ്ങളും മാത്രമാണ് സ്ലാബില്‍ അവശേഷിക്കുന്ന പൊതു ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങള്‍. സിമെന്റ് താഴ്ന്ന സ്ലാബിലേക്ക് എത്തിക്കുന്നതിനാണ് അടുത്ത മുന്‍ഗണന. മറ്റ് നിര്‍മാണ സാമഗ്രികള്‍ നിലവില്‍ 18, 12 ശതമാനം സ്ലാബുകളിലേക്ക് മാറ്റിക്കഴിഞ്ഞു. 28 ശതമാനം സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്,” ജയ്റ്റ്‌ലി വിശദമാക്കി.

പ്രതിമാസം ഒരു ലക്ഷം കോടി രൂപ നികുതി പിരിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം നേരത്തെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ നികുതി പിരിവിലുണ്ടായ ഈ വര്‍ധനയാണ് ജിഎസ്ടി നിരക്കുകളിലുണ്ടായ ഗണ്യമായ കുറവിന് അടിസ്ഥാനമായതെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം 80,000 കോടി രൂപയുടെ നികുതി ഇളവാണ് ആകെ ഉണ്ടായിരിക്കുന്നത്. ”ഗണ്യമായ തോതില്‍ നികുതി വെട്ടിക്കുറച്ചുവെന്നാല്‍ തന്നെയും ആദ്യ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ജിഎസ്ടി പിരിവില്‍ നിര്‍ണായകമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ആദ്യവര്‍ഷത്തില്‍ പ്രതിമാസം ശരാശരി 89,700 കോടി രൂപയാണ് നികുതിയായി ലഭിച്ചിരുന്നത്. രണ്ടാം വര്‍ഷം ഇത് 97,100 കോടിയായി,” ധനമന്ത്രി വ്യക്തമാക്കി. ഒരു സംരംഭകന് കൈകാര്യം ചെയ്യേണ്ടിയിരുന്ന നികുതികളുടെ ബാഹുല്യം ജിഎസ്ടി സംവിധാനം വഴി വലിയതോതില്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News, Slider
Tags: Arun Jaitley, GST

Related Articles