ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി ഡെലിവറി ആരംഭിച്ചു

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി ഡെലിവറി ആരംഭിച്ചു

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി കാറുകളുടെ ഡെലിവറി ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമന്‍സ് മോഡലുകള്‍ ഈ വര്‍ഷം ഒക്‌റ്റോബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുംബൈയില്‍ ജീഷാന്‍ ഖാന് ടിയാഗോ ജെടിപി കൈമാറിയാണ് ജെടിപി കാറുകളുടെ ഔദ്യോഗിക ഡെലിവറി ആരംഭിച്ചത്. ബുക്കിംഗ് നടത്തിയ മറ്റ് ഉപയോക്താക്കള്‍ക്ക് ജെടിപി കാറുകള്‍ ഉടനെ കയ്യില്‍ക്കിട്ടും. ടാറ്റയുടെ ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോര്‍ കോംപാക്റ്റ് സെഡാന്റെയും പെര്‍ഫോമന്‍സ് വേര്‍ഷനുകളാണ് ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി എന്നിവ. ടാറ്റ മോട്ടോഴ്‌സിന്റെയും ജയം ഓട്ടോമോട്ടീവ്‌സിന്റെയും സംയുക്ത സംരംഭത്തിലാണ് ജെടിപി കാറുകള്‍ പിറന്നത്.

സ്റ്റാന്‍ഡേഡ് മോഡലുകളില്‍നിന്ന് വ്യത്യസ്തമായി രണ്ട് ജെടിപി വേര്‍ഷനുകളിലും നിരവധി മാറ്റങ്ങള്‍ കാണാം. പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ ആന്‍ഡ് സ്റ്റിയറിംഗ്, 114 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍, പരിഷ്‌കരിച്ച 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്നിവ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ ജെടിപി മോഡലിന് 9.95 സെക്കന്‍ഡും ടിഗോര്‍ ജെടിപി കാറിന് 10.38 സെക്കന്‍ഡും മതി. സ്‌പോര്‍ട് (പെര്‍ഫോമന്‍സിന്), സിറ്റി (ഇന്ധനക്ഷമതയ്ക്ക്) എന്നിവയാണ് ഇരു കാറുകളിലെയും ഡ്രൈവിംഗ് മോഡുകള്‍.

സ്‌പോര്‍ടി ബോഡി കിറ്റ്, ഹുഡ് വെന്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, റൂഫിലും വിംഗ് മിററുകളിലും കോണ്‍ട്രാസ്റ്റ് ഫിനിഷ് എന്നിവ ജെടിപി വേര്‍ഷനുകളുടെ ഭംഗി വര്‍ധിപ്പിക്കുന്നതാണ്. ചുവന്ന ഇന്‍സെര്‍ട്ടുകളും തുന്നലുകളും, 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്‌പോര്‍ടി അലുമിനിയം പെഡലുകള്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ ഫീച്ചറുകള്‍. ടിയാഗോ ജെടിപി മോഡലിന് 6.39 ലക്ഷം രൂപയും ടിഗോര്‍ ജെടിപി മോഡലിന് 7.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto