അവധിക്കാലമായതോടെ തിരക്കേറി ബിനാലെ

അവധിക്കാലമായതോടെ തിരക്കേറി ബിനാലെ

ക്രിസ്മസ് അവധിക്കാലമായതോടെ ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് എല്ലാ വേദികളിലും തിരക്കേറി. അതിവിശിഷ്ട വ്യക്തികളുള്‍പ്പെടെ നിരവധി പേരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തുന്നത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ, നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അമ്പാസഡര്‍ വേണു രാജാമണി, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, പഞ്ചാബ് മുന്‍ ഡിജിപി കുല്‍ദീപ് ശര്‍മ്മ തുടങ്ങിയവരാണ് ശനിയാഴ്ച ബിനാലെ കാണാനെത്തിയ പ്രമുഖര്‍.

ബിനാലെ എന്നും ഹൃദ്യമായ അനുഭവമാണ് തന്നിട്ടുള്ളതെന്ന് കൊച്ചിക്കാരന്‍ കൂടിയായ നെതര്‍ലാന്റ്‌സിലെ ഇന്ത്യന്‍ അമ്പാസിഡര്‍ വേണു രാജാമണി ഐഎഫ്എസ് പറഞ്ഞു. ഓരോ തവണയും പ്രദര്‍ശനങ്ങളും സംഘാടനവും കൂടുതല്‍ മെച്ചമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ബിനാലെയോട് കാണിക്കുന്ന താത്പര്യം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ ഡോ.സരോജ് ഥാപയുമൊത്താണ് വേണു രാജാമണി ബിനാലെ കാണാനെത്തിയത്. ബി വി സുരേഷിന്റെ ‘കെയിന്‍സ് ഓഫ് റാത്ത്’ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. രാഷ്ട്രീയമായ പ്രമേയം ശക്തമായി അവതരിപ്പിക്കുന്ന പ്രതിഷ്ഠാപനമാണത്. ബഹുവര്‍ണമുള്ള മയില്‍ വെളുത്ത നിറമായി മാറുന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ബിനാലെ നാലാം ലക്കത്തെ വേറിട്ടതാക്കുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. തുണി, ലോഹം മുതലായാവ ഉള്‍പ്പെടുത്തിയുള്ള പ്രതിഷ്ഠാപനങ്ങള്‍ ഏറെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സ്യൂ വില്യംസണ്‍, ശില്‍പ ഗുപ്ത, ആര്‍ട്ടിസ്റ്റും ഓട്ടോ ഡ്രൈവറുമായ ബപി ദാസ് തുടങ്ങിയവരുടെ പ്രതിഷ്ഠാപനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs