ബിനാലെ സന്ദര്‍ശകരില്‍ കൗതുകവും സംതൃപ്തിയും പകര്‍ന്ന് കളിമണ്‍ കളരി

ബിനാലെ സന്ദര്‍ശകരില്‍ കൗതുകവും സംതൃപ്തിയും പകര്‍ന്ന് കളിമണ്‍ കളരി

ചെളിയില്‍ കളിക്കുന്നതിനും മണ്ണ് വാരുന്നതിനുമാണ് കുട്ടിക്കാലത്ത് മിക്കവരും വഴക്ക് കേട്ടിട്ടുണ്ടാവുക. നാഗരികതയുടെ ഔന്ന്യത്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു കെട്ടുകഥപോലെയും തോന്നാം. എന്നാല്‍ ബിനാലെ കാണാനെത്തിയവര്‍ക്ക് നനഞ്ഞ് കുഴഞ്ഞ കളിമണ്ണില്‍ കയ്യിട്ട് അതു കൊണ്ട് മനസിനിണങ്ങിയ ആകൃതി നല്‍കാനുള്ള അവസരമായിരുന്നു ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് റൂമില്‍ സംഘടിപ്പിച്ച കളിമണ്‍ കളരി.

കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി ബിനാലെ ഫൗണ്ടേഷന്‍ നടത്തി വരുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായാണ് കൊച്ചിമുസിരിസ് ബിനാലെയിലെ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ ആര്‍ട്ട് റൂം ഒരുക്കിയത്. കുട്ടികള്‍ക്കായാണ് ഇതിന്റെ രൂപീകരണമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ആര്‍ട്ട് റൂം ക്രമീകരിച്ചിരിക്കുന്നത്.

ഡെല്‍ഹിയിലെ ഓഡിറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആദിര ശ്രീനിവാസന്‍ പാത്രം ഉണ്ടാക്കുന്ന തിരക്കിലാണ്. ബിനാലെ വോളണ്ടിയര്‍ കൂടിയായ ആദിരയ്ക്ക് ഇഷ്ടമുള്ള രൂപമുണ്ടാക്കാന്‍ ഗുരു ജയന്‍ വി കെ അനുമതി നല്‍കിയിട്ടുണ്ട്. കളിമണ്ണില്‍ ബലം പ്രയോഗിക്കരുതെന്ന നിര്‍ദ്ദേശവും ജയന്‍ ഓര്‍മ്മിപ്പിക്കുന്നു.

തൃപ്പൂണിത്തുറ സ്വദേശിയായ ജയനാണ് കളിമണ്‍കളരിയിലെ ഗുരു. സമൂഹവുമായുള്ള ആശയവിനിമയത്തിന് ഇത്തരം പരിപാടികള്‍ ഏറെ സഹായകരമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സൗഹൃദവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് സാധിക്കും.

ബിനാലെ സന്ദര്‍ശകര്‍ക്ക് ആര്‍ട്ട് റൂമിലൂടെ പുതിയ ലോകം തുറന്നു കൊടുക്കുകയാണെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. നാഗരികതയില്‍ ജീവിക്കുന്നവര്‍ക്ക് കളിമണ്ണെന്നത് കൗതുകവസ്തുവാണ്. പക്ഷെ ചരിത്രാതീതകാലത്തിനു മുമ്പുള്ള മനുഷ്യന്റെ പ്രവൃത്തികളിലൊന്നാണ് കളിമണ്ണ് കൊണ്ടുള്ള നിര്‍മ്മാണം.

വിവിധ ആകൃതിയിലുള്ള നിരവധി വസ്തുക്കളാണ് മൂന്ന് ദിവസങ്ങളില്‍ ഇവിടെ ഉണ്ടാക്കുന്നത്. അവയെല്ലാം വേര്‍തിരിച്ച് തീയില്‍ വച്ച് ചുട്ട് ഒറ്റ കളിമണ്‍ സൃഷ്ടിയായി കളരിയുടെ സ്മരണികയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കളിമണ്‍ പാത്രങ്ങളുണ്ടാക്കുന്ന കുടുംബത്തില്‍ ജനിച്ച ജയന്‍ പക്ഷെ പരമ്പരാഗത രീതികള്‍ക്ക് പുറമെ ബലഗാവിയിലെയും തിരുവനന്തപുരത്തെയും വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കളിമണ്‍ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ടെറ ക്രാഫ്റ്റ്‌സ് എന്ന പേരില്‍ കൊച്ചി ഏരൂരില്‍ ശില്‍പ നിര്‍മ്മാണ പരിശീലന സ്ഥാപനം നടത്തുകയാണിപ്പോള്‍.

കളിമണ്ണിനെ പലരും വിളിക്കുന്നത് ചെളിയെന്നതാണെന്ന് ജയന്‍ ചൂണ്ടിക്കാട്ടി. പാത്രങ്ങള്‍ ഉണ്ടാക്കാനല്ലാതെ വേറൊന്നിനും കൊള്ളില്ലാത്ത വസ്തുവെന്ന അവജ്ഞ പലരിലുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ മനോഭാവത്തില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തു തലമുറ മുമ്പ് തമിഴ്‌നാട്ടിലെ കുംഭകോണത്തു നിന്നും കേരളത്തിലേക്ക് കുടിയേറിതാണ് ജയന്റെ കുടുംബം.

കഴിഞ്ഞ ദിവസം നടത്തിയ ഓലക്കളരിയില്‍ നിര്‍മ്മിച്ച വസ്തുക്കളെക്കൊണ്ട് ആര്‍ട്ട് റൂമിന്റെ ഭിത്തി ഏതാണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. കളിമണ്‍ കളരി സമാപിച്ചപ്പോള്‍ ആര്‍ട്ട് റൂം അതിന്റെ പേര് അന്വര്‍ത്ഥമാക്കി.

Comments

comments

Categories: FK Special, Slider