ജനപ്രീതിയില്‍ കബഡി രണ്ടാമത്

ജനപ്രീതിയില്‍ കബഡി രണ്ടാമത്

ന്യൂഡെല്‍ഹി: എത്ര മികച്ച ഉല്‍പ്പന്നമാണെങ്കിലും ഉപഭോക്താക്കളിലേക്ക് അതിന്റെ സവിശേഷതകള്‍ വേണ്ടവിധം എത്തിയില്ലെങ്കില്‍ വിപണിയില്‍ പരാജയപ്പെടും. മോശം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിംഗിന്റെ പിന്‍ബലത്തില്‍ മാത്രം പിടിച്ചു കയറുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. മികച്ച ഒരു ഉല്‍പ്പന്നത്തിനോട് കരുത്തുറ്റ മാര്‍ക്കറ്റിംഗ് തന്ത്രം കൂടി ഒത്തുചേര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് ഇന്ത്യയുടെ സ്വന്തം വിനോദമായ കബഡിയുടെ കഥ. എക്കാലവും ഇന്ത്യക്കാരുടെ മനസിലുണ്ടായിരുന്ന, കുട്ടിക്കാലത്ത് ഒരിക്കലെങ്കിലും എല്ലാവരും കളിച്ചിട്ടുള്ള കബഡിയെ കെട്ടിലും മട്ടിലും തിളങ്ങുന്ന രീതിയില്‍ ഇന്ത്യന്‍ സ്വീകരണ മുറികളിലേക്കെത്തിച്ച സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റേത് പിഴക്കാത്ത ചുവടുവെപ്പായിരുന്നു.

2014 ല്‍ പ്രോ കബഡി ലീഗിന്റെ (പികെഎല്‍) സംപ്രേക്ഷണാവകാശം വാങ്ങുമ്പോള്‍ ക്രിക്കറ്റില്‍ അഭിരമിക്കുന്ന ജനതയെ എങ്ങനെ പിടിച്ചിരുത്താം എന്നതാണ് തങ്ങള്‍ നേരിട്ട ചോദ്യമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിയേറ്റീവ് ഡയറക്റ്റര്‍ സിദ്ധാര്‍ത്ഥ് ശര്‍മ പറയുന്നു. നാഗരിക ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമല്ലാത്ത കായികവിനോദമായിരുന്നു കബഡിയെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ക്രിക്കറ്റിനു ശേഷം കൂടുതല്‍ പേര്‍ കാണുന്ന കായിക വിനോദമായി കബഡി മാറിക്കഴിഞ്ഞെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

2016 നും 2017 നും ഇടയില്‍ പികെഎല്‍ ലീഗിലൂടെ ഇന്ത്യയില്‍ കബഡി മത്സരം കാണുന്ന ജനങ്ങളുടെ എണ്ണം 100 ദശലക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇപ്പോഴും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള കായിക ഇനങ്ങളില്‍ ഒന്നായ ലോകകപ്പ് ഫുട്‌ബോളിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ കബഡി ലീഗിന് കഴിഞ്ഞു. പികെഎല്ലിലേക്കുള്ള നിക്ഷേപവും വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം, ടെലിവിഷന്‍ ശൃംഖലയായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ ക്രിക്കറ്റ് ഇതര കായികമത്സരത്തിന്റെ സംപ്രേക്ഷണത്തിനായി 40 മില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന വമ്പന്‍ കരാറിലാണ് ഒപ്പുവെച്ചത്. ഇതിന്റെ ഫലമായി കബഡി താരങ്ങളുടെ വേതനത്തിലും വര്‍ധനയുണ്ടായി. 2016 ലെ ഉയര്‍ന്ന താരമൂല്യമായ 130,000 ഡോളറില്‍ നിന്ന് ഈ വര്‍ഷം താരമൂല്യം 210,000 ഡോളറായി ഉയര്‍ന്നു. പ്രോ കബഡി ലീഗില്‍ നിന്ന് കളി ഇറാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമൊക്കെ വ്യാപിക്കുന്നതാണ് അടുത്തിടെ കാണുന്നത്. ലോകമാകെ കബഡി കബഡി…പറയുന്ന ദിനം വരുമോ?

Comments

comments

Categories: Current Affairs, Sports
Tags: Kabadi