ഇന്ത്യന്‍ കമ്പനികള്‍ മൂലധന വിപണികളില്‍ നിന്ന് നേടിയത് 6 ലക്ഷം കോടിക്കടുത്ത്

ഇന്ത്യന്‍ കമ്പനികള്‍ മൂലധന വിപണികളില്‍ നിന്ന് നേടിയത് 6 ലക്ഷം കോടിക്കടുത്ത്

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് സമാഹരിച്ചത് 6 ലക്ഷം കോടി രൂപയ്ക്കടുത്ത്. എന്നാല്‍ വിപണിയിലെ അസ്ഥിരത കമ്പനികളുടെ നേട്ടത്തില്‍ 30 ശതമാനത്തോളം കുറവു വരുത്തിയെന്നാണ് വിലയിരുത്തുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ പുതു വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ഫണ്ട് സമാഹരണ ശ്രമങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന ആശങ്കയും വിപണിയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

2019ന്റെ രണ്ടാം പകുതിയോടെ മൊത്തത്തിലുള്ള നിക്ഷേപാന്തരീക്ഷം ശുഭകരമാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ മൂലധന സമാഹരണവും ശക്തി പ്രാപിക്കും. കോര്‍പ്പറേറ്റ് ലോകത്തിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് സമാഹരണത്തില്‍ ഇപ്പോഴും മുന്‍ഗണന കടപ്പത്ര( ഡെബ്റ്റ്) വിപണിക്കാണെന്നാണ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ച 5.9 ലക്ഷം കോടി രൂപയില്‍ 5.1 ലക്ഷം കോടിയും കണ്ടെത്തിയത് കടപ്പത്ര വിപണിയില്‍ നിന്നായിരുന്നു. ഓഹരി (ഇക്വിറ്റി) വിപണിയില്‍ നിന്ന് 78,500 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. 2017ല്‍ ഇക്വിറ്റി, കടപ്പത്ര വിപണികളില്‍ നിന്നായി 8.6 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് കമ്പനികള്‍ നടത്തിയിരുന്നത്. ഇകില്‍ 7 ലക്ഷം കോടി കടപ്പത്ര വിപണിയില്‍ നിന്നായിരുന്നു.

ഓഹരി വിപണിയിലെ സമാഹരണം ഏറെയും പ്രാഥമിക ഓഹരി വില്‍പ്പന വഴിയും ഇന്‍സ്റ്റിസ്റ്റ്യൂഷ്ണല്‍ നിക്ഷേപകര്‍ക്കുള്ള ഓഹരി വിതരണത്തിലൂടെയും ആയിരുന്നു. 30,959 കോടി രൂപയാണ് ഐപിഒകള്‍ വഴി സമാഹരിച്ചത്. എസ്എംഇ ഐപിഒ 2,254 കോടി രൂപയുടേതായിരുന്നു. 24 ഐപിഒകളാണ് ഈ വര്‍ഷം നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 36 കമ്പനികള്‍ ഐപിഒകളില്‍ നിന്നായി 68,000കോടി രൂപ സമാഹരിച്ച സ്ഥാനത്താണിത്. ഈ വര്‍ഷം ഐപി ഒകളുടെ എണ്ണത്തിലും സമാഹരിച്ച തുകയിലും നേരിട്ട ഇടിവില്‍ അടുത്തിടെ സെബി ചെയര്‍മാന്‍ അജയ് ത്യാഗി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിസിനസ് വിപുലീകരണ പദ്ധതികള്‍ക്കായാണ് മിക്ക കമ്പനികളും ഫണ്ട് സമാഹരണം നടത്തിയിട്ടുള്ളത്. വായ്പാ തിരിച്ചടവ്, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്കായും ഫണ്ട് വിനിയോഗിക്കപ്പെട്ടു.

കോര്‍പ്പറേറ്റ് വായ്പ നല്‍കുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ പുലര്‍ത്തുന്ന ജാഗ്രതയും ബാങ്ക് നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ ബോണ്ട് വിപണിയിലുള്ള നേട്ടവും പരിഗണിച്ച് പല കോര്‍പ്പറേറ്റുകളും ഫണ്ട് കണ്ടെത്തുന്നതിനായി നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ പുറത്തിറക്കി വിപണി അധിഷ്ഠിത വായ്പകളിലേക്കു നീങ്ങിയെന്ന് ഡബ്ല്യുജിസി ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ രാജേഷ് ചെരുവ് പറയുന്നു.
ക്രൂഡ് ഓയില്‍ വിലവര്‍ധന, ഐഎല്‍ & എഫ്എസ് വായ്പാ തിരിച്ചടവ് മുടക്കിയതിനെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിടുന്ന പണ പ്രതിസന്ധി, വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ എന്നിവ ഇക്കൊല്ലം ഓഹരി വിപണിയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി.

Comments

comments

Categories: Business & Economy