എഫ്പിഐ നിക്ഷേപം 4000 കോടി രൂപയ്ക്കടുത്ത്

എഫ്പിഐ നിക്ഷേപം 4000 കോടി രൂപയ്ക്കടുത്ത്

മുംബൈ: ഈ മാസം ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഒഴുക്കിയത് ഏകദേശം 4000 കോടി രൂപയ്ക്കടുത്ത്. ഡോളറിനെതിരേ രൂപ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതും നിക്ഷേകര്‍ക്ക് ഉല്‍സാഹം നല്‍കി. നേരത്തേ നവംബറില്‍ മൂലധന വിപണികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 12,266 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എഫ്പിഐ അറ്റ നിക്ഷേപമായിരുന്നു അത്.

ചൈനയിലെ ടെലികോം ഭീമനായ ഹ്വാവേയുടെ സിഎഫ്ഒ മെങ് വാന്‍ഷുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ആഗോള ഓഹരികളുണ്ടായ മാന്ദ്യം മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ മൂലധന വിപണികളിലെ എഫ്പി ഐ നിേേക്ഷപത്തെയും ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അനുകൂല ആഗോള സാഹചര്യങ്ങള്‍ നിക്ഷേപങ്ങളുടെ ഒഴുക്ക് തുടരുന്നതിന് കാരണമായി.

ഡിസംബര്‍ 3 മുതല്‍ 21 വരെയുള്ള വ്യാപാര ദിവസങ്ങളില്‍ മൊത്തമായി 1,332 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇക്വിറ്റികളില്‍ എഫ്പിഐകള്‍ നടത്തിയതെന്ന് ഡെപ്പോസിറ്ററീസ് ഡാറ്റ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഡെറ്റ് വിപണിയില്‍ 2,552 കോടി രൂപ നിക്ഷേപിച്ചു. മൊത്തം 3,884 കോടി രൂപയുടെ നിക്ഷേപമാണ് മൂലധന വിപണികളില്‍ ഇക്കാവയളവില്‍ ഉണ്ടായിട്ടുള്ളത്.

ഡിസംബര്‍ 6 ന്, വ്യാഴാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റഴിക്കല്‍ നടന്നത്. ഒരു ദിവസം കൊണ്ട് മാത്രം 361 കോടി രൂപ മൂല്യമുള്ള അറ്റ ആസ്തികളാണ് എഫ്പിഐകള്‍ വിറ്റഴിച്ചത്. മെങ് വാന്‍ഷുവിന്റെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു അത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ ചൈന, യുഎസ് എന്നിവയ്ക്കിടയിലെ ബന്ധം വഷളാകുന്നതില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ഇന്ത്യ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ നിരീക്ഷിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യയെ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിക്കുന്നതില്‍ എഫ്പിഐ കള്‍ ജാഗ്രത പുലര്‍ത്തുമെന്നും റിസ്‌കുള്ള ആസ്തികളെ ഒഴിവാക്കുമെന്നും ഹിമാന്‍ഷു കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇതുവരെ 84,200 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് എഫ്പിഐകള്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നടത്തിയത്. ഇതില്‍ ഇക്വിറ്റികളില്‍ നിന്ന് 34,000 കോടി രൂപയും ഡെറ്റ് വിപണികളില്‍ നിന്ന് 50,200 കോടി രൂപയുമാണ് പിന്‍വലിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy, Slider