ബാങ്കുകളുടെ ലയനപദ്ധതിക്ക് ഈ മാസം അന്തിമ രൂപമാകും

ബാങ്കുകളുടെ ലയനപദ്ധതിക്ക് ഈ മാസം അന്തിമ രൂപമാകും

ന്യൂഡെല്‍ഹി: മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിലുള്ള പദ്ധതി രൂപരേഖയില്‍ ഈ മാസം അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് സൂചന. ജനുവരി 8ന് അവസാനിക്കുന്ന സമ്മേളന കാലയളവില്‍ തന്നെ ലയന പദ്ധതി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനമാണ് ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുക.
തയറാക്കുന്ന പദ്ധതി മൂന്ന് ബാങ്കുകളുടെയും ഡയറക്റ്റര്‍ ബോര്‍ഡ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

ഓഹരി കൈമാറ്റം സംബന്ദിച്ച വിശദാംശങ്ങളും പ്രൊമോട്ടറില്‍ നിന്നുമുള്ള മൂലധന ആവശ്യകതയുമെന്നാം വിശദമാക്കുന്ന പദ്ധതി രേഖയാണ് തയാറാക്കുന്നത്. ലയനം നടപ്പാക്കുന്നതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തോടെ ലയന സംരംഭത്തിന് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും തമ്മിലുള്ള ലയനമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതോടെ എസ്ബിഐ ലോകത്തിലെ ഏറ്റവും വലിയ 50 വായ്പാ ദാതാക്കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നേരത്തേ സെപ്റ്റംബറിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ബദല്‍ സംവിധാനം മൂന്നു ബാങ്കുകളുടെ ലയനം നടത്താന്‍ തീരുമാനിച്ചത്. ആഗോള ബാങ്കുകള്‍ക്ക് അനുസൃതമായി കൂടുതല്‍ കരുത്തുറ്റതും സുസ്ഥിരവുമായ ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനാണ് ലയനം നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലയന സംരംഭത്തിന് മൂലധന സഹായമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. റെയ്ല്‍ വേ മന്ത്രി പിയുഷ് ഗോയല്‍, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ബാങ്കുകളുടെ ലയനം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള ബദല്‍ സംവിധാനത്തിലുള്ളത്.

ലയന സംരംഭത്തിന് 14.82 ലക്ഷം കോടിയുടെ സംയോജിത ബിസിനസ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എസ് ബിഐക്കും ഐസിഐസി ഐക്കും പിന്നാലെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായിരിക്കും ഇത്. 5.71 ശതമാനമായിരിക്കും ഈ ബാങ്കിന്റെ നിഷ്‌ക്രിയാസ്തി. നിലവില്‍ പൊതുമേഖലാ ബാങ്കുകളുടെ ശരാശരി നിഷ്‌ക്രിയാസ്തി അനുപാതം 12.13 ശതമാനമാണ്. മൂലധന പര്യാപ്തത അനുപാതം 12.25 ശതമാനമാണ് ഉണ്ടാവുക. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള ചുരുങ്ങിയ മൂലധന പര്യാപ്തത അനുപാതം 10.87 ശതമാനമാണ്.

Comments

comments

Categories: Current Affairs, Slider
Tags: Bank Merger