വിഷന്‍ 2030 മറന്ന സൗദി അറേബ്യ!

വിഷന്‍ 2030 മറന്ന സൗദി അറേബ്യ!

സൗദി അറേബ്യയുടെ പുതിയ ബജറ്റ് പ്രതിഫലിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള അത്ര വലിയ ആഗ്രഹം ഇപ്പോള്‍ അറബ് രാജ്യത്തിനില്ല എന്നതാണ്…

റിയാദ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായിരുന്നു സൗദിയുടെ വിഷന്‍ 2030. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയ്ക്ക് പുതുയുഗത്തിലേക്കുള്ള താക്കോല്‍ ആയാണ് വിഷന്‍ 2030 അവതരിപ്പിക്കപ്പെട്ടത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയെന്നാണ് വിഷന്‍ 2030 അറിയപ്പെട്ടത്. എണ്ണ കേന്ദ്രീകൃതമായ സൗദി സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ത്ത് പുതിയ വരുമാനസ്രോതസ്സുകളിലേക്ക് വികസിക്കുകയായിരുന്നു ലക്ഷ്യം. എണ്ണ വിപണി തകര്‍ന്നടിഞ്ഞ 2014 കാലഘട്ടമായിരുന്നു ഇത്തരമൊരു പദ്ധതിയുടെ പശ്ചാത്തലം.

എന്നാല്‍ പിന്നീട് എണ്ണ വില ഉയര്‍ന്നതോടെ സൗദിക്ക് വിഷന്‍ 2030യില്‍ അത്ര താല്‍പ്പര്യമില്ലാതായോ എന്നാണ് പലരും സംശയിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ബജറ്റും അതാണ് പ്രതിഫലിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയത്. സാമൂഹ്യ ക്ഷേമത്തിനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ ആയുധങ്ങള്‍ക്കുള്ള ചെലവിടല്‍ കുറച്ചുഎന്നതാണ് ശ്രദ്ധേയമായ കാര്യം. ഏകദേശം 21 ലക്ഷം കോടി രൂപയുടേതാണ് സൗദിയുടെ മൊത്തത്തിലുള്ള ബജറ്റ്. നിലവിലെ ബജറ്റിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തിലധികം കൂടുതലാണ് അടുത്ത വര്‍ഷത്തേക്കുള്ള വകയിരുത്തല്‍.

സൈനിക ചെലവിടലില്‍ കുറവ് വരുത്തുന്നതോടെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തപ്പെടുന്നത് വിദ്യാഭ്യാസത്തിനാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സൈനിക ചെലവിടല്‍ സൗദി അറേബ്യ കുറയ്ക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള ചെലവില്‍ 12 ശതമാനം കുറവാണ് സൗദി വരുത്തുന്നത്. 191 ബില്ല്യണ്‍ റിയാലാണ് ആയുധ ചെലവിടലിന് നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള നീക്കിയിരുപ്പില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കുടതുല്‍ തുക ചെലവിടുന്നത് ഈ രംഗത്തിനു വേണ്ടി തന്നെയാണ്. 193 ബില്ല്യണ്‍ റിയാലാണ് വിദ്യാഭ്യാസത്തിനായി ബജറ്റില്‍ സൗദി ചെലവിടുന്നത്.

മൊത്തത്തില്‍ 300 ബില്ല്യണ്‍ ഡോളറിന്റെ ചെലവിടലാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. വിഷന്‍ 2030 വിഭാവനം ചെയ്യുന്ന പല സാമ്പത്തിക അച്ചടക്ക നടപടികളും ബജറ്റ് പ്രോല്‍സാഹിപ്പിക്കുന്നതായി വാദമുണ്ട്. പുതിയ പരിഷ്‌കരണങ്ങളുടെ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച ചെലവിടല്‍ പദ്ധതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും ഇത് വലിയ ഇടിവ് വരുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 14 പൊതുമേഖല കമ്പനികളുടെ സ്വകാര്യവല്‍ക്കരണം എത്രയും വേഗത്തിലാക്കണമെന്നും വിപണി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Arabia
Tags: Vision 2030