മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് അവതാരമെടുക്കും

മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് അവതാരമെടുക്കും

സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ പരിഗണിക്കുന്നതായി പവന്‍ ഗോയങ്ക

ന്യൂഡെല്‍ഹി: മഹീന്ദ്രയുടെ ഏറ്റവും പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി 300 ദിവസങ്ങള്‍ക്കുമുമ്പാണ് അനാവരണം ചെയ്തത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ കാര്‍ വിപണിയിലെത്തും. അതേസമയം സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വൈദ്യുത പതിപ്പ് കൂടി ആലോചിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ പരിഗണിക്കുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക വ്യക്തമാക്കി.

2019 ല്‍ മഹീന്ദ്ര കെയുവി 100 ഇലക്ട്രിക് വിപണിയിലെത്തിക്കും. ഇതിനുശേഷം 2020 മാര്‍ച്ച് മാസത്തോടെ എക്‌സ്‌യുവി 300 ഇലക്ട്രിക് പുറത്തിറക്കും. എസ് 210 എന്നാണ് മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക് പതിപ്പിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കോഡ് നാമം. കാറിന്റെ ബാറ്ററി ശേഷിയും മറ്റ് വിശദാംശങ്ങളും ഇപ്പോള്‍ ലഭ്യമല്ല. അതേസമയം എക്‌സ്‌യുവി 300 ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകള്‍ അവതരിപ്പിക്കുമെന്ന് പവന്‍ ഗോയങ്ക അറിയിച്ചു.

എല്‍ജി കെമിക്കല്‍ ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിക്കുന്ന ബാറ്ററി സെല്ലുകള്‍ ഉപയോഗിക്കുന്ന ആദ്യ വാഹനമായിരിക്കും എസ് 210. ലിഥിയം അയണ്‍ ബാറ്ററി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ദക്ഷിണ കൊറിയന്‍ കമ്പനിയും സഹകരിച്ചുവരികയാണ്. നിക്കല്‍-മാംഗനീസ്-കൊബാള്‍ട്ട് (എന്‍എംസി) കെമിസ്ട്രി അടിസ്ഥാനമാക്കി ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയുള്ള ലിഥിയം അയണ്‍ സെല്ലുകളും എല്‍ജി കെമിക്കല്‍ വിതരണം ചെയ്യും. മഹീന്ദ്രയുടെയും സാംഗ്‌യോംഗിന്റെയും ഇലക്ട്രിക് വാഹനങ്ങളില്‍ ഈ സെല്ലുകള്‍ ഉപയോഗിക്കും. മഹീന്ദ്ര ഇലക്ട്രിക്കിനായി ലിഥിയം അയണ്‍ ബാറ്ററി മൊഡ്യൂളുകളും എല്‍ജി കെം രൂപകല്‍പ്പന ചെയ്യും. ഇതുപയോഗിച്ച്് മഹീന്ദ്ര ഗ്രൂപ്പിനായി ബാറ്ററി പാക്കുകള്‍ നിര്‍മ്മിക്കും.

Comments

comments

Categories: Auto