ഹ്യുണ്ടായ് വില വര്‍ധന പ്രഖ്യാപിച്ചു

ഹ്യുണ്ടായ് വില വര്‍ധന പ്രഖ്യാപിച്ചു

30,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ

ന്യൂഡെല്‍ഹി : ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 30,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണം. മാത്രമല്ല, ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ വില പരിഷ്‌കരിക്കുകയെന്നത് വാഹന വ്യവസായത്തിലെ കീഴ്‌വഴക്കമാണ്. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഫോഡ്, ഹോണ്ട, റെനോ, നിസാന്‍, ടൊയോട്ട, ബിഎംഡബ്ല്യു, ഇസുസു തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഈയിടെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. അതേസമയം മിക്ക വാഹന നിര്‍മ്മാതാക്കളും വര്‍ഷാന്ത്യ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ പത്ത് മോഡലുകളാണ് വില്‍ക്കുന്നത്. ഇയോണ്‍, സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10, എലീറ്റ് ഐ20, ഐ20 ആക്റ്റീവ്, എക്‌സെന്റ്, വെര്‍ണ, ഇലാന്‍ട്ര, ക്രെറ്റ, ടൂസോണ്‍ എന്നിവ വിപണിയില്‍ ലഭിക്കും. പുതിയ സാന്‍ട്രോ ഹാച്ച്ബാക്ക് ഈ വര്‍ഷം ഒക്‌റ്റോബറിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. 3.89 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം പ്രാരംഭ വില. ഇപ്പോള്‍ വില വര്‍ധന പ്രഖ്യാപിച്ചതോടെ 2018 മോഡല്‍ സാന്‍ട്രോയുടെയും വില വര്‍ധിക്കും.

ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയുമായുള്ള അന്തരം വരുംവര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരികയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ലക്ഷ്യം. 2019 പകുതിയോടെ നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കും. ഹ്യുണ്ടായ് സ്റ്റൈക്‌സ് എന്ന് വിളിച്ചേക്കും. പുതിയ സാന്റ ഫേ, പുതു തലമുറ ഇലാന്‍ട്ര എന്നീ മോഡലുകളും അവതരിപ്പിച്ചേക്കും. ആഗോള വിപണികളില്‍ പുതിയ ഇലാന്‍ട്ര അനാവരണം ചെയ്തുകഴിഞ്ഞു. എന്നാല്‍ പെര്‍ഫോമന്‍സ് വേരിയന്റായ ഇലാന്‍ട്ര സ്‌പോര്‍ട് ഇന്ത്യയിലെത്തുമോയെന്ന് കണ്ടറിയണം. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചാല്‍ സ്‌കോഡ ഒക്ടാവിയ ആര്‍എസ്സിന് വെല്ലുവിളി ഉയര്‍ത്തും.

Comments

comments

Categories: Auto
Tags: Hyundai