ജിഎസ്ടി; മോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം

ജിഎസ്ടി; മോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം

99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ശതമാനമോ അതിന് താഴെയോ ആക്കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പ്രതീക്ഷയുളവാക്കുന്നു

ഒരു രാഷ്ട്രം ഒരു നികുതിയെന്ന മഹത്തായ ആശയത്തില്‍ അധിഷ്ഠിതമായാണ് 2017 ജൂലൈ ഒന്നിന് ഇന്ത്യയില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനം നിലവില്‍ വന്നത്. രാജ്യത്തെ സങ്കീര്‍ണമായ നികുതി സംവിധാനങ്ങളില്‍ നിന്നുള്ള മാറ്റമായിരുന്നു അത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണമെന്നു തന്നെ വിശേഷിപ്പിക്കപ്പെട്ടു ജിഎസ്ടി. പുതിയൊരു നികുതി സംവിധാനത്തിലേക്ക് ഇന്ത്യ പോലൊരു വലിയ സമ്പദ് വ്യവസ്ഥ സമഗ്രമായി മാറുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ അസ്വസ്ഥതകള്‍ നേരിയ തോതിലാണെങ്കിലും രാജ്യത്തെ വിവിധ മേഖലകളില്‍ നിഴലിക്കുകയും ചെയ്തു.

എന്നാല്‍ ജിഎസ്ടി അല്‍പ്പം സങ്കീര്‍ണമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കൃത്യമായ ഇടവെളകളില്‍ ജിഎസ്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശ്രമിച്ചു വരുന്നു എന്നത് സ്വാഗതാര്‍ഹമായി കണക്കാക്കപ്പെട്ടെങ്കിലും വ്യത്യസ്ത സ്ലാബുകള്‍ പ്രശ്‌നമായി തുടര്‍ന്നു. തുടര്‍ന്നായിരുന്നു വൈറ്റ്ഗുഡ്‌സ് അടക്കം 100ലധികം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുമെന്ന തീരുമാനം വന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത് ജിഎസ്ടിയുടെ യഥാര്‍ത്ഥ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തുന്നതിന് വലിയ തോതില്‍ ഉപകരിക്കും. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 18 ശതമാനമോ അതില്‍ താഴെയോ ആക്കുമെന്നാണ് മോദി പറഞ്ഞത്. ഇത് എന്നുമുതലായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ഉല്‍പ്പന്നങ്ങളുടെ വില വലിയ തോതില്‍ കുറയുന്നതിന് സഹായിക്കുന്ന സുപ്രധാനമായ തീരുമാനമായി വേണം കരുതാന്‍.

എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, വീഡിയോ ഗെയിം തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമോ അതില്‍ താഴെയോ ആയി കുറയും. പരമവാധി ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 15 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നുവെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ജിഎസ്ടി കൂടുതല്‍ ലളിതമാകുന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വിപ്ലവാത്മകമായ മാറ്റമാണുണ്ടാകുക. കൂടുതല്‍ നികുതി സ്ലാബുകളുള്ള ജിഎസ്ടി എന്ന ചീത്തപ്പേര് മാറുകയും ചെയ്യും.

അതേസമയം ജിഎസ്ടി നിരക്ക് ഇത്രയും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കുറയ്ക്കുന്നത് നികുതി വരുമാനത്തിലെ ഇടിവിന് കാരണമാകുമെന്ന വാദങ്ങളും ഉയര്‍ന്നുകഴിഞ്ഞു. അതില്‍ അത്ര യുക്തിയില്ലെന്നതാണ് വാസ്തവം. നികുതിസംവിധാനങ്ങള്‍ ലളിതമാക്കുന്നതിന്റെ പ്രധാന യുക്തി തന്നെ ജനങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കുക എന്നതാണല്ലോ, പിന്നെ കൂടുതല്‍ പേരെ നികുതി അടയ്ക്കാന്‍ പ്രേരിപ്പിക്കുക എന്നതും. ജിഎസ്ടി നിരക്കുകള്‍ കുറയുമ്പോള്‍ കൂടുതല്‍ പേര്‍ നികുതി സംവിധാനത്തിലേക്ക് വരും എന്നു വേണം കരുതാന്‍. തീരുമാനം വന്നു കഴിഞ്ഞാല്‍ ജിഎസ്ടി കളക്ഷനില്‍ അത് പ്രതിഫലിക്കേണ്ടതാണ്.

Comments

comments

Categories: Editorial, Slider
Tags: GST