നിസാരമല്ല, ഡ്രോണുകള്‍ സൃഷ്ടിക്കുന്ന ദുരിതം

നിസാരമല്ല, ഡ്രോണുകള്‍ സൃഷ്ടിക്കുന്ന ദുരിതം

ഇന്ന് ഡ്രോണുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വിവാഹ ആവശ്യങ്ങള്‍ക്കും, സിനിമ ചിത്രീകരണത്തിനും, പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താനും, അവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കാനുമൊക്കെ ഡ്രോണുകളെ ഉപയോഗിക്കുന്നു. എന്നാല്‍ ഡ്രോണുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും കണ്ടുവരുന്നു. കഴിഞ്ഞ ദിവസം ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വന്നത് ഡ്രോണുകളുടെ ദുരുപയോഗത്തെ തുടര്‍ന്നായിരുന്നു. ലോകത്തിലെ 90 ശതമാനം വരുന്ന വിമാനത്താവളങ്ങളിലും ഡ്രോണുകളുടെ ദുരുപയോഗത്തെ തടയാനുള്ള സംവിധാനങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

 

ഡ്രോണുകളുടെ വര്‍ധിച്ച ഉപയോഗം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്‌വിക്കിന്റെ വ്യോമാതിര്‍ത്തിയില്‍ ബുധനാഴ്ച (ഡിസംബര്‍ 19) രാത്രി ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്നു 800-ാളം വിമാന സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് ഒരു ലക്ഷത്തോളം യാത്രക്കാര്‍ക്കാണു ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ വേളയായതിനാല്‍ നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. എന്നാല്‍ വിമാനത്താവളം 18 മണിക്കൂറിലേറെ നേരം അടച്ചിടേണ്ടി വന്നതിനാല്‍ പലര്‍ക്കും യാത്ര റദ്ദ് ചെയ്യേണ്ടി വന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കേണ്ട സാഹചര്യവുമുണ്ടായി.

സംഭവത്തിനു പിന്നില്‍ തീവ്രവാദ ആക്രമണമില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്. എന്നാല്‍ ഡ്രോണ്‍ പറത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് അന്വേഷിക്കാന്‍ 20 പൊലീസ് യൂണിറ്റുകള്‍ രംഗത്തുവന്നിരിക്കുകയാണ്. വിമാനത്താവളത്തിന്റെ വ്യോമാതിര്‍ത്തിക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ വരുന്ന പ്രദേശത്ത് ഡ്രോണ്‍ പറത്തരുതെന്നാണു നിയമം. ഇതു ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തക്കതായ കുറ്റവുമാണ്.
ഡ്രോണുകള്‍ അഥവാ Unmanned Aerial Vehicles -നെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഏറി വരികയാണ്. ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശൈവദിശയിലോ ചില രാജ്യങ്ങളില്‍ ഒന്നുമില്ലാത്ത അവസ്ഥയോ നിലനില്‍ക്കുന്നതുമാണ് ഇതിനുള്ള കാരണം. അതേസമയം, പ്രകൃതി ദുരന്തം സംഭവിക്കുമ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചു ചിത്രങ്ങളെടുക്കാനും അടിയന്തര സഹായമെത്തിക്കാനും സാധിക്കാറുണ്ടെന്നതും ഡ്രോണുകളുടെ ഗുണകരമായ വശങ്ങളാണ്. എന്നാല്‍ ഡ്രോണുകളുടെ ദുരുപയോഗം വര്‍ധിച്ചു വരുന്നത് അധികൃതരെ ആശങ്കപ്പെടുത്തുകയാണ്. ചില രാജ്യങ്ങള്‍ ടെക്‌നോളജി ഉപയോഗിച്ചു ഡ്രോണുകളുടെ ദുരുപയോഗം തടയുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ ഡ്രോണുകളുടെ ദുരുപയോഗത്തെ നിയന്ത്രിക്കാന്‍ കഴുകനെ പരിശീലിപ്പിച്ചെടുത്തിരിക്കുകയാണ്. കാഴ്ച ശക്തിയിലുള്ള കൃത്യതയാണു ഡ്രോണുകളെ നിയന്ത്രിക്കാനായി കഴുകനെ തെരഞ്ഞെടുക്കാന്‍ നെതര്‍ലാന്‍ഡ്‌സിലെ അധികൃതരെ പ്രേരിപ്പിച്ചത്. ഗാര്‍ഡ് ഫ്രം എബൗവ് (Guard From Above) എന്ന ഹേഗ് ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ച് ഡച്ച് നാഷണല്‍ പൊലീസ് കഴുകന്മാരെ പരിശീലിപ്പിച്ചെടുത്തിരിക്കുകയാണ്. കുഴപ്പം സൃഷ്ടിക്കുന്ന ഡ്രോണുകളെ നിയന്ത്രിക്കാന്‍ ജപ്പാന്‍, കുരുക്കാന്‍ സാധിക്കുന്ന വലകളുള്ള ക്വാഡ്‌കോപ്റ്ററുകളെയാണു (quadcopters) വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള നിയന്ത്രണങ്ങള്‍

ഡ്രോണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തും ഓരോ നിയമങ്ങളും നിയന്ത്രണങ്ങളുമാണുള്ളത്. യുകെയില്‍ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ ചുറ്റുമുള്ള വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ പറപ്പിക്കുന്നത് നിയമവിരുദ്ധമാണ്. 250 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിബന്ധനയുണ്ട്.
യുഎസിലാകട്ടെ, എയര്‍പോര്‍ട്ടിന് എട്ട് കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശത്താണു ഡ്രോണ്‍ പറപ്പിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ ആ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കേണ്ടതാണ്. എല്ലാ ഡ്രോണുകളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.
കാനഡയിലാകട്ടെ, എയര്‍പോര്‍ട്ടിനും, സീ പ്ലെയ്ന്‍ ബേസിനും 5.6 കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണ്‍ പറപ്പിക്കരുതെന്നു നിയമമുണ്ട്. ജര്‍മനിയിലും, സ്‌പെയ്‌നിലും സമാനമായ നിയമമുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കാര്‍ക്കശ്യം നിറഞ്ഞ നിയമമുള്ളത്. അവിടെ എയര്‍പോര്‍ട്ട്, ഹെലിപാഡ്, എയര്‍സ്ട്രിപ്പ് എന്നിവയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശത്ത് ഡ്രോണ്‍ പറപ്പിക്കരുതെന്നാണു നിയമം. മാത്രവുമല്ല പകല്‍ സമയങ്ങളില്‍ മാത്രമാണു ഡ്രോണ്‍ പറപ്പിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നതും.

റഡാറും ജാമ്മിംഗ് സംവിധാനങ്ങളും

കുഴപ്പം സൃഷ്ടിക്കുന്ന ഡ്രോണുകളെ കാമറ, റഡാര്‍, റേഡിയോ ഫ്രീക്വന്‍സി സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ചാണു പൊതുവേ കണ്ടെത്താറുള്ളത്. ഈ സംവിധാനങ്ങള്‍ ഇനി മുതല്‍ വിമാനത്താവളങ്ങളിലും സജ്ജീകരിക്കാന്‍ നിര്‍ബന്ധിതമാകും. ഈ സംവിധാനങ്ങളുപയോഗിച്ചു ഡ്രോണും അതിനെ നിയന്ത്രിക്കുന്ന ഓപറേറ്ററും തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്താന്‍ അഥവാ ജാം ചെയ്യാന്‍ സാധിച്ചാല്‍, എവിടെ നിന്നാണോ വന്നത് അവിടേയ്ക്കു തന്നെ ഡ്രോണിനെ തിരിച്ചുവിടാനുമാകും. ഈ രീതി ക്വാണ്ടം ഏവിയേഷന്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. 2012-ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സ് മത്സരങ്ങള്‍ക്കു ഭീഷണിയായി ഏതെങ്കിലും ഡ്രോണ്‍ മാറുകയാണെങ്കില്‍ അത്തരം സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണു ക്വാണ്ടം ഏവിയേഷന്‍ സംവിധാനം വികസിപ്പിച്ചത്. ഭീഷണിയായി മാറുന്ന ഡ്രോണുകളെ നിര്‍ജ്ജീവമാക്കാന്‍ കഴിയുന്ന സിഗ്നല്‍ ജാമിംഗ് ഗണ്‍ എന്നൊരു ഉപകരണം ചൈനയും വികസിപ്പിച്ചിരുന്നു.

Comments

comments

Categories: FK News, Slider
Tags: Drones