ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധന പ്രതീക്ഷിച്ച് ഗള്‍ഫ്

ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധന പ്രതീക്ഷിച്ച് ഗള്‍ഫ്

2022 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണം 2.9 ദശലക്ഷത്തിലേക്ക് എത്തും

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് വന്‍ വര്‍ധന. 2022 ആകുമ്പോഴേക്കും ഗള്‍ഫ് ആസ്വദിക്കാനായി കമ്യൂണിസ്റ്റ് രാജ്യത്ത് നിന്നും എത്തുന്നവരുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പുതിയ പഠനം പറുന്നത്. 2018ലെ 1.6 ദശലക്ഷത്തില്‍ നിന്ന് 2022ല്‍ 2.9 ദശലക്ഷത്തിലേക്ക് ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടും.

2019ലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് മുന്നോടിയായി കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2030 ആകുമ്പോഴേക്കും ചൈനയില്‍ നിന്നും ലോകം ചുറ്റിക്കാണാന്‍ ഇറങ്ങുന്നവരുടെ എണ്ണം 400 മില്ല്യണ്‍ ആകുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ഇത് 154 മില്ല്യണ്‍ ആണ്.

അടുത്തിടെയായി ജിസിസി രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം ശക്തിപ്പെട്ട് വരുന്നുണ്ട്. ചൈനയും ഗള്‍ഫിലെ പ്രധാനരാജ്യമായ യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളും മികച്ച രീതിയിലാണ് അടുത്തിടെ മുന്നോട്ടുപോകുന്നത്.

2016നെ അപേക്ഷിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ 2017ല്‍ 15.1 ശതമാനം വര്‍ധനയുണ്ടായതായി സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. യുഎഇയും ചൈനയും തമ്മിലുളഅള എണ്ണ ഇതര മേഖലകളിലെ വ്യാപാരം 195.8 ബില്ല്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നു. 2016ല്‍ ഇത് 169 ബില്ല്യണ്‍ ദിര്‍ഹമായിരുന്നു.

യുഎഇയുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ 14.7 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുമായുള്ള വ്യാപാരമാണ്. 2017ല്‍ യുഎഇയുടെ മൊത്തം വിദേശ വ്യാപാര മൂല്യം 1.7 ട്രില്ല്യണ്‍ ദിര്‍ഹമായിരുന്നു. 2018ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെല്‍റ്റ് ആന്‍ഡ് റോഡ് ഉച്ചകോടി, ചൈന അറബ് സ്‌റ്റേറ്റ്‌സ് എക്‌സ്‌പോ തുടങ്ങിയ ചൈനീസ് പരിപാടികളില്‍ യുഎഇ സജീവ പങ്കാളിത്തമാണ് നടത്തിയത്. 2017ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ യുഎഇയും ചൈനയും തമ്മിലുള്ള വ്യാപാരം 35 ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടിരുന്നു.

യുഎഇയിലെ വികസന പദ്ധതികളില്‍ ചൈനീസ് കമ്പനികളുടെ പങ്കാളിത്തം കൂടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഖലീഫ തുറമുഖത്തില്‍ പുതിയ കണ്ടെയനര്‍ ടെര്‍മിനല്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ചൈനീസ് കമ്പനി സോസ്‌കോയുടെ നീക്കമെല്ലാം ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. യുഎഇയിലെ വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ചൈനീസ് കമ്പനികള്‍ വ്യാപകമായി ശ്രമിച്ചുവരുന്നത്.

യുഎഇയുടെ വികസനത്തില്‍ ചൈനീസ് നിക്ഷേപകര്‍ വലിയ പങ്കുവഹിക്കുമെന്ന് ദുബായിലെ ചൈനീസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ലീ ജിന്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്ത ചൈനീസ് വ്യാപാരികളുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായിരുന്നു. ഇത്തവണയും അത് തുടരുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia
Tags: travellers