ഭാരതി ഇന്‍ഫ്രാടെലിലെ 32% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എയര്‍ടെല്‍

ഭാരതി ഇന്‍ഫ്രാടെലിലെ 32% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എയര്‍ടെല്‍

ഓഹരി വില്‍പ്പന വഴി ഏകദേശം 15,450 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ടെലിന് സമാഹരിക്കാനാകുക

കൊല്‍ക്കത്ത: ഭാരതി ഇന്‍ഫ്രാടെലിലെ 32 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. നിലവില്‍ 50.33 ശതമാനം ഓഹരികളാണ് എയര്‍ടെലിന് ഇന്‍ഫ്രാടെലിലുള്ളത്. ഓഹരി വില്‍പ്പനയോടെ ഇത് 18.33 ശതമാനമായി ചുരുങ്ങും. ഇന്ത്യന്‍ വിപണിയില്‍ 4ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനും റിലയന്‍സ് ജിയോയെ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ എതിരിടുന്നതിനുമാണ് എയര്‍ടെല്‍ ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത്.

നിക്ഷേപം സമാഹരണത്തിനുള്ള മറ്റ് സാധ്യതകള്‍ കണ്ടെത്തുന്നതിന് ഒരു സമിതിയും എയര്‍ടെല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ സിഎഫ്ഒ ആയി ബാദല്‍ ബാഗ്രിയെ നിയമിക്കുകയും ചെയ്തു. മുന്‍ സിഎഫ്ഒ നിലഞ്ജന്‍ റോയ് രാജിവെച്ചതിനെ തുടര്‍ന്നാണ് ബാദല്‍ ബാഗ്രിയുടെ നിയമനം.

ടവര്‍ സംരംഭത്തില്‍ തങ്ങള്‍ക്കുള്ള 32 ശതമാനം ഓഹരികള്‍ വിറ്റൊഴിയുന്നതിലൂടെ ഏകദേശം 15,450 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ടെലിന് സമാഹരിക്കാനാകുക. ഇന്‍ഫ്രാടെലിലെ 591.87 (32%) ഓഹരികള്‍ നെറ്റില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന് വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് ഉന്നതതലസമിതി അനുമതി നല്‍കിയിട്ടുണ്ടെന്ന് എയര്‍ടെല്‍ റെഗുലേറ്ററി രേഖയില്‍ അറിയിച്ചു. ഭാരതി എയര്‍ടെലിന്റെ അനുബന്ധ സംരംഭമാണ് നെറ്റില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്.

കഴിഞ്ഞ 21 മാസങ്ങളായി ടവര്‍ യൂണിറ്റില്‍ തങ്ങള്‍ക്കുള്ള ഓഹരികള്‍ കുറച്ചുകൊണ്ട് ഭാരതി എയര്‍ടെല്‍ നിക്ഷേപം സമാഹരിക്കുന്നുണ്ട്. കടബാധ്യത കുറയ്ക്കുന്നതിനും 4ജി ശൃംഖല വിപുലീകരിക്കുന്നതിനും ജിയോയുമായുള്ള മത്സരം ശക്തമാക്കുന്നതിനുമായാണ് ഈ നിക്ഷേപം കമ്പനി വിനിയോഗിക്കുന്നത്. ഓഹരി വില്‍പ്പനകളിലൂടെ ഇതിനകം 12,000 കോടി രൂപയിലധികം നിക്ഷേപം കമ്പനി സമാഹരിച്ചിട്ടുണ്ട്. 4ജി വിപുലീകരണ പദ്ധതികള്‍ക്കായി ഇന്‍ഫ്രാടെലിലെ ഭൂരിപക്ഷ ഓഹരികള്‍ വിറ്റൊഴിയുമെന്ന് എയര്‍ടെല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Business & Economy