മാറേണ്ടത് ഉദ്യോഗസ്ഥരുടെ മനോഭാവം: അലോക് രഞ്ജന്‍

മാറേണ്ടത് ഉദ്യോഗസ്ഥരുടെ മനോഭാവം: അലോക് രഞ്ജന്‍

അധികാര ശ്രേണിയുടെ താഴെ തട്ടിലും മധ്യതലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തക്കുറവ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് തിരിച്ചടിയാവുന്നു

ന്യൂഡെല്‍ഹി: ലോകബാങ്കിന്റെ വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിര്‍ണായക നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഇപ്പോഴും വ്യവസായങ്ങളെ പിന്നോട്ടടിപ്പിക്കുന്ന നിരവധി തടസ മേഖലകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നെന്ന് മുന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍. അധികാര ശ്രേണിയുടെ താഴെ തട്ടിലും മധ്യതലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തക്കുറവ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഉണ്ടെന്നും യഥാര്‍ത്ഥ ഫലം നേടിയെടുക്കണമെങ്കില്‍ മാറ്റം വരേണ്ടത് അവരുടെ മനോഭാവത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ എഴുപത്തേഴാം റാങ്കിലേക്ക് ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണവും കഠിനാധ്വാനവുമുണ്ടെന്ന് അലോക് രഞ്ജന്‍ ചൂണ്ടിക്കാട്ടി. പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷനും (ഡിഐപിപി) മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും നേട്ടത്തിന്റെ ക്രെഡിറ്റെടുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഐഐഎം ലഖ്‌നൗ, ജയ്പൂരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ലഖ്‌നൗ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. പര്യാപ്തമായ ഒരു നയ പരിതസ്ഥിതി ഉണ്ടെങ്കിലും ചില ദുര്‍ബലമായ മേഖലകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി, ഭൂമി രജിസ്‌ട്രേഷന്‍, നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇടപാടുകളിലെ സുതാര്യത തുടങ്ങിയ വിഭാഗങ്ങളില്‍ യഥാര്‍ത്ഥ പരിതസ്ഥിതി ബുദ്ധിമുട്ടേറിയതാണെന്ന് പഠനം വ്യക്തമാക്കുന്നു, ” രഞ്ജന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ അനുമതികളും പൊതുവായ അപേക്ഷാ ഫോറങ്ങളുമുണ്ടെങ്കിലും ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാന്‍ നിക്ഷേപകര്‍ ഇപ്പോഴും നിര്‍ബന്ധിതരാകുന്നുണ്ട്. തങ്ങളുടെ അധികാരവും ആധിപത്യവും നഷ്ടപ്പെടുമെന്നു ചിന്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനസ്ഥിതിയില്‍ മാറ്റം വരണം. കര്‍ക്കശമായ പരിശീലന പരിപാടികളിലൂടെ ഈ മനസ്ഥിതിയില്‍ മാറ്റം വരുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News, Slider
Tags: Alok Ranjan