വിക്രമസിംഗെയുടെ വിജയം ഇന്ത്യയുടെയും നേട്ടം

വിക്രമസിംഗെയുടെ വിജയം ഇന്ത്യയുടെയും നേട്ടം

2019 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്റും ചൈനീസ് പക്ഷപാതിയുമായ മഹീന്ദ രജപക്ഷെയും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധി ശുഭപര്യവസായിയായി കെട്ടടങ്ങുകയാണ്. ഇന്ത്യയുടെ അഭീഷ്ടം പോലെ കോടതിവിധിയുടെയും ഭരണഘടനയുടെയും പിന്‍ബലത്തില്‍, അന്യായമായി പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയിരിക്കുന്നു. സിരിസേനയുടെയും രജപക്ഷെയുടെയും പിന്നില്‍ ആളും അര്‍ഥവും ഇറക്കിക്കളിച്ച ചൈനയുടെ തന്ത്രങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണിത്. മാലിദ്വീപിന് പിന്നാലെ ശ്രീലങ്കയിലും നിര്‍ണായക നയതന്ത്ര വിജയവും മേല്‍ക്കൈയും നേടാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുന്നു.

 

”ജനാധിപത്യത്തിന്റെയും ഭരണഘടനയുടേയും വിജയം,” എന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റെനില്‍ വിക്രമസിംഗെയുടെ ആദ്യ പ്രതികരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണീര്‍ത്തുള്ളി പോലെ കിടക്കുന്ന ശ്രീലങ്കയുടെ കണ്ണീരൊപ്പിക്കൊണ്ടാണ് കോടതി ഉത്തരവിലൂടെയുള്ള റെനിലിന്റെ തിരിച്ചു വരവ്.

51 ദിവസത്തെ രാഷ്ട്രീയ പൊറാട്ട് നാടകത്തിനു കൂടിയാണ് ഡിസംബര്‍ 15 ന് ശ്രീലങ്കയില്‍ തിരശീല വീണത്. ഒക്‌റ്റോബര്‍ 26 ന് ഒരു വെളിപാടെന്ന പോലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന ഒരു കാലത്ത് തന്റെ നേതാവും പിന്നീട് ശത്രുവുമായി തീര്‍ന്ന മഹീന്ദ രജപക്ഷെയെ പ്രധാനമന്ത്രിയായി വാഴിച്ചത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടായിരുന്ന റെനിലിനെ അഴിമതിക്കുറ്റം ആരോപിച്ചാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സിരിസേന താഴെയിറക്കിയത്. 225 അംഗ പാര്‍ലമെന്റില്‍ മുഴുവന്‍ പേരും റെനിലിനെ അനുകൂലിച്ചാലും താന്‍ പിന്നോട്ടില്ലെന്ന നിലപാടെടുത്ത സിരിസേനയ്ക്ക് ഒടുവില്‍ സുപ്രീംകോടതി വിധിക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. പാര്‍ലമെന്റ് നാലര വര്‍ഷം കാലാവധി പിന്നിട്ടാല്‍ മാത്രമേ പ്രസിഡന്റിന് പോലും സഭ പിരിച്ചുവിടാന്‍ പറ്റുകയുള്ളെന്ന നിയമമാണ് സിരിസേന അട്ടിമറിച്ചതും കോടതി പുനസ്ഥാപിച്ചതും. ഒരു കോടി 55 ലക്ഷം വോട്ടര്‍മാരാണ് തനിക്ക് പ്രധാനമെന്നും 122 പാര്‍ലമെന്റ് അംഗങ്ങളല്ലെന്നും പറഞ്ഞ് തടിതപ്പാന്‍ സിരിസേന നടത്തിയ ശ്രമങ്ങളും തുടര്‍ച്ചയായ കോടതി വിധികള്‍ക്ക് മുന്‍പില്‍ അപ്രസക്തമായി.

69 കാരനായ റെനില്‍ അഞ്ചാം തവണയാണ് സിംഹള രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. 1948 ഫെബ്രുവരി നാലിന് സ്വാതന്ത്ര്യം നേടിയ സിലോണ്‍ 1972ലാണ് ശ്രീലങ്ക എന്ന പേരില്‍ റിപ്പബ്ലിക്കായി മാറിയത്. ലോക ജനാധിപത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ രാഷ്ട്രമാണ് സിലോണ്‍. 1960 ജൂലൈ 21 ന് സിരിമാവോ ബണ്ഡാരനായകെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ മറികടന്നത് നിരവധി റെക്കോഡുകളാണ്. ലോകത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായ ആദ്യ വനിതയായിരുന്നു അവര്‍. പിന്നീട് 1996-2000 കാലഘട്ടത്തില്‍ സിരിമാവോ പ്രധാനമന്ത്രിയും മകള്‍ ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റുമായപ്പോള്‍ പിന്നെയും റെക്കോഡ്. മകളും അമ്മയും ഒരേ കാലഘട്ടത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമാകുന്ന ആദ്യ ജനാധിപത്യ രാഷ്ട്രമായി ശ്രീലങ്ക.

മാര്‍ഗരറ്റ് താച്ചര്‍ എന്ന വനിതയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതും സിരിമാവോയ്ക്ക് ശേഷം. ലോകത്തെ ഏറ്റവും പഴയതും കരുത്തുറ്റതുമായ ജനാധിപത്യ രാഷ്ട്രമായ അമേരിക്കയ്ക്ക് രണ്ടര നൂറ്റാണ്ടിനിടയില്‍ ഒറ്റ വനിതാ പ്രസിഡന്റും ഉണ്ടായിട്ടില്ല എന്നത് പരിഗണിക്കുമ്പോള്‍ ശ്രീലങ്കയിലെ ജനാധിപത്യത്തിന്റെ മഹത്വം നമുക്ക് കൂടുതല്‍ മനസിലാകും.

ഇത്തരമൊരു രാജ്യത്താണ് ഒരേസമയം രണ്ട് പ്രധാനമന്ത്രിമാര്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ച് സിരിസേന അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ കൊഞ്ഞനം കുത്തിയത്. മഹീന്ദ രജപക്ഷെ എന്ന പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തിറക്കാന്‍ റെനിലിന് ക്വോ വാറന്റോ എന്ന റിട്ട് ഹര്‍ജിയാണ് സഹായകമായത്. പദവിയില്‍ ഇരിക്കാന്‍ എന്ത് യോഗ്യത? എന്നാണ് ക്വോ വാറന്റോ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം. കാരു ജയസൂര്യ എന്ന അസംബ്ലി സ്പീക്കറും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തമിഴ്‌വംശജരുടെ ടിഎന്‍എ മുന്നണിയും ഇടതുപക്ഷ പാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയും (ജെവിപി) എന്തിനേറെ, സിരിസേനയുടെ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ (എസ്എല്‍എഫ്പി) ഏതാനും അംഗങ്ങളും റെനിലിനെ പിന്തുണച്ചതോടു കൂടിയാണ് അവിശ്വാസത്തെ അതിജീവിക്കാനാകാതെ, കരുത്തനായ രജപക്ഷെക്ക് പടിയിറങ്ങേണ്ടി വന്നത്.

ഇന്ത്യയും ചൈനയും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന അയല്‍ക്കാരനാണ് ശ്രീലങ്ക. റെനില്‍ എന്നും ഒരു ഇന്ത്യാ പക്ഷപാതിയായിരുന്നു. രജപക്ഷെയാകട്ടെ ചൈന അനുകൂലിയും. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ശ്രീലങ്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നതായിരുന്നു ഇതിനിടെ നേരിട്ട ഏറ്റവും വലിയ വിമര്‍ശനം. ഒന്‍പത് വര്‍ഷം ശ്രീലങ്കയെ നയിച്ച ആഭ്യന്തര സംഘര്‍ഷം മൂന്നാം ഈഴ യുദ്ധത്തിലൂടെ 2009 ഏപ്രിലില്‍ അവസാനിപ്പിച്ച മഹീന്ദയാകട്ടെ ചൈനയുടെ തൊഴുത്തില്‍ ശ്രീലങ്കയെ കൊണ്ട് കെട്ടുകയാണ് ചെയ്തത്.

ചൈനയാകട്ടെ മഹീന്ദയുടെ സ്വന്തം തട്ടകമായ ഹമ്പന്‍ടോട്ടയില്‍ തുറമുഖം വികസിപ്പിച്ച് അവരെ സാമ്പത്തിക കെണിയില്‍ (Debt trap diplomacy) പെടുത്തിയിരിക്കുകയാണ്. ശ്രീലങ്ക ഇപ്പോള്‍ ചൈനീസ് കടം തിരിച്ചടയ്ക്കാനാവാതെ ഉഴലുകയാണ്. ചൈനയുടെ കൂടെ സഹായത്തോടെ നടന്ന ജനാധിപത്യ കൂട്ടക്കുരുതിയാണ് ജനങ്ങളും കോടതിയും ചേര്‍ന്ന് പരാജയപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ മാത്രമല്ല (യുഎന്‍പി) ഇന്ത്യയുടെയും കൂടി വിജയമാണ് റെനില്‍ എന്ന പ്രധാനമന്ത്രി.

Comments

comments

Categories: FK Special, Slider
Tags: Vikramasinge