ഓഹരി വിപണിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട് ട്വിറ്റര്‍

ഓഹരി വിപണിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റെയിനാണ്’ ട്വിറ്ററെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനായ ആന്‍ഡ്രൂ ലെഫ്റ്റ് വിശേഷിപ്പിച്ചതോടെയാണ് കമ്പനിക്ക് ഓഹരി വിപണിയില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ടത്. നിന്ന നില്‍പ്പില്‍ 12 പോയിന്റ് ഇടിവുണ്ടായെന്നാണ് ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാള്‍സ്ട്രീറ്റ് ജേണലിലെ ബിസിനസ് അനലിസ്റ്റ് കൂടിയായ ആന്‍ഡ്രൂ തന്റെ സ്വന്തം സ്ഥാപനമായ സിട്രന്‍ റിസര്‍ച്ചിലെ നിക്ഷേപകര്‍ക്ക് അയച്ച കത്തിലാണ് ഈ വാചകം ഉപയോഗിച്ചത്. 20 ഡോളര്‍ മാത്രമേ ട്വിറ്ററിന്റെ ഓഹരിക്ക് വിലയിടൂവെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും മോശം പെരുമാറ്റം നേരിടേണ്ടി വരുന്നത് ട്വിറ്ററില്‍ നിന്നാണ് എന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അടുത്ത തിരിച്ചടിയും ഉണ്ടായത്.

നിറത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററില്‍ അത്ര സുഖകരമല്ലാത്ത പെരുമാറ്റം നേരിടേണ്ടി വരുന്നുവെന്നാണ് ആംനസ്റ്റി പറയുന്നത്. ഓരോ 30 സെക്കന്റിലും അപകീര്‍ത്തികരമായതോ കുഴപ്പം പിടിച്ചതോ ആയ ട്വീറ്റുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കാറുണ്ട്. ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് മറ്റുള്ള സ്ത്രീകളെക്കാള്‍ ഇത്തരം സന്ദേശങ്ങള്‍ കൂടുതലായി ലഭിക്കാറുള്ളതെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ആന്‍ഡ്രൂവിന്റെ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നൂവെന്നും ഉപയോക്താവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് പോളിസിയുണ്ടെന്നും ഇത് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: twitter