ടയറിനും സിമന്റിനും വില കുറഞ്ഞേക്കും

ടയറിനും സിമന്റിനും വില കുറഞ്ഞേക്കും

നാളെയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്നത്

ന്യൂഡെല്‍ഹി: നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ടയറിനും, സിമന്റിനും നികുതി നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഓട്ടോമൊബീല്‍, നിര്‍മാണ വ്യവസായങ്ങള്‍. ഈ പ്രതീക്ഷ ഇന്നലെ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരത്തിനിടെ 7 ശതമാനത്തിനു മുകളില്‍ ഉയര്‍ച്ച ടയര്‍ കമ്പനികളുടെ ഓഹരികള്‍ പ്രകടമാക്കി.
ടയറുകളുടെയും സിമന്റിന്റെയും നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങളില്‍ 99 ശതമാനത്തെയും 18 ശതമാനത്തിലേക്കോ അതില്‍ താഴെയുളള നികുതി സ്ലാബിലേക്കോ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 35 ഉല്‍പ്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജെ കെ ടയേര്‍സ് ആണ് ടയര്‍ കമ്പനികളില്‍ ഇന്നലെ ഏറ്റവുമധികം നേട്ടം ഓഹരി വിപണിയില്‍ സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരികള്‍ 6.07 ശതമാനം ഉയര്‍ന്ന് 109.30 രൂപയ്ക്കാണ് സെന്‍സെക്‌സില്‍ വ്യാപാരം അവസാനിപ്പിച്ചത്.

സിമന്റിന്റെ ജിഎസ്ടി കുറയ്ക്കുന്നത് വാര്‍ഷികാടിസ്ഥാനത്തില്‍ 20,000 കോടി രൂപയുടെ നികുതിയിടിവിന് കാരണമായേക്കാം. എന്നാല്‍ നിലവില്‍ നികുതി ചോര്‍ച്ച സംഭവിക്കുന്ന ഒരു പ്രധാന മേഖലയാണ് ഇതെന്നും നിരക്ക് കുറയ്ക്കുന്നത് കൂടുതല്‍ പേര്‍ നികുതി വെട്ടിപ്പില്ലാതെ സിമന്റ് വാങ്ങിക്കുന്നതിന് പ്രേരണയാകുമെന്നും ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസങ്ങളില്‍ 7.76 ലക്ഷം കോടി രൂപയുടെ ജിഎസ്ടി സമാഹരണമാണ് നടന്നിട്ടുള്ളത്. 2018-19ല്‍ 13.48 ലക്ഷം കോടിയുടെ ജിഎസ്ടി സമാഹരണാണ് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള ലക്ഷ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് കൈവരിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന്റെ പ്രത്യാഘാതം വരുന്ന മാസങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ പ്രകടമാകും.

Comments

comments

Categories: FK News
Tags: cement, Tire