ഇന്ത്യയില്‍ അഞ്ച് ലക്ഷം വില്‍പ്പന താണ്ടി റെനോ

ഇന്ത്യയില്‍ അഞ്ച് ലക്ഷം വില്‍പ്പന താണ്ടി റെനോ

ഇന്ത്യയില്‍ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിച്ച കാര്‍ നിര്‍മ്മാതാക്കളിലൊന്നാണ് റെനോ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റതായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അറിയിച്ചു. ഇന്ത്യയില്‍ ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിച്ച കാര്‍ നിര്‍മ്മാതാക്കളിലൊന്നാണ് റെനോ. അഞ്ച് ലക്ഷം കാറുകളില്‍ 2.75 ലക്ഷത്തിലധികം യൂണിറ്റ് വിറ്റുപോയത് ക്വിഡ് മോഡലാണ്. അഞ്ച് ലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് ഇത്രവേഗം താണ്ടുന്നതിന് വലിയ പങ്ക് വഹിച്ചുവെന്ന് റെനോ ക്വിഡിന് അഭിമാനിക്കാം. റെനോ ‘ഇന്ത്യാ സ്ട്രാറ്റജി’ പിന്തുടര്‍ന്നതാണ് ചുരുങ്ങിയ കാലയളവില്‍ ഈ അഭിമാന നേട്ടത്തിന് കാരണമായത്.

2010 ലാണ് ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മഹീന്ദ്രയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയായിരുന്നു. ലോഗന്‍ സെഡാനാണ് ആദ്യമായി വിപണിയിലെത്തിച്ചത്. എന്നാല്‍ റെനോ സ്വന്തമായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ആദ്യ കാര്‍ ഫഌവന്‍സ് സെഡാനാണ്. നിലവില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി, കാപ്ചര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യ വില്‍ക്കുന്നത്. ഇവയില്‍ ആദ്യ രണ്ട് മോഡലുകള്‍ വലിയ തോതില്‍ വിറ്റുപോകുന്നു.

മാനുഫാക്ച്ചറിംഗ് ഫസിലിറ്റി, ലോകോത്തര ടെക്‌നോളജി സെന്റര്‍ എന്നിവ കൂടാതെ ഇന്ത്യയില്‍ രണ്ട് ഡിസൈന്‍ സെന്ററുകളുള്ള ഒരേയൊരു ഗ്ലോബല്‍ ബ്രാന്‍ഡാണ് തങ്ങളെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ & എംഡി സുമിത് സ്വാഹ്നി പറഞ്ഞു. ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ റെനോ. നിലവില്‍ രാജ്യത്തെ 350 ലധികം കേന്ദ്രങ്ങളിലാണ് സാന്നിധ്യമറിയിച്ചിട്ടുള്ളത്.

അഞ്ച് ലക്ഷം വില്‍പ്പന ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്വിഡ് മോഡലിന് പരിമിത കാലത്തേക്ക് 3.99 ശതമാനം പലിശ നിരക്കില്‍ പ്രത്യേക ഫിനാന്‍സ് സൗകര്യം പ്രഖ്യാപിച്ചു. മാത്രമല്ല, ഡസ്റ്ററിന്റെ ആര്‍എക്‌സ്എസ്-പെട്രോള്‍, ആര്‍എക്‌സ്എസ് എഎംടി-ഡീസല്‍ എന്നീ രണ്ട് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി.

Comments

comments

Categories: Auto
Tags: Renault