2019 ഡിസംബറോടെ ബിഎസ് 4 മോഡലുകള്‍ നിര്‍ത്തുമെന്ന് മാരുതി സുസുകി

2019 ഡിസംബറോടെ ബിഎസ് 4 മോഡലുകള്‍ നിര്‍ത്തുമെന്ന് മാരുതി സുസുകി

2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് 6 പ്രാബല്യത്തില്‍ വരും[/blockquote]

ന്യൂഡെല്‍ഹി : 2019 ഡിസംബറോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാരുതി സുസുകിയുടെ തീരുമാനം. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് 2020 ഏപ്രില്‍ ഒന്നിനാണ്. 2019 ഡിസംബറോടെ ബിഎസ് 4 വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ മാധ്യമങ്ങളെ അറിയിച്ചു.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രം 2019 ഡിസംബറിനുശേഷം ചില ബിഎസ് 4 വാഹനങ്ങള്‍ ലഭ്യമാക്കിയേക്കാമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതായി വരുമെന്ന് ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നന്നേ കുറയാനാണ് സാധ്യതയെന്ന് ഭാര്‍ഗവ നിരീക്ഷിച്ചു. ബിഎസ് 6 പെട്രോള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കൂടുതലായിരിക്കുമെന്നതാണ് കാരണം. രണ്ടര ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം കാണുമെന്ന് ആര്‍സി ഭാര്‍ഗവ പറഞ്ഞു.

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ വാഹന വ്യവസായം പൂര്‍ണ്ണമായും ബിഎസ് 6 അനുസൃത വാഹനങ്ങള്‍ മാത്രം നിര്‍മ്മിക്കുന്ന തരത്തിലേക്ക് മാറും. ബിഎസ് 4 ല്‍നിന്ന് നേരിട്ട് ബിഎസ് 6 ലേക്ക് കടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ബിഎസ് 5 ഒഴിവാക്കിയാണ് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 നടപ്പാക്കുന്നത്.

Comments

comments

Categories: Auto