മഹീന്ദ്രയുടെ 1900 കോടി രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം

മഹീന്ദ്രയുടെ 1900 കോടി രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം

ന്യൂഡെല്‍ഹി: മഹിന്ദ്ര ഗ്രൂപ്പ് 1900 കോടി രൂപയുടെ മുതല്‍ മുടക്കില്‍ സിനിമാ കേന്ദ്രീകൃതമായി ഒരുക്കുന്ന വിനോദ കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബോളിവുഡ് തീമില്‍ 82,950.5 ചതുരശ്ര മീറ്ററിലാണ് സബ് അര്‍ബന്‍ പ്രദേശമായ കന്ദിവാലിയില്‍ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ ഒരു ഉന്നതതല സര്‍ക്കാര്‍ സമിതി ഈ പദ്ധതിക്ക് അള്‍ട്രാ മെഗാ പ്രൊജക്റ്റ് എന്ന പദവി നല്‍കിയിരുന്നു.

2016ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവതരിപ്പിച്ച സംസ്ഥാന ടൂറിസം നയപ്രകാരം 500 കോടിയിലേറേ നിക്ഷേപവും 750 ലേറേ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതികളെയാണ് അള്‍ട്രാ മെഗാ പ്രൊജക്റ്റുകളായി കണക്കാക്കുന്നത്. 84 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് നിബന്ധനയുമുണ്ട്.

നേരത്തേ ഫെബ്രുവരിയില്‍ നടന്ന മാഗ്നെറ്റിക് മഹാരാഷ്ട്ര നിക്ഷേപ സംഗമത്തില്‍ പദ്ധതിയെ കുറിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര വിശദീകരിച്ചിരുന്നു. ഹിന്ദി സിനിമാ വ്യവസായത്തിന്റെ ഹൃദയഭൂമിയായ മുംബൈയ്ക്ക് സമീപം തന്നെ ഈ പാര്‍ക്ക് വരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ടൂറിസം മേഖലയില്‍ നിലവില്‍ മഹിന്ദ്ര ഹോളിഡേയ്‌സ് എന്ന പേരില്‍ ഒരു വിനോദയാത്രാ സേവന കമ്പനി മഹിന്ദ്രയ്ക്കുണ്ട്.

Comments

comments

Categories: Business & Economy
Tags: Mahindra

Related Articles