സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്: ഗുജറാത്ത് നമ്പര്‍ വണ്‍; കേരളം തൊട്ടു പിന്നില്‍

സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്: ഗുജറാത്ത് നമ്പര്‍ വണ്‍; കേരളം തൊട്ടു പിന്നില്‍

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷനാണ് (ഡിഐപിപി) പ്രഥമ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് പുറത്തിറക്കിയത്

ന്യൂഡെല്‍ഹി: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്ത്. കര്‍ണാടകക്കും ഒഡീഷക്കും രാജസ്ഥാനുമൊപ്പം കേരളവും സ്റ്റാര്‍ട്ടപ്പുകളുടെ റാംങ്കിംഗില്‍ രണ്ടാമതെത്തി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി) പുറത്തിറക്കിയ പ്രഥമ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിലാണ് മേഖലയുടെ ഏറ്റവും സ്വീകാര്യമായ സംസ്ഥാനമായി ഗുജറാത്ത് മുന്നിലെത്തിയത്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധരില്‍ നിന്നും കമ്പനികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുകയും ഏഴ് പ്രധാന പരിഷ്‌കാര മേഖലകള്‍ വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിലാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് തയാറാക്കിയത്. സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഡിഐപിപി അവസരം ഒരുക്കിയിരുന്നു. 27 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് റാങ്കിംഗിനായി എന്‍ടികള്‍ സമര്‍പ്പിച്ചത്.

എല്ലാ മേഖലകളിലും നൂറ് ശതമാനം പോയന്റുകള്‍ നേടിയാണ് മികച്ച സ്റ്റാര്‍ട്ടപ്പ് അനുകൂല പരിതസ്ഥിതിയുള്ള സംസ്ഥാനമെന്ന ഖ്യാതി ഗുജറാത്ത് നേടിയത്. കേരളത്തിനും കര്‍ണാടകക്കും ഒഡീഷക്കും രാജസ്ഥാനും 85 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു. മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളെന്ന റാങ്കിംഗാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. 70 ശതമാനം മുതല്‍ 85 ശതമാനം വരെ പോയന്റുകള്‍ നേടിയ ആന്ധ്ര പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മൂന്നാമതെത്തിയത്. 50 മുതല്‍ 70 ശതമാനം വരെ മാര്‍ക്കുകള്‍ നേടിയ ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നാലാം സ്ഥാനത്തുള്ളത്. ഡെല്‍ഹിയും തമിഴ്‌നാടും മഹാരാഷ്ട്രയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് 25 മുതല്‍ 50 ശതമാനം പോയന്റ് മാത്രമാണ് വിലയിരുത്തലില്‍ ലഭിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഏറ്റവും പ്രാരംഭ ദശയിലുള്ള സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതി നിലനില്‍ക്കുന്നത്. 25 ശതമാനത്തില്‍ താഴെ മാര്‍ക്കാണ് ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്.

2016 ജനുവരി 16 ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രകാരം ഇതുവരെ 801 പരിഷ്‌കാരങ്ങള്‍ സംസ്ഥാനങ്ങള്‍ ഇടപെട്ട് നടപ്പാക്കിയെന്ന് ഡിഐപിപി ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ 18 സംസ്ഥാനങ്ങള്‍ മാത്രമാണ് സ്റ്റാര്‍ട്ടപ്പ് കര്‍മ പദ്ധതി നടപ്പാക്കാന്‍ തയാറായിരുന്നത്. ഇപ്പോഴത് 27 സംസ്ഥാനങ്ങളിലേക്കും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഉയര്‍ന്നത് മികച്ച മുന്നേറ്റമാണ്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 484 ജില്ലകളില്‍, 14,000 സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഡിഐപിപി വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider