പിഎസ്ബികള്‍ക്ക് സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും

പിഎസ്ബികള്‍ക്ക് സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക മൂലധന സഹായം പ്രഖ്യാപിച്ചേക്കും. 41,000 കോടി രൂപയുടെ അധിക മൂലധനം നല്‍കുന്നതിനായി സര്‍ക്കാര്‍ പാര്‍ലമെന്ററി അനുമതി തേടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 65,000 കോടി രൂപയുടെ സഹായം നല്‍കാന്‍ പാര്‍ലമെന്ററി അനുമതി ലഭിച്ചിരുന്നു.

ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 1.35 ലക്ഷം കോടി രൂപയുടെ മൂലധന സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനേക്കാള്‍ അധികം തുക കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് കഴിഞ്ഞ ദിവസം സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞിരുന്നു.

ബോണ്ടുകളുടെ റീകാപ്പിറ്റലൈസേഷന്‍ വഴിയായിരിക്കും ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക സമാഹരിക്കുക. 2017 ഒക്‌റ്റോബറില്‍ 1.35 ലക്ഷം കോടി രൂപയുടെ മൂലധനം കണ്ടെത്തിയതും ബോണ്ട് റീകാപ്പിറ്റൈസേഷന്‍ വഴിയാണ്. ഈ നീക്കം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയില്‍ യാതൊരുവിധത്തിലുള്ള സ്വാധീനവും ചെലുത്തില്ലെന്നാണ് ഗാര്‍ഗ് പറയുന്നത്.

വിപണിയില്‍ നിന്നും മതിയായ മൂലധനം കണ്ടെത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് അധിക മൂലധന സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്. ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി, ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 2019 മാര്‍ച്ച് മാസത്തോടെ ഓഹരി വിപണികളില്‍ നിന്നും 58,000 കോടി രൂപ സമാഹരിക്കാന്‍ പിഎസ്ബികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍, വിപണി സാഹചര്യം മോശമായതിനാല്‍ മതിയായ തുക കണ്ടെത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നില്ല. ഇതിനുപുറമെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ പല ബാങ്കുകളുടെയും നിഷ്‌ക്രിയാസ്തികളിലുണ്ടായ വര്‍ധനയും മേഖലയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ബേസല്‍ 3യുടെ ഭാഗമായ സിസിബി (കാപിറ്റല്‍ കണ്‍സര്‍വേഷന്‍ ബഫര്‍) ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു കൊല്ലത്തേക്ക് കൂടി നീട്ടി നല്‍കിയത് ബാങ്കുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

നവംബര്‍ 19ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നേരത്തെ 2019 മാര്‍ച്ചിനകം കരുതല്‍ 0.625 വീതം കരുതല്‍ മൂലധനം സമാഹരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിന് ഒരു വര്‍ഷം നീട്ടി നല്‍കിയതോടെ 37,000 കോടി രൂപ ബാങ്കുകളുടെ കൈയ്യിലിരിക്കും. ഇത് വലിയ ആശ്വാസമാണ് ബാങ്കുകള്‍ നല്‍കിയത്.

Comments

comments

Categories: Banking